Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്ദി, ആ 36 പാട്ടുകൾക്ക്!

പി. ജയചന്ദ്രൻ പി. ജയചന്ദ്രൻ

എം.എസ്. വിശ്വനാഥൻ മലയാളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഈ ഗായകൻ

എം.എസ്. വിശ്വനാഥൻ – ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ചലച്ചിത്ര സംഗീത സംവിധായകൻ. തമിഴ് സിനിമയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കർമപഥം. മലയാളത്തിൽ സിനിമയിലും പുറത്തുമായി നാനൂറോളം ഗാനങ്ങൾ മാത്രം. മലയാളത്തിന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവന എന്താണ്? സൂക്ഷ്മ വിലയിരുത്തലിൽ ഒരു മുഖം നമ്മുടെ മുമ്പിൽ തെളിഞ്ഞുവരും, പി. ജയചന്ദ്രൻ എന്ന ഗായകന്റെ.

ജയചന്ദ്രൻ എന്ന ഗായകനെ മലയാളത്തിൽ അവതരിപ്പിച്ചതോ ആദ്യകാല ഗാനങ്ങൾ നൽകിയതോ എംഎസ്​വി അല്ല. ദേവരാജന്റെ കളരിയിലാണ് അതെല്ലാം സംഭവിച്ചത്. പക്ഷേ, ജയചന്ദ്രൻ എന്ന ഗായകന്റെ സാധ്യതകളെ പുറത്തെടുത്ത സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനാണ്. എംഎസ്​വി എന്ന ഉരകല്ലിലാണ് ജയചന്ദ്രന്റെ മാറ്റ് തെളിഞ്ഞത്.

ദേവരാജന്റെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...'(കളിത്തോഴൻ) മുതൽ ഗോപി സുന്ദറിന്റെ 'ഓലഞ്ഞാലി കുരുവി...'(1983) വരെ ആയിരക്കണക്കിനു മനോഹര ഗാനങ്ങൾ ജയചന്ദ്രൻ പാടിയിട്ടുണ്ട്. പിന്നെ എന്താണ് എംഎസ്​വിക്കു മാത്രമുള്ള പ്രത്യേകത? മറ്റു സംഗീത സംവിധായകരും അദ്ദേഹത്തിന് മികച്ച പാട്ടുകൾ നൽകിയിട്ടില്ലേ? ഉണ്ട്. പക്ഷേ, അതിൽനിന്നെല്ലാം വ്യത്യസ്തമാണ് എംഎസ്​വി നൽകിയ ഗാനങ്ങൾ. മറ്റെല്ലാ സംഗീത സംവിധായകരും ഏറ്റവും മികച്ച ഈണങ്ങൾ യേശുദാസിനും തൊട്ടുതാഴെ നിൽക്കുന്നവ മാത്രം ജയചന്ദ്രനും നൽകിയപ്പോൾ, എംഎസ്​ വിശ്വനാഥൻ തന്റെ ഏറ്റവും മികച്ച ഈണങ്ങൾ പാടാൻ തിരഞ്ഞെടുത്തതു ജയചന്ദ്രനെയാണ്. അതാണ് മറ്റു സംഗീത സംവിധായകരിൽനിന്ന് എംഎസ്​വിക്കുള്ള വ്യത്യാസം.

ചലച്ചിത്രഗാന കമ്പനികൾക്ക് ഗായകരെ തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനമുണ്ടായിരുന്ന കാലമായിരുന്നു അതെന്നോർക്കണം. സംഗീത കമ്പനികൾ മുൻഗണന നൽകിയിരുന്നതു യേശുദാസിനു തന്നെയായിരുന്നു. ആ സ്വാധീനത്തെ മറികടക്കാൻ എംഎസ്​വിക്കും കഴിഞ്ഞില്ല. പാട്ടുകളുടെ എണ്ണം ശ്രദ്ധിച്ചാൽ ഇതു വ്യക്തമാണ്. അദ്ദേഹം മലയാളത്തിൽ സംഗീതം നൽകിയ 340 സിനിമാഗാനങ്ങളിൽ 75 എണ്ണം യേശുദാസ് പാടിയപ്പോൾ വെറും 36 എണ്ണം മാത്രമേ ജയചന്ദ്രൻ പാടിയിട്ടുള്ളൂ. പക്ഷേ, നിലവാരം പരിശോധിക്കുമ്പോൾ ആ 36 എണ്ണം എംഎസ്​വിയുടെ ഏറ്റവും നല്ല മലയാള ഈണങ്ങളാവുന്നു.

