Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ല, വിശ്വനാദം

MS Viswanathan

ചെന്നൈ∙ ആ ഈണം നിലച്ചു; എംഎസ്‌വി എന്ന മൂന്നക്ഷരങ്ങൾ കൊണ്ടു രേഖപ്പെടുത്തിയ തെന്നിന്ത്യൻ സിനിമാസംഗീത ഇതിഹാസം എം.എസ്. വിശ്വനാഥൻ (87) ഇനി ഓർമ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 4.15–നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ പത്തിനു ചെന്നൈ ബസന്റ്നഗർ ശ്മശാനത്തിൽ.

ലളിത സുന്ദര ഈണങ്ങൾകൊണ്ടു തെന്നിന്ത്യൻ സംഗീത ഹൃദയം കീഴടക്കിയ എംഎസ്‌വി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 1200–ലേറെ സിനിമകൾക്കു സംഗീതം പകർന്നു. അവയിലൂടെ ആസ്വാദകർക്കു സ്വന്തമായത് എണ്ണമറ്റ അനശ്വര ഗാനങ്ങൾ. ‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ...’ എന്ന ഒറ്റ ഗാനം മതി എംഎസ്‌വിയെ മലയാളമോർക്കാൻ.

പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്ത് സുബ്രഹ്മണ്യന്റെയും നാരായണിക്കുട്ടിയുടെയും മകനായി 1928 ജൂൺ 24–നാണു ജനനം. ജൻമംകൊണ്ടു മലയാളിയാണെങ്കിലും കർമംകൊണ്ടു തമിഴ്നാടിന്റെ മെല്ലിസൈ മന്നനാണ് (മെലഡിയുടെ രാജാവ്) അദ്ദേഹം. കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും അതിമനോഹരമായി സമന്വയിപ്പിച്ച അദ്ദേഹം നാടൻ പാട്ടും റോക്കും ജാസുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തു.

MS-VISWANATHAN-Dc

എംജിആറിന്റെയും ശിവാജി ഗണേശന്റെയും ഒട്ടുമിക്ക സിനിമകൾക്കും സംഗീതമൊരുക്കിയത് എംഎസ്‌വി ആയിരുന്നു. എംജിആർ, എം. കരുണാനിധി, ജയലളിത, എൻ.ടി. രാമറാവു എന്നീ പിൽക്കാല മുഖ്യമന്ത്രിമാരുടെ സിനിമകൾക്കു സംഗീതമൊരുക്കാനായ അപൂർവതയും എംഎസ്‌വിക്കു സ്വന്തം. രാജാവിൻ പാർവൈ, എങ്കേയും എപ്പോതും, അടി എന്നടി രാക്കമ്മ, നാൻ ആണയിട്ടാൽ, പൊൻമകൾ വന്താൽ തുടങ്ങി തമിഴിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു. നീലഗിരിയുടെ സഖികളെ, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി, ആ നിമിഷത്തിന്റെ നിർവൃതിയിൽ, വീണപൂവേ, സ്വർണഗോപുരനർത്തകീ ശിൽപം, ഹൃദയവാഹിനീ തുടങ്ങി മലയാളത്തിലും ആ അനുഗ്രഹീത സ്പർശമേറ്റ ഗാനങ്ങൾ എത്രയോ.

ശിവാജി ഗണേശന്റെ ‘പണം’എന്ന ചിത്രത്തിലൂടെ 1952–ലാണ് സംഗീത സംവിധാന രംഗത്തെത്തിയത്. ടി.കെ. രാമമൂർത്തിക്കൊപ്പം സംഗീതം നിർവഹിച്ച ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഭക്തിഗാന രംഗത്ത് എംഎസ്‌വി– കണ്ണദാസൻ കൂട്ടുകെട്ടിന് എതിരാളികളേ ഉണ്ടായിരുന്നില്ല. ചി സിനിമകളിൽ ഗായകനായും അഭിനേതാവായും എംഎസ്‌വി ശ്രദ്ധേയനായി. പരേതയായ ജാനകിയാണു ഭാര്യ. മക്കൾ: ഗോപീകൃഷ്ണ, മുരളീധരൻ, പ്രകാശ്, ഹരിദാസ്, ലത, മധു, ശാന്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി തുടങ്ങി ഒട്ടേറെ പ്രമുഖർ എംഎസ്‌വിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.