Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവിയുടെ ഗാനലോകം

onv-drawing

എഴുതിയ ഓരോ അക്ഷരത്തോടും ആത്മാർഥ പുലർത്തുകയും അതിൽ കാവ്യഗുണം സന്നിവേശിപ്പിക്കണമെന്നു നിർബന്ധം പുലർത്തുകയും ചെയ്ത ഗാനരചയിതാവായിരുന്നു ഒഎൻവി കുറുപ്പ്.

പാട്ടുകളെ കവിതയോടടുപ്പിച്ചു എന്നതായിരുന്നു ഒഎൻവിയുടെ സിനിമാഗാനങ്ങളുടെ പ്രത്യേകതയെങ്കിൽ, പച്ചമനുഷ്യരുടെ പതിവു സംഭാഷണങ്ങളോടു ചേർന്നുനിൽക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നാടകഗാനങ്ങളുടെ പ്രത്യേകത.

‘നീരാടുവാൻ നിളയിൽ നീരാടുവാൻ

നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ...

എന്നു ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിൽ ചന്ദ്രനോട് ചോദിക്കുന്ന ഒഎൻവി

‘അമ്പിളിയമ്മാവാ

താമരക്കുമ്പിളിലെന്തുണ്ട്

കുമ്പിട്ടിരുപ്പാണോ മാനത്തെ

കൊമ്പനാനപ്പുറത്ത്?’

എന്നാണ്,‘മുടിയനായ പുത്രൻ’ എന്ന നാടകത്തിൽ അന്വേഷിച്ചത്. സിനിമയിൽ തിങ്കൾ എന്ന ചന്ദ്രന്റെ പര്യായപദം കൊണ്ട് ചന്ദ്രനെ വിളിച്ച കവി നാടകഗാനത്തിലെത്തിയപ്പോൾ തികച്ചും ചൊൽഭാഷയിലെ അമ്പിയമ്മാവാ എന്ന വാക്കുകൊണ്ടാണ് അതേ ചന്ദ്രനെ വിളിച്ചത്.

*‘നമ്രശീർഷരായ് നിൽപൂ നിൻ മുന്നിൽ *

കമ്രനക്ഷത്ര കന്യകൾ’ എന്ന ക്ലേശപദങ്ങൾ സിനിമയിൽ ഉപയോഗിച്ച അദ്ദേഹം

‘വള്ളിക്കുടിലിൻ ഉള്ളിലിരിക്കും

പുള്ളിക്കുയിലേ പാടൂ...’എന്ന് ഏതു സാധാരണക്കാരനോടും സംവദിക്കുന്ന വാക്കുകളാണ് ‘സർവേക്കല്ല്’ എന്ന നാടകത്തിൽ എഴുതിയത്.

കേൾവിക്കാരനെ ഇത്രമാത്രം മുന്നിൽക്കണ്ട് തൂലികയെടുത്ത മറ്റൊരു ഗാനരചയിതാവ് മലയാളത്തിലില്ല എന്നു പറഞ്ഞാൽ അതിയശോക്തിയാവില്ല. സിനിമയ്ക്കും നാടകത്തിനും തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് അദ്ദഹം അവലംബിച്ചത്. സാധാരണക്കാരോടും കർഷത്തൊഴിലാളികളോടും സംവദിച്ചിരുന്ന കെപിഎസിയുടെ നാടകങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതിയ വരികൾ നോക്കൂ

‘കാറ്റിൻ കയ്യിൽ കൊടുത്താലേ ഇത്

പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ

പാട്ടുകാരി കിളി ചോദിച്ചാൽനിന്റെ

പാട്ടിനുപോകാൻ പറയൂല്ലേ...

എന്ന ‘ചെപ്പുകുലുക്കണ ചങ്ങാതീ...’ എന്ന ഒറ്റ ഗാനം മതി ആ രചനാവൈഭവത്തിന് ഉദാഹരമായി. തികച്ചും ലളിതമായ പദങ്ങൾ മാത്രമല്ല, കൃത്യമായ പ്രാസവിന്യാസത്തിലൂടെ കേൾവിക്കാരുട മനസ്സിൽ ഒറ്റക്കേൾവിക്കു പാട്ടു പതിയാനുള്ള തന്ത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. ഈ പ്രത്യേകതകൊണ്ടാണ് ആ പാട്ടുകളെല്ലാം കേരളക്കരയാകെ പടർന്നത്. സാധാരണക്കാർക്ക് പാട്ടുകൾ ആലേഖനം ചെയ്തു സൂക്ഷിക്കാൻ സൗകര്യമില്ലാതിരുന്ന അക്കാലത്ത് ഒറ്റക്കേൾവിക്കുതന്നെ പാട്ടുകൾ മനസ്സിൽ പതിയുന്ന ഈ രചനാതന്ത്രം ഒഎൻവിഗാനങ്ങളുടെ വലിയ ജനപ്രീതിക്കു കാരണമായി. കേവലം കലാസ്വാദനത്തിനപ്പുറം ആശയപ്രചാരണം ഉദ്ദേശിച്ച് നാടകങ്ങൾ നടത്തിയിരുന്ന കെപിഎസിക്കും ഒഎൻവിയുടെ ഈ രചനാശൈലി അനുഗുണമായി ഭവിച്ചു. മറിച്ച്, കെപിഎസിയുടെ ലക്ഷ്യം മുന്നിൽക്കണ്ട് അതിനുതക്ക രചനാരീതി അദ്ദേഹം സ്വീകരിക്കുകയായിരുന്നു എന്നും വിലയിരുത്താം.