പി. ജയചന്ദ്രൻ, എം.എസ്. വിശ്വനാഥൻ പി. ജയചന്ദ്രൻ, എം.എസ്. വിശ്വനാഥൻ

സംശയമുള്ളവർ നീലഗിരിയുടെ സഖികളേ (പണിതീരാത്ത വീട്), സ്വർണഗോപുര നർത്തകീ ശിൽപം (ദിവ്യദർശനം), രാജീവ നയനേ (ചന്ദ്രകാന്തം) തുടങ്ങിയവ കേട്ടു നോക്കൂ. എംഎസ്​വി മലയാളത്തിൽ നൽകിയ ഏറ്റവും മികച്ച ഈണമെന്നും ജയചന്ദ്രൻ ഇതുവരെ പാടിയ ഗാനങ്ങളിൽ ഏറ്റവും മികച്ചതെന്നും 'സ്വർണഗോപുര നർത്തകീ ശിൽപ'ത്തെ വിലയിരുത്തുന്നവരുണ്ട്.

'പ്രേമവൃന്ദാവന ഹേമന്തമേ

നിന്റെ പേരു കേട്ടാൽ സ്വർഗം നാണിക്കും

ആ രാഗസോമരസാമൃതം നേടുവാൻ

ആരായാലും മോഹിക്കും

ആനന്ദ ചന്ദ്രികയല്ലേ നീ

അഭിലാഷ മഞ്ജരിയല്ലേ നീ'

എന്ന ചരണം ജയചന്ദ്രൻ ആലപിക്കുന്നതു കേൾക്കുമ്പോൾ അൽപ്പമെങ്കിലും പാടാനറിയാവുന്നവർ വിസ്മയിക്കും. കാരണം, അത്ര എളുപ്പമല്ല ഇതു പാടിയൊപ്പിക്കാൻ. ഗാനമേളകളിൽ ആരും തന്നെ പാടാൻ ധൈര്യപ്പെടാത്ത ഗാനമാണ് അനായാസമായി ജയചന്ദ്രൻ പാടിവച്ചിരിക്കുന്നത്.

ചിട്ടകളിൽ ഊന്നാത്ത അനായാസമായ ജയചന്ദ്രന്റെ ആലാപനം എംഎസ്​വിയുടെ സംഗീതശൈലിയോട് ഏറ്റവും ചേർന്നു നിൽക്കുന്നു. ചന്ദ്രകാന്തം, ബാബുമോൻ, ലങ്കാദഹനം തുടങ്ങി യേശുദാസിനും ജയചന്ദ്രനുമിടയിൽ എംഎസ്​വി ഗാനങ്ങൾ പങ്കുവച്ച സിനിമകൾ പരിശോധിക്കുമ്പോൾ ജയചന്ദ്രനോടുള്ള താൽപ്പര്യം കൂടുതൽ വ്യക്തമാകും. കൂടുതൽ വെല്ലുവിളികളുള്ള പാട്ടുകൾക്കു നിയോഗിക്കപ്പെട്ടത് ജയചന്ദ്രനാണ്. 14 പാട്ടുകളുള്ള ചന്ദ്രകാന്തത്തിൽ 'രാജീവ നയനേ...' എന്ന ഒറ്റഗാനം മാത്രമാണ് എംഎസ്​വി ജയചന്ദ്രനു നൽകിയത് – ആ സിനിമയിലെ ഏറ്റവും നല്ല മെലഡി.

