Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നുയിരിൽ വിടരും പനിമലരേ

Malare

മലരുപോലെ മനോഹരമായിരുന്നു 'മലരേ നിന്നെ കാണാതിരുന്നാൽ' എന്ന പ്രേമത്തിലെ ഗാനം. മനോഹരമായ വരികളാലും സംഗീതത്താലും പ്രേമത്തെ അതി മധുരമാക്കിയീ മലർ... പുതുതലമുറ ഗൂഗിളിലും, യൂട്യുബിലും, ഫെയ്സ്ബുക്കിലുമൊക്കെ ഇത്രയേറെ അന്വേഷിച്ച ഒരു ഗാനം അടുത്തെങ്ങും ഉണ്ടായിട്ടില്ല.

തെളിമാനം മഴവില്ലിൻ നിറമണിയും നേരം,

നിരമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ,

പുഴയോരം താഴുകുന്നീ തണുനീറൻ കാറ്റും,

പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ,

കുളിരേകും കനവിൽ നീ കതിരാടിയ കാലം,

മനതാരിൽ മധുമാസം തളിരാടിയ നേരം,

അകമരുകും മയിലിണകൾ തുയിലുണരും കാലം,

എൻ അകതാരിൽ അനുരാഗം പകരുന്ന യാമം,

അഴകേ ... അഴകിൽ തീർത്തൊരു ശിലയഴകേ,

മലരേ ... എന്നുയിരിൽ വിടരും പനിമലരേ ...

മലരേ നിന്നെ...

ഈ പനിമലരിനേ പ്രേക്ഷകർക്ക് നന്നേ ബോധിച്ചു. അടുത്ത കാലത്തൊന്നും ഇത്ര തരംഗമായ ഗാനമുണ്ടായിട്ടില്ല. മലരിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പുതുതലമുറയ്ക്ക് കേൾക്കാൻ ചില മലർ പാട്ടുകളിതാ.

മലർക്കൊടി പോലെ വർണ്ണത്തുടി പോലെ മയങ്ങൂ നീ എൻ മടിമേലെ...

1977 ൽ റിലീസായ വിഷുക്കണി എന്ന ചിത്രത്തിലെയാണ് ഈ മനോഹര താരാട്ട് പാട്ട്. എസ് ജാനകിയുടെ ശബ്ദമാധുര്യവും സലിൽ ചൗധരിയുടെ ഈണവും ശ്രീകുമാരൻ തമ്പിയുടെ വരികളും ഈ ഗാനത്തെ നിത്യഹരിതമാക്കി. എന്നും നമ്മെ തൊട്ട് തലോടി നിൽക്കുന്നതാണ് മലർക്കൊടിപോലെ എന്ന ഈ താരട്ടുപാട്ട്.

ee malar kanyakal....

ഈ മലർക്കന്യകൾ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ...

കമൽഹാസനും സെറീന വഹാബും അഭിനയിച്ച് 1978 ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന പ്രണയ ചിത്രത്തിലെ ഗാനമാണ് ഈ മലർക്കന്യകൾ... മലയാളിയുടെ പ്രിയ കവി ഒ എൻ വി കുറുപ്പിന്റ തൂലികയിൽ പിറന്ന ഗാനത്തിന് ഈണം പകർന്നത് സലിൽ ചൗധരിയാണ്. സലിൽ ചൗധരിയുടെ മാന്ത്രിക സംഗീതവും ജാനകി അമ്മയുടെ ആലാപനവും കൂടി ചേർന്നപ്പോൾ പ്രണയം തുളുമ്പുന്ന മനോഹര ഗാനമാണ് മലയാളിക്ക് ലഭിച്ചത്.

മലർ മാസം ഇതൾ കോർക്കും ഈ ഓമൽ പൂമേനിയിൽ...

സംഗീത് ശിവൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം നിർണയത്തിലേതാണീ ഗാനം. ഡബിൾ ട്രാക്കിങ് ടെക്നോളജി പ്രകാരം റിക്കോർഡ് ചെയ്ത ഗാനം അക്കാലത്തെ സൂപ്പർഹിറ്റായിരുന്നു. പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്ക് മറക്കാനാവാത്ത മനോഹരമായ ഗാനമായിരുന്നു മലർമാസം ഇതൾ കോർക്കും... നവമോഹനാളങ്ങൾ കോർത്തിണക്കി ഗിരീഷ് പുത്തഞ്ചേരി രചിച്ച് ആനന്ദ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്. മോഹൻലാൽ എന്ന നടന്റെ റൊമാന്റിക് പ്രകടനം കൂടി ചേർന്നപ്പോൾ ഗാനം അതീവ സുന്ദരമായി.

Malargale...

മലർകളേ മലർകളേ ഇതു എന്ന കനവാ

1996 ൽ പുറത്തിറങ്ങിയ ലൗ ബേർഡ്സ് എന്ന തമിഴ് ചിത്രത്തിലെതാണീ സൂപ്പർ ഹിറ്റ് ഗാനം. മനോഹരമായ ഈ പ്രണയ ഗാനം മലയാളികളുടെ സ്വന്തം ചിത്രയും, ഹരിഹരനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രഭു ദേവ നഗ്മ ജോഡികൾ ചേർന്നുള്ള നൃത്ത രംഗങ്ങളും ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതം കൂടി ചേർന്നപ്പോൾ മറക്കാനാവത്ത പ്രണയഗാനമായി മാറി ഇത്.

മലരേ മൗനമാ മൗനമേ വേദമാ ...

1995 ൽ പുറത്തിറങ്ങിയ കർണാ എന്ന ചിത്രത്തിലെ ഗാനമാണിത്. ഇന്ത്യ കണ്ട ഏറ്റവും നല്ല ഡ്യൂയറ്റുകളിൽ ഒന്നായി പരിഗണിക്കുന്ന ഗാനം... അർജുനും രഞ്ജിതയും ചേർന്ന് അഭിനയിച്ച പ്രണയരംഗം. വൈരമുത്തുവിന്റെ ഹൃദയഹാരിയായ രചന. വിദ്യാസാഗറിന്റെ സംഗീതത്തിൽ പിറവിയെടുത്ത അതുല്യ സുന്ദരമായ റൊമാന്റിക് മെലഡി. എസ് പി ബാലസുബ്രമണ്യവും എസ് ജാനകിയമ്മയും ജീവൻ നൽകിയ ഈ ഗാനം ആരുടെയും കണ്ണുനിറഞ്ഞുപോകുന്ന അനുഭൂതിയാണ് സമ്മാനിക്കുന്നത്. പാട്ടുകാരനും ശ്രോതാവുമൊക്കെ ഒരുവേള ഗാനം മാത്രമായി മാറിപ്പോവുന്ന ഇന്ദ്രിയാതീതമായ അനുഭവം. സ്ത്രീ പുരുഷ ശബ്ദങ്ങൾ ഇത്ര മാത്രം ഇഴുകിച്ചേരുന്നതും പരസ്പര പൂരകമാവുന്നതും വിരളം.

ആ മലർ പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമപ്പൂവേ...

ശോകത്തിൽ വിരിഞ്ഞ ഗാനമാണ് ആ മലർ പൊയ്കയിലെന്നത്. 1955 ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിലേതാണ് ശോകം പെഴിക്കുന്ന ഈ മലർ. ഒ എൻ വി കുറിപ്പിന്റെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്നു. കെ സുലോചനയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.