Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുകറുത്തൊരു പെണ്ണാണ്...

Mullanezhi മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി

1974. പി.എം.എ. അസീസ് എന്ന സംവിധായകൻ തന്റെ അടുത്ത ചിത്രത്തിലെ ഗാനങ്ങൾ ആരെക്കൊണ്ട് എഴുതിക്കും എന്ന ആലോചനയിൽ ആയിരുന്നു. വയലാർ മതിയെന്നാണു നിർമാതാവിന്റെയും സുഹൃത്തുക്കളുടെയുമൊക്കെ പക്ഷം. വയലാർ എഴുതിയാൽ ഗംഭീരമാവും. പക്ഷേ, സന്ദർഭത്തിനനുസരിച്ചു വരികളിൽ വല്ല മാറ്റവും വേണം എന്നു തോന്നിയാൽ അദ്ദേഹം അതിനു വഴങ്ങിയെന്നു വരില്ല. അതുപിന്നെ അഭിപ്രായ വ്യത്യാസത്തിന് ഇടയാവും. (അസീസിന്റെ ആദ്യ ചിത്രമായ 'അവൾ'ക്ക് ഗാനരചന നിർവഹിച്ചതു വയലാർ ആണ്.)

ഈ ധർമസങ്കടത്തിൽ മുഴുകിയിരിക്കുമ്പോഴാണു തിരക്കഥാ രചനയ്ക്കു സഹായിക്കാൻ കൂടെക്കൂടിയിരിക്കുന്ന ചെറുപ്പക്കാരന്റെ മുഖം അസീസിന്റെ മനസ്സിൽ കടന്നു വന്നത്. നല്ല ഭാഷയാണ്. മാത്രമല്ല അൽപ്പം കവിതയുടെ അസുഖവുമുണ്ട്. പാട്ടെഴുതിയാൽ നന്നായേക്കും. അവനെക്കൊണ്ട് എഴുതിക്കാം.

'വയലാറിനു പകരം ഞാനോ? അതൊന്നും ശരിയാവില്ല.' ചെറുപ്പക്കാരൻ ഒഴിഞ്ഞുമാറി. 'നീ തന്നെ എഴുതിയാൽ മതി. ഇത്രയും ദിവസം തിരക്കഥയ്ക്കു സഹായിച്ചതല്ലേ. നിനക്കാവുമ്പോ സന്ദർഭം നന്നായി അറിയാം, നീ എഴുതിയാൽ വളരെ നന്നാവും. എന്തായാലും ഒന്നെഴുതി നോക്കൂ.' നിർബന്ധത്തിനു വഴങ്ങി ആ ചെറുപ്പക്കാരൻ എഴുതി

കറുകറുത്തൊരു പെണ്ണാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

കാടിന്റെ ഓമന മോളാണ്

ഞാവൽപ്പഴത്തിന്റെ ചേലാണ്

എള്ളിൻ കറുപ്പ് പുറത്താണ്

ഉള്ളിന്റെയുള്ള് തുടുത്താണ്

കറുകറുത്തൊരു പെണ്ണാണ്...

പതിവു സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചുകൊണ്ടുള്ള ഈ ഭാവഗാനത്തിന്റെ പിറവി അങ്ങനെയാണ്. 1976ൽ പുറത്തിറങ്ങിയ 'ഞാവൽപ്പഴങ്ങൾ' എന്ന ചിത്രം. സംഗീതം ശ്യാം. കറുകറുത്ത പെണ്ണിനെ വർണിച്ചു സിനിമാ ഗാനരചനയിൽ ഹരിശ്രീ കുറിച്ച ആ ചെറുപ്പക്കാരൻ – മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി.

പ്രസിദ്ധിക്കും കമ്പോള പുരോഗതിക്കും വേണ്ട ഒത്തു തീർപ്പുകൾക്കു തയാറല്ലാതിരുന്നിട്ടും 22 സിനിമയിലായി എഴുപതോളം പാട്ടുകൾ ഇദ്ദേഹം എഴുതി. അതിൽ ‘മേള എന്ന ചിത്രത്തിൽ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ യേശുദാസ് പാടിയ

മനസ്സൊരു മാന്ത്രിക

കുതിരയായി പായുന്നു

മനുഷ്യൻ കാണാത്ത

പാതകളിൽ..