തികച്ചും യാദൃശ്ചികമാണ് ഒഎൻവി കുറുപ്പിന്റെ ആദ്യനാടകഗാനമായ ‘പൊന്നരിവാളമ്പിളിയില്...’ പിറന്നു വീണത്. രസകരമായ ആ കഥയിലേക്ക്.... 1949. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്ന കാലം. ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. അങ്ങനെ ഒരിക്കൽ അഷ്ടമുടിക്കായലിന്റെ തീരത്തെ ഒരു വള്ളപ്പുരയിൽ എത്തി. ഓരോ ദിവസവും രാത്രികാവലിന് ആളുകളെ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചിരുന്നു. ഒരു ദിസവം കാവൽ ചുമതലയ്ക്കു നിയോഗിക്കപ്പെട്ടത് കൊല്ലം എസ് എൻ കോളജിലെ വിദ്യാർഥികളും കൂട്ടുകാരുമായ ഒഎൻവി കുറുപ്പും ദേവരാജനുമായിരുന്നു. ഒഎൻവിക്കു കവിതയെഴുത്തിലും ദേവരാജന് സംഗീത്തിലും താൽപര്യം ഉണ്ടെന്ന് എം.എൻ. ഗോവിന്ദൻ നായർ കുശലാന്വേഷണത്തിനിടെ മനസ്സിലാക്കി. നേരം ഇരുണ്ടു.

ആകാശത്തെ ചന്ദ്രൻ അഷ്ടമുടിക്കായൽ പ്രതിഫലിക്കുന്ന സുന്ദര പ്രകൃതി ചിത്രം. അപ്പോൾ എംഎൻ പറഞ്ഞു. ‘നിങ്ങൾ ഇങ്ങനെയിരുന്നു വെറുതേ സമയം കളയാതെ സർഗാത്മകമായി എന്തെങ്കിലും ചെയ്യൂ. കവി ഒരു കവിത എഴുതൂ, സംഗീതജ്ഞൻ അതിന് ഈണം നൽകൂ...’ എംഎന്റെ നിർദേശം കേട്ട ഒഎൻവി ആകാശത്തെ ചന്ദ്രക്കലയിൽ നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ തൂലികയിലേക്ക് ഒഴുകിവന്നതാണു ‘പൊന്നരിവാളമ്പളിയില് കണ്ണെറിയുന്നോളേ...’ എന്നു തുടങ്ങുന്ന നാല് വരി. ഒഎൻവിയുടെ വരികൾക്ക് ദേവരാജൻ അപ്പോൾത്തന്നെ ഈണവും നൽകി. ‘പൊന്നരിവാളമ്പിളി....’ എന്ന ഗാനത്തിന് നാം ഇന്നു കേൾക്കുന്ന അതേ ഈണം പാടിയും ഈണമിട്ടും ആ രാത്രി കടന്നുപോയി.

വൈക്കം ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അക്കാലത്തു കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന പത്രമായിരുന്നു ‘കേരളം’. പത്രമോഫീസിലെ നിത്യസന്ദർശകനായിരുന്നു യുവകവി ഒഎൻവി. പത്രത്തിന്റെ വാരാന്ത പതിപ്പിൽ കൊടുക്കാനായി നല്ല കവിത ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് എന്ന് ഒഎൻവിയോട് വൈക്കം പറഞ്ഞു. അപ്പോഴാണു കഴിഞ്ഞ ദിവസം രാത്രിയിൽ വള്ളപ്പുരയിൽ എംഎൻ ഗോവിന്ദൻ നായർക്ക് കൂട്ടിരിക്കാൻ പോയപ്പോൾ എഴുതിയ നാല് വരികൾ ഒഎൻവി ഓർത്തത്. അന്നു വീട്ടിൽ ചെന്നുടനെ ആ നാല് വരിക്കവിത വിപുലരീകരിച്ചു. നാല് വരിയായിരുന്ന കവിത ഒരു രാത്രികൊണ്ടു നാല്പത് വരിയായി വളർന്നു. കവിതയ്ക്ക് ഒഎൻവി നല്കിയ പേര് എന്തായിരുന്നെന്നോ? ‘ ഇരുളിൽനിന്നൊരു ഗാനം’. പിറ്റേന്നു കേരളം പത്രത്തിന്റെ ഓഫിസിലെത്തി വൈക്കം ചന്ദ്രശേഖരൻ നായർക്ക് കവിത കൊടുത്തു.

വൈക്കത്തിന് കൊടുത്തതു കൂടാതെ കവിതയുടെ ഒരു പകർപ്പ് സ്നേഹിതൻ ദേവരാജനും ഒഎൻവി നൽകി. അക്കാലത്ത്, താൻ എഴുതുന്നതെന്തും ആത്മസുഹൃത്ത് ദേവരാജനു കാട്ടിക്കൊടുക്കന്ന രീതി ഒഎൻവിക്ക് ഉണ്ടായിരുന്നു. ദേവരാജൻ ഈ കവിതയിലെ ഏതാനും വരികൾ തിരഞ്ഞെടുത്ത് ഒരു ഗാനമാക്കി ഈണമിട്ടു. അക്കാലത്തു കമ്യൂണിസ്റ്റ് പാർട്ടിക്കു വിലക്കായിരുന്നതിനാൽ ‘വിദ്യാഭ്യാസ അവകാസ സമിതി, സമാധാന കൗൺസിൽ തുടങ്ങിയ പേരുകളിലാണു പൊതുയോഗങ്ങൾ ചേർന്നിരുന്നത്. ഇത്തരം യോഗങ്ങളിൽ പാട്ടുകൾ പാടുന്ന പതിവ് ദേവരാജന് ഉണ്ടായിരുന്നു. അടുത്ത യോഗത്തിന് ‘പൊന്നരിവളമ്പിളിയില് കണ്ണെറിയുന്നോളേ ’ എന്ന പുതിയ ഗാനമാണു ദേവരാജൻ പാടിയത്. ആദ്യ അവതരണത്തിൽത്തന്നെ ഈ ഗാനം ജനപ്രിയമായി.

ഇതു ഹൃദിസ്ഥമാക്കി പലരും പല വേദികളിലും ആലപിക്കാൻ തുടങ്ങിയതോടെ പാട്ട് കൊല്ലം മേഖലയിലാകെ പ്രശസ്തമായി. ദേവരാജനു പുറമേ, ഒഎൻവിയും പുനലൂർ ബാലനും പി.കെ. മേദിനിയും വൈക്കം ചന്ദ്രശേഖരൻ നായരുമൊക്കെ ഈ ഗാനം പല വേദികളിൽ പാടി. അങ്ങനെ ഗാനം സുപ്രസിദ്ധമായി.

ചില സമ്മേളനവേദികളിൽ ഒരു ഗാനം ആവർത്തിച്ചു പാടുന്നതറിഞ്ഞു രഹസ്യപ്പൊലീസുകാർ നിരീക്ഷിക്കാനെത്തി. ഭയപ്പെടാനൊന്നുമില്ല, ‘പൊന്നരിവാളമ്പിളിയില്...’ ഒരു പ്രേമഗാനമാണ്. എന്നായിരുന്നു അവരുടെ റിപ്പോർട്ട്!. രണ്ടു വർഷം കടന്നുപോയി. 1951ൽ ജയിൽ മോചിതനായി എത്തിയ എകെജിക്ക് കൊല്ലം എസ്​എൻ കോളജിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ദേവരാജൻ ‘പൊന്നരിവാളമ്പിളിയില്’ പാടി. എകെജിക്കും, ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും പ്രേമഗാനത്തിന്റെ മട്ടിലുള്ള ഈ വിപ്ലവഗാനം ഒരുപാട് ഇഷ്ടമായി. ഈ സമ്മേളനമാണ് ‘പൊന്നരിവാളമ്പിളിയില്...’ എന്ന ഗാനത്തിന്റെ തലക്കുറി മാറ്റിയത്. അങ്ങനെയിരിക്കെയാണു തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്ന ‘പൊന്നരിവാളമ്പിളിയില്...’ ഈ നാടകത്തിൽ ചേർക്കണമെന്ന് എകെജി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ നിർദേശിച്ചു.

അങ്ങനെ മറ്റ് 21 പാട്ടുകൾക്കൊപ്പം ഇതും നാടകത്തിന്റെ ഭാഗമായി. 1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങേറി. അന്നത്തെ മുൻനിര ഗായകനായ കെ.എസ്. ജോർജായിരുന്നു ‘പൊന്നരിവാളമ്പിളില് ആലപിച്ചത്. അങ്ങനെ ഈ ഗാനം ജനഹൃദയങ്ങളിൽ ലഹരിയായി. മലയാള നാടകചരിത്രത്തിൽ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഈ നാടകവും അതിലെ ഗാനങ്ങളും സ്ഥാനം പിടിച്ചു. ആയിരക്കണക്കിനു വേദികളിലേക്ക് ‘തോളോടു തോളൊത്തു ചേർന്നു വാളുയർത്തുന്ന’ സ്വപ്നം പടർന്നു.

ഇന്നും ജീവിതത്തിൽ ഇരുട്ടു പടരുമ്പോൾ, സാമൂഹികാവസ്ഥയെപ്പറ്റി നിരാശ പടരുമ്പോൾ, പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഈ ഗാനം നമുക്കിടയിൽ ഉണ്ട്. നിലാവ് പടർന്ന ഒരു രാത്രിയിൽ ഒരു വള്ളപ്പുരയിലിരുന്ന് ഒഎൻവി കണ്ട, ദേവരാജൻ ചിറകുകൾ നൽകിയ സ്വപ്നം.