ഈ ഗാനം ജയചന്ദ്രന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുമായി. ഈ ഗാനത്തിന്റെ ആലാപനത്തിൽ ആകൃഷ്ടനായ എംജിആർ ശബ്ദത്തിന്റെ ഉടമയെ തന്റെ അടുത്ത ചിത്രത്തിൽ പാടിക്കണമെന്ന് എംഎസ്​വിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് എംജിആറിന്റെ 'മധുരമീട്ട സുന്ദര പാണ്ഡ്യൻ' എന്ന സിനിമയിൽ 'അമുദത്തമിഴിൽ എഴുതും കവിതൈ...' എന്ന സൂപ്പർ ഹിറ്റ് ഡ്യൂയറ്റ് ജയചന്ദ്രനു ലഭിച്ചത്. (ഒപ്പം പാടിയത് വാണി ജയറാം.)

എം.എസ്. വിശ്വനാഥൻ ചെയ്തതുപോലെ ഒരു സംഗീതസംവിധായകനും ജയചന്ദ്രന്റെ പ്രതിഭയെ വെല്ലുവിളിച്ചിട്ടില്ല. ഒരുപക്ഷേ, അന്ന് എംഎസ്​വി ഇത്ര മികച്ച ഗാനങ്ങൾ ജയചന്ദ്രനു നൽകിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സിദ്ധിയുടെ ഔന്നത്യം തിരിച്ചറിയാതെ പോയേനേ. അവസരങ്ങൾ വേട്ടയാടിപ്പിടിക്കാൻ ഒട്ടും ശ്രമിക്കാത്ത ജയചന്ദ്രന്റെ സ്വഭാവ പ്രത്യേകത കൂടി കണക്കിലെടുക്കുമ്പോൾ അങ്ങനെതന്നെ സംഭവിക്കാനാണു സാധ്യത ഏറെ.

എംഎസ്​വിയുടെ സംഗീതത്തിലാണ് ജയചന്ദ്രന് ആദ്യ സംസ്ഥാന അവാർഡ് (നീലഗിരിയുടെ സഖികളേ – പണിതീരാത്ത വീട്) ലഭിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡി.

'നിന്റെ നീല വാർമുടിച്ചുരുളിന്റെ

അറ്റത്ത് ഞാനെന്റെ

പൂ കൂടി ചൂടിച്ചോട്ടേ

എന്നും'

'നിന്റെ നാലുകെട്ടിന്റെ

പടിപ്പുര മുറ്റത്ത് ഞാനെന്റെ

മുറികൂടി പണിയിച്ചോട്ടേ'

എന്നും മൂളാത്ത മലയാളികൾ ചുരുക്കം.

അറബിക്കടലിളകി വരുന്നു (മന്ത്രകോടി), കർപ്പൂരദീപത്തിൻ കാന്തിയിൽ (ദിവ്യദർശനം), പത്മതീർഥക്കരയിൽ (ബാബുമോൻ), വന്നാട്ടെ ഓ മൈ ഡിയർ ബട്ടർഫ്ലൈ (പഞ്ചമി), കളഭച്ചുമർവച്ച( അവൾ ഒരു തുടർക്കഥ), വിഷാദ സാഗര തിരകൾ( തീരം തേടുന്ന തിര), ആയിരം സുഗന്ധ (വാടക വീട്), തിരുവാഭരണം (ലങ്കാദഹനം) തുടങ്ങിയ എംഎസ്​വി ഗാനങ്ങളെല്ലാം തന്നെ ജയചന്ദ്രൻ എന്ന ഗായകന്റെ വൈവിധ്യവും പ്രതിഭയും പരീക്ഷിച്ചു വിജയിച്ചവയാണ്.

നീലഗിരിയുടെ സഖികളേ...

എംഎസ്​വി തന്നെയാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം (1973).

'ഏറ്റവും മികച്ച സിനിമാ സംഗീത സംവിധായകൻ ആരെന്നു ചോദിച്ചാൽ എനിക്ക് ഒരുത്തരമേയുള്ളൂ, ഈ ഭാരതത്തിലല്ല, ഈ പ്രപഞ്ചത്തിൽത്തന്നെ അത് എം.എസ്. വിശ്വനാഥൻ ആണ്. ജയചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഗുരുവായ ദേവരാജനും മേലെയാണ് എംഎസ്​വി എന്നു തുറന്നു പറയാനും അദ്ദേഹം മടികാണിച്ചില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.