Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യ വാസുദേവന് ഇന്ന് ജന്മദിനം

Malaysia Vasudevan

ഗായകൻ, അഭിനേതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പേരെടുത്ത തമിഴകത്തെ പ്രിയ ഗായകൻ മലേഷ്യ വാസുദേവനിന്ന് 71–ാം ജന്മദിനം. പാലക്കാട്ട് ജില്ലയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ചാത്തു നായരുടേയും അമ്മാളുവിന്റേയും മകനായി 1944 ജൂൺ 15 ന് മലേഷ്യയിലാണ് വാസുദേവന്റെ ജനനം. മലേഷ്യയിൽ ഗായകനായും നാടക നടനായും തിളങ്ങിയ അദ്ദേഹം അവിടെ അവതരിപ്പിച്ച രഥപേയി എന്ന നാടകം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് മദ്രാസിൽ എത്തുന്നത്. ചിത്രം പാതി വഴിക്ക് ഉപേക്ഷിച്ചെങ്കിലും വാസുദേവൻ മദ്രാസിൽ തുടർന്നു.

അവിടെ വെച്ച് ഇളയരാജയെ പരിചയപ്പെടുകയും, രാജയും സഹോദരങ്ങളും ചേർന്നുള്ള പല്ലവർ ബ്രദേഴ്സ്് എന്ന ഗാനമേള ട്രൂപ്പിൽ വാസുദേവനും പാടിത്തുടങ്ങി. 1972ൽ ‘ഡൽഹി റ്റു മദ്രാസ്‘ എന്ന ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടായിരുന്നു വാസുദേവൻ പിന്നണിഗാന രംഗത്ത് അരങ്ങേറിയത്. പിന്നീട് ഇളയരാജയും ഭാരതിരാജയും രജനികാന്തും കമൽഹാസനും ഒന്നിച്ച പതിനാറ് വയതിനിലെ എന്ന ചിത്രത്തിലെ ഗാനം മലേഷ് വാസുദേവൻ എന്ന ഗായകനെ തമിഴ്നാട്ടിൽ പ്രശസ്തനാക്കി.

തുടർന്ന് ദേവ, ശങ്കർഗണേഷ്, എം.എസ്. വിശ്വനാഥൻ, എആർ റഹ്മാൻ, വിദ്യാസാഗർ തുടങ്ങി നിരവധി സംഗീതസംവിധായകരുടെ പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. സത്യരാജ് നായകനായ ‘മുതൽവസന്തം‘ വിജയകാന്തിന്റെ ‘ഊമൈ മിഴികൾ‘പാണ്ഡ്യരാജന്റെ കാത്തനായകൻ, കമലഹാസന്റെ ഒരു കൈദിയിൻ ഡയറി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾചെയ്തു. രജനീകാന്ത് നായകനായ മിസ്റ്റർ ഭരത്, അരുണാചലം, യജമാൻഎന്നീ ചിത്രങ്ങളിൽ വാസുദേവൻ പാടിയ പാട്ടുകൾ അക്കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു.

മെലഡിയുടെ മധുരമുള്ള നിരവധി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഡപ്പാംകൂത്ത് പാട്ടുകാരൻ എന്ന നിലയിലായിരുന്നു മലേഷ്യാ വാസുദേവൻ എന്ന ഗായകന് കൂടുതൽ പ്രശസ്തനാകുന്നത്. വേഗതയേറിയതും തമാശ കലർന്നതും ത്രസിപ്പിക്കുന്നതുമായ നിരവധി പാട്ടുകൾ അദ്ദേഹം പാടി. തമിഴിൽ ‘പതിനാറു വയതിനിലെ‘, ‘മിസ്റ്റർ റോമിയോ‘, ‘കിഴക്കുസീമയിലെ‘, ‘കറുത്തമ്മ‘, ‘മിൻസാര ക്കനവ്‘, ‘ചുമർ ഇല്ലാത്ത ചിത്രങ്ങൾ‘ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം പാടിയ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘മുതൽ വസന്തം‘, ‘ഊമൈ വഴികൾ‘, ‘കാത്ത നായകൻ‘, ‘ഒരു കൈദിയിൻ ഡയറി‘, ‘അമൈത്തിപ്പടൈ‘, ‘തിരുടാ തിരുടാ‘, ‘പുന്നകൈ വേഷം‘ എന്നീ ചിത്രങ്ങളിലെ അഭിനയവും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

8000ത്തോളം ഗാനങ്ങൾ ആലപിച്ച ഇദ്ദേഹം 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിച്ചു. തമിഴ് കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും പിന്നണി പാടിയിട്ടുണ്ട്. മലയാളത്തിൽ വളരെക്കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ് പിന്നണി പാടിയത്. നാടോടി, കാബൂളിവാല, ഒരു മറവത്തൂർ കനവ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, വിഷ്ണുലോകം എന്നീ ചിത്രങ്ങളിലാണ് ഇദ്ദേഹം പിന്നണി പാടിയിട്ടുള്ളത്. 2011 ഫെബ്രുവരി 20 ഞായാറാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് മലേഷ്യ വാസുദേവൻ എന്ന അനുഗ്രഹീത ഗായകന്റെ മരണം സംഭവിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.