‘ഒത്തുനിന്നേ പൂനിലാവും

നെൽക്കതിരും കൊയ്യാൻ

തോളോടുതോളൊത്തു ചേർന്ന്

വാളുയർത്താൻ തന്നെ

പോരുമോ നീ പോരുമോ നീ

നേരു നേടും പോരിൽ’

എന്ന വിളിക്ക് കാതുകൊടുക്കാതിരിക്കാൻ ആർക്കാണു കഴിയുക?. പിന്നീട് കെ.പിഎസിക്കു വേണ്ടിയും കാളിദാസ കലാകേന്ദ്രം, പ്രതിഭാ ആർട്സ് തുടങ്ങി പല നാടകസമിതികൾക്കുവേണ്ടിയും നൂറുകണക്കിനു ഗാനങ്ങൾ ഒഎൻവി എഴുതി. 2014ൽ ‘പ്രണയസാഗരം’ എന്ന നാടകം വരെ സാധാരണക്കാരുമായി എളുപ്പത്തിൽ സംവദിക്കുന്ന ഈ രചനാരീതി അദ്ദേഹം സൂക്ഷിച്ചു.

‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’യിലെ വെള്ളാരം കുന്നിലെ..., ‘സർവേക്കല്ലി’ലെ മാരിവില്ലിൻ തേന്മലരേ, ഈ മണ്ണിൽ വീണ നിന്റെ , ‘മുടിയനായ പുത്രനി’ലെ തുഞ്ചൻപറമ്പിലെ തത്തേ, ഇല്ലിമുളം കാടുകളിൽ, ഉയരുകയായ് യവനിക, ‘പുതിയ ആകാശം പുതിയ ഭൂമി’യിലെ വരൂ യുഗപ്രഭാതമേ , കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രശസ്തമായ ‘ഡോകട്ർ’ എന്ന നാടകത്തിൽ ഇന്നത്തെ പ്രശസ്തനടി കവിയൂർ പൊന്നമ്മ പാടി ഹിറ്റാക്കിയ പൂക്കാരാ പൂക്കാരാ കൈക്കമ്പിളിൽനിന്നൊരു പൂ തരുമോ, അവതരണഗാനമായ കാലം കൈകളിലേറ്റുവാങ്ങിയ കലാ ലാവണ്യമേ, ‘കാക്കപ്പൊന്നി’ലെ മാനത്തെ മഴവില്ലിന്നേഴു നിറം, യേശുദാസ് പാടിയ ചുരുക്കം നാടകഗനങ്ങളിലൊന്നായ ‘അൾത്താര’യിലെ അത്തിക്കായ്കൾ പഴുത്തല്ലോ.. സി.ഒ. ആന്റോയെ എക്കാലവും നാം സ്മരിക്കുന്ന ‘ജനനീ ജന്മഭൂമി’യിലെ മധുരിക്കും ഓർമകളേ മലർ മഞ്ചൽ കൊണ്ടുവരൂ... തുടങ്ങിയ നാടകഗാനങ്ങളിൽ ഒന്നുപോലും ആസ്വാകരെ അല്പംപോലും ക്ലേശിപ്പിക്കുന്നില്ല.

എല്ലാ പാട്ടുകളും തൊട്ടടുത്തുനിന്ന് അരോ നമ്മോടു ഈണത്തിൽ സംസാരിക്കുന്നതുപോലെ... അർഥം അന്വേഷിക്കേണ്ട ഒരു വാക്കുപോലും നാടകഗാനങ്ങളിൽ ഉപയോഗിച്ചില്ല എന്നത് ഒഎൻവിയുടെ രചനാസവിശേഷതകളിൽ എടുത്തുപറയേണ്ട സംഗതിയാണ്.

ഇല്ലമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ... എന്ന ഗാനംപരിശോധിച്ചാൽ ആ രചനാവൈഭവത്തിന്റെ മാറ്ററിയാം. നിവരാ‍ൻപോലും നേരമില്ലാതെ ഇളവില്ലാതെ വേല ചെയ്തു തളരുന്ന നേരത്ത് തനിക്ക് ആശ്വാസമേകാനായി കടന്നുവരാൻ തെന്നലിനോടുള്ള അഭ്യർഥനയാണ് ഈ ഗാനം.

‘തരിവളച്ചിരിപൊട്ടും

കുളിർ കൈയിൽ ചന്ദനവും

പനിനീരും കൊണ്ടുവരൂ തെന്നലേ’

എന്ന വരികളിലെത്തുമ്പോൾ ഈ തെന്നലിന് സ്ത്രൈണഭാവം ലഭിക്കുന്നു. അവിടെ തെന്നൽ എന്നത് തന്റെ പ്രിയപ്പെട്ടവളുടെ സാന്നിധ്യമായും വ്യാഖ്യാനിക്കാം. തന്റെ അധ്വാനത്തിന്റെ ഈ നാളുകളിൽ ചന്ദവും പനിനീരുമായി സമത്വം എന്ന ചിരകലാ സമാശ്വാസം എത്തും എന്ന തൊഴിലാളിയുടെ പ്രതീക്ഷയായും ഈ തെന്നലിനെ വ്യാഖ്യാനിക്കാം. അവിടെ നാടകത്തിന്റെ കമ്യൂണിസ്റ്റ് ആശയപ്രചാരണം എന്ന ഉദ്ദേശ്യത്തിലേക്കും ഈ ഗാനം വളരുന്നു. ഒരേസമയം ഇങ്ങനെ പല അർഥതലങ്ങളിലേക്ക് വളരാൻ, എന്നാൽ, ഒരു ക്ലിഷ്ടപദം പോലും ഉപയോഗിക്കാതെ സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ കാഴ്ചകളും ബിംബങ്ങളും മാത്രം ഉപയോഗിക്കാനുള്ള വലിയ വൈഭവമാണ് ഒഎൻവി നാടകഗാനങ്ങളിൽ പ്രദർശിപ്പിച്ചത്.

എന്നാൽ, സിനിമാഗാനങ്ങളിൽ തീർത്തും വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. അവിടെ അദ്ദേഹത്തിലെ കവി കുറേക്കൂടി സ്വതന്ത്രനാവുന്നു.

ശരദിന്ദു മലർദീപനാളം നീട്ടി

സുരഭില യാമങ്ങൾ ശ്രുതിമീട്ടി (ഉൾക്കടൽ),

ആത്മാവിൽ മുട്ടിവിളച്ചതുപോലെ

സ്നേഹാതുരമായ് തൊട്ടുരിയാടിയപോലെ (ആരണ്യകം)

സാഗരമേ ശാന്തമാകനീ

സാന്ധ്യരാഗം മായുന്നിതാ (മദനോൽസവം)

ആരെയും ഭാവഗായകനാക്കും

ആത്മസൗന്ദര്യമാണു നീ (നഖക്ഷതങ്ങൾ),

വാതിൽപ്പഴുതിലൂടെൻമുന്നിൽ

കുങ്കുമം വാരിവിതറും ത്രിസന്ധ്യപോകെ (ഇടനാഴിയിൽ ഒരു കാലൊച്ച),

ശ്യാമസുന്ദര പുഷ്മേ, എന്റെ

പ്രേമസംഗീതമാണു നീ (യുദ്ധകാണ്ഡം)...

മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവൽപ്പോലെ (ഉത്തരം) പുളിയിലക്കരയോലും പുടവചുറ്റി പുതുചന്ദനത്തൊടുകുറി ചാർത്തി (ജാതകം) നിറതൻനൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജനിക്കുമോ (പരസ്പരം) എന്നൊക്കെ കവിതയോടടുത്തു നിൽക്കുന്നയാണ് അദ്ദേഹത്തിന്റ സിനിമാഗാനങ്ങൾ.

സിനിമാഗാനങ്ങളിലെ ഏറ്റവും പ്രധാന വിഷയമാണു പ്രണയം. മലയാളത്തിലെ മറ്റ് രചയിതാക്കളുമായി താരതമ്യം ചെയ്താൽ, കുലീനമായ അനുരാഗത്തിന്റെ പക്ഷത്തായിരുന്നു എന്നും ഒഎൻവിയുടെ ഗാനങ്ങൾ.

കുയിലിനോട് കൂടുതൽ ഉറക്കെ പാടാനും നിലാവിനോടു കൂടുതൽ പ്രഭ പൊഴിക്കുവാനുമാണു കവികൾ സാധാരണ പറയുക. പക്ഷേ, ഇവിടെ ഒരു കവി പാടുന്നു, ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...’ എന്ന്. കവികൾക്കും കാമുകന്മാർക്കും പതിവില്ലാത്ത ഈ അഭ്യർഥനയ്ക്കൊരു കാരണമുണ്ട്– ‘എന്നോമലുറക്കമായ് ഉണർത്തരുതേ...’കവിയുടെ അപേക്ഷ അവസാനിക്കുന്നില്ല.**

‘ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവേ

ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ...’,

ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ

സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..

കുയിലിന്റെ പാട്ടും നിലാവിന്റെ സംഗീതവുമൊന്നും ഇഷ്ടമില്ലാത്ത ആളല്ല ഈ നായകൻ. പക്ഷേ, അവന് അതിലും വലുത് ‘എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദപത്മങ്ങൾ തരളമായി ഇളവേൽക്കു’ന്നതാണ്. തന്റെ തൃഷ്ണകളെക്കാൾ വലുതാണ് അവന് അവളോടുള്ള സ്നേഹവും കരുതലും. ഒഎൻവിയുടെ ഈ വരികൾ വായിക്കുമ്പോൾ വൈലോപ്പിള്ളി എഴുതിയ

‘സാരി നീ ചെരിച്ചേറ്റി പോകെ, നിൻ മൃദുരോമ ചാരുവാം കണങ്കാൽ കണ്ടെനിക്കു പാവം തോന്നി’ എന്ന വരികൾ ചിലപ്പോൾ നാം ഓർത്തുപോകും. തന്നെക്കാളധികമായി തന്റെ പ്രിയപ്പെട്ടവളെ സ്നേഹിക്കുന്ന പ്രണയമാണ് ഈ വരികളിലൊക്കെ. അവളുടെ ഇഷ്ടത്തെ മാനിക്കുന്ന, അവളെ കരുതുന്ന പ്രണയം. ഒട്ടുമേ മാംസനിബദ്ധമല്ലാത്ത രാഗം. ആരണ്യം എന്ന സിനിമയ്ക്ക് അദ്ദേഹം ഏഴുതിയ വരിപോലെ...

ആത്മാവിൽ മുട്ടിവിളിച്ചതുപോലെ

സ്നേഹാതുരമായ് തൊട്ടുരിയാടിയപോലെ...

സമകാലികരായ മറ്റ് എഴുത്തുകാരിൽനിന്ന് ഒഎൻവിയുടെ പ്രണയവും കാമുകന്മാരും കുലീനത കൊണ്ടു വ്യത്യസ്തരാവുന്നു. നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ ഒരു നുള്ളു കൊടുക്കാൻ കൈ തരിച്ചു നിൽക്കുന്ന കാമുകനാണ് വയലാറിന്റേത്. കാമുകിയുടെ തിങ്കളാഴ്ച നോയമ്പ് മുടക്കുമെന്നും ഇളനീർക്കുടം ഉടയ്ക്കുമെന്നുമൊക്കെ വെല്ലുവിളിക്കുന്നു അവൻ. കാമുകിയെ പൂക്കുന്ന കടമ്പാക്കുകയും ഇടവപ്പാതിക്കു വിയർപ്പിക്കുകയുമൊക്കെ ചെയ്യുന്നവനാണ് ശ്രീകുമാരൻ തമ്പിയുടെ കാമുകൻ. അവളുടെ തുളുമ്പുന്ന മാറത്തും തുടിക്കുന്ന ചുണ്ടത്തും തേനുണ്ടെന്നും അവൻ അറിയുന്നു. രതിസുഖസാരമായ ദേവിയുടെ മെയ്യിലേക്കാണ് യൂസഫലി കേച്ചേരിയുടെ കാമുകന്റെയും നോട്ടം. പാവാടപ്രായത്തിലെ താമരമൊട്ട് ദാവണിപ്രായത്തിൽ പാതിവിടർന്നനതും അതിനുള്ളിൽ തേൻ തുളുമ്പുന്നതുമെല്ലാം കണ്ടുപിടിക്കുന്ന കുസൃതിക്കാരനാണ് ഈ നായകൻ.

പക്ഷേ, ഈവക സാഹസങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല ഒഎൻവിയുടെ നായകൻ. അദ്ദേഹം എഴുതുന്നു:

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ

മുകുളമായ് നീയെന്റെ മുന്നിൽ നിന്നു

തരള കപോലങ്ങൾ‌ നുള്ളി നോവിക്കാതെ

തഴുകാതെ ഞാൻ നോക്കി നിന്നു...’

അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ

ഒരു മാത്ര വെറുതേ നിനച്ചു പോയി...

മോഹങ്ങളെ കൂടുകൾക്കുള്ളിൽ കുറുകി ഇരിക്കാൻ വിടുകയും പറയാതെ കൊക്കിൽ ഒതുക്കുകയും ചെയ്യുന്നവരാണ് ആ നായകർ. ‘ഒരു നറു പുഷ്പമായ് എൻനേർക്കു നീളുന്ന മിഴിമുന ആരുടേതാവാം’ എന്നു പോലും അറിയാത്തത്ര ല‍ജ്ജാലുക്കൾ.

സിനിമാ ഗാനരചയിതാവിനു ശൃംഗാരം ഒഴിവാക്കാനാവില്ല. അത്തരം കഥാസന്ദർഭങ്ങളിലും കാര്യങ്ങൾ കൈവിട്ടുപോകാതെ സൂക്ഷിക്കാനുള്ള ജാഗ്രത ഒഎൻവി പുലർത്തി. ഏറ്റവും പേനവഴുതാൻ സാധ്യത ‘വൈശാലി’ എന്ന ചിത്രത്തിലായിരുന്നു. കാരണം, അതിന്റെ പ്രമേയംതന്നെ. പക്ഷേ, ഇന്ദ്രനീലിമയോലും... എന്ന ഗാനത്തിൽ ഒഎൻവി പുലർത്തിയ കയ്യടക്കം ശ്രദ്ധിക്കൂ

‘ഹംസങ്ങളിണചേരും വാഹിനീ തടങ്ങളിൽ

കൺചിമ്മി വനജ്യോൽസന മറഞ്ഞതെന്തേ

അതിൻ പൊരുൾ നിനക്കേതും അറിയില്ലല്ലോ....’എന്നും

ഉന്മത്തകോകിലത്തിൻ ആലാപശ്രുതികേൾക്കേ

പെൺകുയിൽ ചിറകടച്ചുയർന്നതെന്തേ

അതിൻപൊരുൾ നിനക്കേതും അറിയില്ലല്ലോ...എന്നും അർഥഗർഭമായി അദ്ദേഹം എഴുതുന്നു. ഇന്ദുപുഷ്പം ചൂടിനിൽക്കും.... എന്ന ഗാനത്തിൽ ‘മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം’ എന്ന പ്രയോഗത്തിൽ കവി നായികയുടെ വശീകരണ സാമർഥ്യം മുഴുവൻ സന്നിവേശിപ്പിച്ചിരിക്കുന്നത് എത്രയോ ആലോചാനാമൃതമാണ്.

