Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ എംജിആർ ഓർമയായിട്ട് നാലു കൊല്ലം

mg എം ജി രാധാകൃഷ്ണൻ

തിരുവനന്തപുരം∙ അന്തരിച്ച സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ പത്നി പത്മജ ദേവി കഴിഞ്ഞ നാലു വർഷമായി തന്റെ മൊബൈൽ ഫോണിലെ ഡയലർ ട്യൂണും കോളർ ട്യൂണും മാറ്റിയിട്ടില്ല. ദേവാസുരം എന്ന ചിത്രത്തിനു വേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജി. രാധാകൃഷ്ണൻ പാടിയ വന്ദേ മുകുന്ദ ഹരേ എന്ന ഗാനമാണ് കഴിഞ്ഞ നാലു വർഷമായി പത്മജയെ വിളിക്കുന്നവർ കേൾക്കുന്നത്. പത്മജ കേൾക്കുന്നതും ഇതേ ഗാനം തന്നെ. കഴിഞ്ഞ നാലു വർഷമായി ഈ പാട്ടിലൂടെയാണു പ്രിയതമന്റെ സാന്നിധ്യം അനുഭവിക്കുന്നതെന്നു പത്മജ. എം.ജി. രാധാകൃഷ്ണന്റെ ഓർമകൾക്കു നാളെ നാലു വയസ്.

ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും വിളിക്കും. വിളിക്കുന്നയാളും ഫോണിന്റെ ഉടമസ്ഥനും കേൾക്കുന്നതു വന്ദേ മുകുന്ദ ഹരേയാണ്. പ്രിയതമന്റെ ശബ്ദത്തിലെ പാട്ടു കേൾക്കുമ്പോൾ അദ്ദേഹം അടുത്തുള്ള പോലെ തോന്നുമെന്നു പത്മജ പറയുന്നു. ജൂലായ് രണ്ടിനാണ് എം.ജി. രാധാകൃഷ്ണൻ വേർപിരിഞ്ഞത്. ഏഴുപതാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു വേർപാട്. അതുവരെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായിരുന്നയാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ വല്ലാത്ത ശൂന്യതയായിരുന്നുവെന്നു പത്മജ. അദ്ദേഹത്തിന്റെ പേരിൽ രൂപം കൊടുത്ത ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഏകാന്തത തോന്നാറേയില്ലെന്നു പത്മജ പറഞ്ഞു.

നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ചെഷയർ ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിളമ്പും. എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ അവാർഡുകളുടെ പ്രഖ്യാപനവും അന്നു നടത്തും. 29 ന് അദ്ദേഹത്തിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തുന്ന ഘനശ്യാമ സന്ധ്യ എന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. എം.കെ. രാഘവൻ, കാവാലം നാരായണപ്പണിക്കർ, ഒഎൻവി കുറുപ്പ് എന്നിവരാണ് മുൻ വർഷങ്ങളിൽ അവാർഡ് ജേതാക്കളായത്. അവശരായ കലാകാരൻമാർക്ക് ഫൗണ്ടേഷന്റെ വക ചെറിയൊരു സഹായവും ചടങ്ങിൽ വിതരണം ചെയ്യും.

എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാളെ അദ്ദേഹത്തിന്റെ ചരമ വാർഷികവും 29 നു ജന്മ വാർഷികവും ആഘോഷിക്കുന്നുണ്ട്.

Your Rating: