Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ

msv-image

പാലക്കാട് എലപ്പുള്ളി മനയകത്തുവീട്ടിൽ സുബ്രഹ്മണ്യൻ നായരുടെ മകൻ വിശ്വനാഥനെ മലയാളികൾക്ക് പരിചയമുണ്ടാകില്ല.

എന്നാൽ, ‘പണിതീരാത്ത വീട്’ എന്ന സിനിമയിൽ ‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....’ എന്ന വയലാർ കവിതയ്ക്ക് സംഗീതം നൽകി, ശബ്ദം നൽകി, വികാരപ്രപഞ്ചം സൃഷ്ടിച്ച എം.എസ്. വിശ്വനാഥനെന്ന തെന്നിന്ത്യൻ സംഗീതജ്ഞനെപ്പറ്റി കേൾക്കാത്തവരുണ്ടാകില്ല.

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ

അരനൂറ്റാണ്ടിലേറെയായി സംഗീത സംവിധാനവും ആലാപനവുംവഴി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥൻ തൃശൂരിലെത്തുമ്പോൾ അത് പിറന്ന നാട്ടിലേക്കും പിച്ചവച്ച പൈതൃകത്തിലേക്കുമുള്ള തിരിച്ചുവരവായിരുന്നു. തൃശൂരിലെ ‘മ്യൂസിഷൻസ് അസോസിയേഷൻ’ റീജനൽ തിയറ്ററിൽ ഒരുക്കിയ ‘ശ്രാവണസന്ധ്യ’ സംഗീതവിരുന്നിൽ മുഖ്യാതിഥിയായി എം.എസ്. വിശ്വനാഥൻ എത്തിയപ്പോൾ സംഗീതപ്രേമികൾക്ക് അനുഗ്രഹമായി.

‘ലങ്കാദഹനം’ സിനിമയിലെ ശ്രുതിസുഭഗമായ ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ എം.എസിന്റെ എത്രയെത്ര ഗാനങ്ങളാണ് ഇന്നും സിനിമാപ്രേമികളുടെ ചുണ്ടിൽ മധുരം നിറയ്ക്കുന്നത്. ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...’, ‘തിരുവാഭരണം ചാർത്തി...’, ‘കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ...’, ‘പണിതീരാത്ത വീട്ടി’ലെ ‘സുപ്രഭാതം...സുപ്രഭാതം’ തുടങ്ങിയ ഗാനങ്ങളൊക്കെ മലയാള സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. തമിഴിലെ ‘പാലും പഴവും കൈകളിലേന്തി’, ‘പോനാൽ പോകട്ടും പോടാ...’ തുടങ്ങിയ ഗാനങ്ങളും മലയാളി ഓർമിച്ചുവയ്ക്കുന്ന ഈരടികളാണ്.

ജന്മംകൊണ്ട് എം.എസ്. വിശ്വനാഥൻ മലയാളിയാണെങ്കിലും 1941 മുതൽ അദ്ദേഹത്തിന്റെ സംഗീതസപര്യയുടെ കർമ മണ്ഡലം ചെന്നൈയാണ്. ആയിരത്തോളം സിനിമകൾക്ക് സംഗീതം പകർന്ന എഴുപത്തിമൂന്നുകാരനായ വിശ്വനാഥൻ ഗാനങ്ങളെ ദേവഗീതങ്ങളാക്കി.

സപ്തസ്വരങ്ങൾക്ക് അദ്ദേഹം സാഗരപ്പരപ്പിന്റെ ഗാംഭീര്യവും ഋതുഭേദങ്ങളുടെ മിഴിവും നൽകി. തമിഴിൽ ‘മെല്ലിശൈ മന്നൻ’- സംഗീതത്തിന്റെ കിരീടം ചൂടാത്ത രാജാവാണ് എം.എസ്.വിശ്വനാഥന് നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചശേഷം പിന്നീടുള്ള കാലം അമ്മയുടെയും മുത്തച്ഛൻ കൃഷ്ണൻ നായരുടെയും സംരക്ഷണയിലായിരുന്നു. തിരുച്ചിറപ്പള്ളിയിൽ ജയിൽ വാർഡനായിരുന്ന മുത്തച്ഛൻ കണ്ണൂരിലേക്ക് സ്ഥലംമാറി വന്നപ്പോൾ പള്ളിക്കുന്നിലെ സ്കൂളിൽ വിശ്വനാഥനെ പഠിക്കാൻ അയച്ചു. പഠിക്കുന്നതിനേക്കാൾ സംഗീതത്തെ ഉപാസിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച വിശ്വനാഥൻ ഗുരു നീലകണ്ഠ ഭാഗവതരുടെ ശിഷ്യനായി.

കണ്ണൂർ ടൗൺഹാളിൽ സംഗീത കച്ചേരിയോടെ അരങ്ങേറ്റം നടത്തിയ വിശ്വനാഥൻ സിനിമയിൽ അഭിനയിക്കാൻവേണ്ടി മദ്രാസിൽ എത്തിയെങ്കിലും പിന്നീട് സംഗീത സംവിധായകനായി മാറുകയായിരുന്നു. പഴയതിന്റെ മഹത്വം തിരിച്ചറിയുന്ന മലയാളത്തിന്റെ മനസ്സ് എന്നും അതിഥിയായി തിരികെ വന്നിരുന്നു. അപ്പോഴെല്ലാം മലയാളം അദ്ദേഹത്തെ നിറപറയൊരുക്കി സ്വീകരിച്ചു.