സഭ്യതയുടെ എല്ലാ അതിരുകൾക്കുള്ളിലും നിന്ന് സിനിമയുടെ പ്രമേയം ആവശ്യപ്പെട്ട സംഭോഗശൃംഗാരസൂചനകൾ കവിതയിലേക്കു സമർഥമായി വർഷിച്ചിരിക്കുന്ന ഈ കയ്യടക്കമാവണം ‘വൈശാലി’ എന്ന ചിത്രത്തിന് അദ്ദേഹത്തെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്.

ഇനി പഞ്ചാഗ്നി എന്ന ചിത്രത്തിലെ സാഗരങ്ങളേ... എന്ന ഗാനം കാണുക.

‘കന്നിമണ്ണിന്റെ ഗന്ധമുയർന്നു

തെന്നൽ മദിച്ചുപാടുന്നു

ഈ നദിതൻ മാറിലാരുടെ

കൈവിരൽപ്പാടുകൾ ഉണരുന്നു...’

എന്ന വരികൾ ശ്രദ്ധിക്കുക. നായികാനായകന്മാർ ശാരീരികമായി പരസ്പം ഇഴുകി ചേരുന്ന രംഗത്തിനു പശ്ചാത്തലമാണ് ഈ വരികൾ. ഇതിലെ ‘കന്നിമണ്ണ്’ എന്ന പദപ്രയോഗത്തിലൂടെ നായികയുടെ ശാരീരിക വിശുദ്ധിയും ‘ഗന്ധമുയർന്നു’ എന്ന പദത്തിൽ രതിഭാവവുമൊക്കെ ഒഎൻവി ധ്വനിപ്പിച്ചിരിക്കുന്നതിന്റെ ഭംഗി എത്രയോ മനോജ്ഞമാണ്. ഒരുകൊച്ചു സ്വപ്നം എന്ന ചിത്രത്തിൽ അദ്ദേഹമെഴുതിയ

‘മാറിൽ ചാർത്തിയ മരതക കഞ്ചുകമഴിഞ്ഞു വീഴുന്നു

മാരകരാംഗുലീ കളഭം പൂശി പൂവുടൽ ഉഴിയുന്നു

നഖക്ഷതങ്ങൾ സുഖകരമാമൊരു വേദന പടരുന്നു

സഖീ നീ അടിമുടിയുരുകും സ്വർണത്തകിടായ് മാറുന്നു’

എന്ന വരികൾ ശ്രദ്ധിക്കുക. ഒരുപക്ഷേ, ഒഎൻവി എഴുതിയ എറ്റവും വിവൃതമായ ശൃംഗാരം ഇതാണ്. അദ്ദേഹത്തിന്റെ പരമാവധിയും ഇതാണ്. ഇതിൽക്കൂടുതൽ തുറന്ന് അദ്ദേഹം ശൃംഗാരം എഴുതിയിട്ടില്ല. ‘എന്തിനായിരുന്നു മറ്റു ഗാനരചയിതാക്കൾക്കില്ലാത്ത ഈ നിയന്ത്രണം?’ ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ ഒരു അധ്യാപകനാണ്. എന്റെ ശിഷ്യർക്ക് ആരുടെ മുന്നിലും അപമാനം തോന്നുന്ന ഒരു വരിപോലും ഞാൻ എഴുതാൻ പാടില്ല. പിന്നെ, എന്തും തുറന്നുകാണിക്കുന്നതിലല്ല സൗന്ദര്യം. ധ്വനിയാണു കവിതയുടെ ശക്തി.’ അദ്ദേഹം പറഞ്ഞു.

വിരഹത്തിനും കുലീനത നൽകി ഒഎൻവി. സുമംഗലീ നീ ഓർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈഗാനം എന്ന പാട്ടിൽ വയലാർ എഴുതി ‘നിറഞ്ഞ മാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ...’ എന്ന്. ലൗലി എന്ന ചിത്രത്തിലെ ‘എല്ലാ ദുഃഖവും എനിക്കു തരൂ.. എന്ന ഗാനത്തിൽ ടി.വി. ഗോപാലകൃഷൺ പിരിഞ്ഞുപോവുന്ന കാമുകയോടുപറയുന്നത് ‘മധുവിധു രാവുകൾ മാദക രാവുകൾ മദനോൽസവമായ് ആഘോഷിക്കൂ...എന്നാണ്. ഇങ്ങനെ പാടി പിരിയുന്നവരല്ല ഒഎൻവിയുടെ പ്രണയികൾ. ഉറപ്പായ വിരഹത്തിലും, സ്നേഹത്തിലുള്ള വിശ്വാസം അവർ കൈവെടിയുന്നില്ല. അദ്ദേഹം എഴുതുന്നു. പരസ്പരം എന്ന സിനിമയിലെ മനോഹരമായ ‘നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ...’ എന്ന വിരഹഗാനത്തിൽ അദ്ദഹം എഴുതുന്നത്

‘വെറുമൊരോർമതൻ കിളുന്നു തൂവലും

തഴുകി നിന്നെക്കാത്തിരിക്കയാണു ഞാൻ...

നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

മറഞ്ഞസന്ധ്യകൾ പുനർജനിക്കുമോ?’ എന്നാണ്.