കടിഞ്ഞാണില്ലാതെ

കാലുകളില്ലാതെ

തളിരും തണലും തേടി.

എന്ന ഗാനം രചനാ ഭംഗിയിൽ ഒരു പടി മുന്നിൽ നിൽക്കുന്നു. കോടനാടൻ മലയിലെ, സൗരയൂഥ പഥത്തിലെന്നോ (വെള്ളം–ദേവരാജൻ), പവിഴമല്ലി പൂത്തുലഞ്ഞ, കണ്ണിനു പൊൻകണി (സന്മനസ്സുള്ളവർക്കു സമാധാനം – ജെറി അമൽദേവ്), സ്മൃതികൾ നിഴലുകൾ (സ്വർണപ്പക്ഷികൾ–രവീന്ദ്രൻ), ഈ പുഴയും സന്ധ്യകളും (ഇന്ത്യൻ റുപ്പി, ഷഹബാസ് അമൻ) എന്നിവയെല്ലാം മുല്ലനേഴിയുടെ ജനപ്രിയ ഗാനങ്ങളാണ്. പല തലമുറകളോട് ഒരേ പോലെ സംവദിക്കാൻ മുല്ലനേഴിക്കു കഴി?ഞ്ഞു. ഇന്ത്യൻ റുപ്പിയിലെ 'ഈ പുഴയും സന്ധ്യകളും' പുതിയ തലമുറയുടേയും പ്രിയപ്പെട്ട ഉല്ലാസഗാനമാണ്.

'ഞാവൽപ്പഴങ്ങൾ'ക്കുവേണ്ടിയാണ് ആദ്യം ഗാനരചന നിർവഹിച്ചതെങ്കിലും ശ്യാം തന്നെ സംഗീതം നൽകിയ 'ലക്ഷ്മിവിജയം' ആണ് മുല്ലനേഴിയുടെ രചനയിൽ ആദ്യം പുറത്തുവന്ന സിനിമ.

ഈ പുഴയും സന്ധ്യകളും...

കൃത്രിമ പരിവേഷങ്ങളോട് എന്നും കലഹിച്ചിരുന്ന അദ്ദേഹം പച്ചമനുഷ്യനായി ജീവിക്കണമെന്ന പക്ഷക്കാരനായിരുന്നു. ഒരിക്കൽ എറണാകുളത്തുവച്ച് അനാഥനെന്നു കരുതി പൊലീസ് അദ്ദേഹത്തെ പിടികൂടി അഗതി മന്ദിരത്തിൽ തള്ളുകപോലുമുണ്ടായി. ഒരുപാടുപേരുടെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് അദ്ദേഹത്തിന്റെ ആദ്യ രചനയായ 'കറുകറുത്തൊരു പെണ്ണാണ്...' മന്ത്രി പി.ജെ. ജോസഫ് ഈ ഗണത്തിലുണ്ട്. ഗായകനായ അദ്ദഹം ഗാനമേളകളിൽ ആദ്യം പാടുന്ന പാട്ടും ഇതായിരുന്നു.

ഈ പാട്ടിന്റെ വരികളിൽ മുല്ലനേഴിയുടെ സൗന്ദര്യ ദർശനം വ്യക്തമാണ്. അനുപല്ലവിയുടെ അവസാന വരിയായ 'ഉള്ളിന്റെയുള്ള് തുടുത്താണ്' എന്നതു 'ഉള്ളിന്റെയുള്ള് ചുവപ്പാണ്' എന്നു ഗാനമേളകളിൽ തെറ്റിച്ചു പാടുന്നതു കേട്ടിട്ടുണ്ട്. 'ചുവപ്പാണ്' എന്ന വാക്ക് രചനയിൽ സ്വാഭാവികമായി കടന്നു വരാമെങ്കിലും അത് ഉപേക്ഷിച്ചു 'തുടുത്താണ്' എന്ന വാക്ക് മുല്ലനേഴി മനപൂർവം ഉപയോഗിച്ചതാണെന്നുവേണം കരുതാൻ. ചുവപ്പ് എന്ന പരമ്പരാഗത സൗന്ദര്യസങ്കൽപ്പത്തെ താൻ വകവയ്ക്കുന്നില്ല എന്ന പ്രഖ്യാപനം 'ചുവപ്പാണ്' എന്ന വാക്ക് തിരസ്കരിച്ചതിൽ കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.