മദനോൽവത്തലെ മാടപ്രാവേ വാ.. എന്ന പാട്ടിൽ

‘ഈ വയൽപ്പൂക്കൾ പോൽ നാം കൊഴി‍ഞ്ഞാലും

ഈ വഴിയിലാകെ നീ കൂടെ വരാമോ? പാടിവരാമോ’ എന്നാണ് നായകന്റെ വിരഹസ്വപ്നങ്ങൾ.

‘മധുപാത്രമെങ്ങോ ഞാൻ മറന്നുപോയി

മനസ്സിലെ ശാരിക പറന്നു പോയി

വിദൂര തീരങ്ങളെ അവളെ കണ്ടോ?

ഓർമകളേ, കൈവള ചാർത്തി വരൂ

വിമൂകമീ വേദി...’ എന്നാണ് പ്രതീക്ഷ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം വിരഹം ചാലിച്ചത്.

നഷ്ടപ്പെടുന്നുണ്ട്, പക്ഷേ, നശിക്കുന്നില്ല– അതാണ് ഒഎൻവിയുടെ പ്രണയം. കാരണം, അവ നശ്വരമായ ശരീരത്തിലല്ല; അനശ്വരമായ ആത്മാവിലാണു മുട്ടിവിളിച്ചത്. രചനാസ്വാതന്ത്ര്യം കുറവാണ് സിനിമാഗാനങ്ങൾ‌ക്ക്. സന്ദർഭത്തിനൊത്തും സംഗീതത്തിനൊത്തും എഴുതേണ്ട പരിമിതികളിൽപ്പെട്ട് ഭാഷ വികലമാക്കാത്ത വിരലിലെണ്ണാവുന്ന ഗാനരചയിതാക്കളിൽ ഒരാളാണ് ഒഎൻവി. മലയാളത്തിലെ പല ഗായകരും സംഗീതമിട്ടിട്ട് എഴുതിയപ്പോൾ പതറിപ്പോയതു നാം കണ്ടിട്ടുണ്ട്. പക്ഷേ, ഒഎൻവി ഇക്കാര്യത്തിലും അസൂയാർഹമായ പ്രതിഭ പുലർത്തി. ‘സാഗരമേ ശാന്തമാകനീ, മാടപ്രാവേ വാ, സന്ധ്യേ കണ്ണീരിതെന്തേ, നീ വരൂ കാവ്യ ദേവതേ, മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, ഇന്ദ്രനീലിമയോലും തുടങ്ങിയ പാട്ടുകളൊക്കെ ഇത്തരത്തിൽ എഴുതിയതാണെന്നു നമുക്കു വിശ്വസിക്കാൻ കഴിയുമോ? തന്റെ ഈണത്തിനൊത്ത് ഒഎൻവി തന്നെ എഴുതണമെന്ന് സലിൽ ചൗധരിയെപ്പോലുള്ള അന്യഭാഷാ സംഗീതജ്ഞർ വാശിപിടിക്കുകപോലുമുണ്ടായിട്ടുണ്ട്.

ഒരോ പാട്ടിലും ഓരോതരത്തിലുള്ള അവിശ്വസനീയതയാണ് ഒഎൻവി. അദ്ദേഹത്തിന്റെ അനന്യത നാം ഏറെയൊന്നും മനസ്സിലാക്കിയിട്ടില്ലെന്നു കാലം നമ്മോടു പറയാൻ പോകുന്നതേയുള്ളൂ. ഈ വയൽപ്പുക്കൾപ്പോൽ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ അവ പൂത്തുനിൽക്കും

കവി, സിനിമാഗാനരചയിതാവ്, നാടകഗാന രചയിതാവ് എന്നീ മൂന്നു നിലകളിലായിരുന്നു ഒഎൻവിയുടെ കലാജീവിതം. ഇതിൽ ആദ്യ രണ്ട് മേഖലയിലും ആ രംഗത്തെ ഏറ്റവും വലിയ പ്രതിഭാശാലി എന്ന് ഒഎൻവിയെ നിസ്സംശയം വിളിക്കാവില്ല. മലയാളം കണ്ട ഏറ്റവും മികച്ച കവിയും സിനിമാഗാനരചയിതാവും ഒഎൻവി ആണെന്ന് നിസ്തർക്കം പ്രസ്താവിക്കാനുമില്ല. പക്ഷേ, മലയാളഗാനശാഖയിൽ ഇന്നു വരെ പിറന്ന ഏറ്റവും മനോഹരമായ നാടകഗാനങ്ങളുടെ സൃഷ്ടാവ് ഒഎൻവി കുറുപ്പാണെന്ന് നിസ്സംശയം ചൂണ്ടിക്കാട്ടാം. ആ മേഖലയിൽ അദ്ദേഹം ഒരു ചക്രവർത്തിതന്നെയായിരുന്നു. പ്രതിഭയുടെ ആ വാർമുടിക്കെട്ടിൽനിന്ന് എത്രയോ മഴവില്ലിൻ തേന്മലരുകളാണ് മലയാള ഗാനാകാശത്ത് ഊർന്നുവീണത്.

Your Rating: