Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയാ പൈസയില്ല കൈയിലൊരു നയാ പൈസയില്ല...

note-ban

ജീവിതത്തിലെ ഓരോ സാഹചര്യങ്ങളെ കുറിച്ചുമുണ്ടാകും ഒരു സിനിമാ പാട്ട്. കൃത്യമായ സമയങ്ങളില്‍ കുറിക്കു കൊള്ളുന്ന പോലെ നമ്മളതു പാടി രസിക്കാറുമുണ്ട്. രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച സമയത്തും ഓർമ വരുന്നില്ലേ അങ്ങനെ ചില പാട്ടുകളെ...

നയാ പൈസയില്ല കയ്യിലൊരു പൈസയില്ലാ...അങ്ങനെ ചിലത്. പാടാൻ തോന്നിയില‌്ലെങ്കിലും എവിടെ നിന്നോ ഈ പാട്ടു ഉയർന്നു വരുന്നതായെങ്കിലും തോന്നുന്നില്ലേ...മറ്റാരെങ്കിലും ഈ പാട്ടു പാടുന്നതായിട്ടെങ്കിലും തോന്നാതിരിക്കില്ല. നരേന്ദ്ര മോഡി സർക്കാർ കള്ളപ്പണം തടയുന്ന നടപടികളിൽ ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടു കൈക്കൊണ്ട നടപടി നയാ പൈസയില്ലാത്തെ അവസ്ഥയാണു പലർക്കും നൽകിയത്. ഇന്നലെ മുതല്‍ക്കേ തുടങ്ങിയതാണ് സമൂഹ മാധ്യമങ്ങളിൽ ഈ വിഷയത്തെ കുറിച്ചുള്ള ട്രോൾ പൂരം. അക്കൂട്ടത്തിൽ ചില പാട്ടുകളും പരാമർശിക്കുന്നുണ്ട്. 

പൈസ മനുഷ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന കാര്യങ്ങളെ കുറിച്ച് പണ്ടത്തെ മലയാളം സിനിമകളിൽ വന്ന ചില രസകരമായ പാട്ടുകളെ ഓർത്തെടുക്കാം....

നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല...

സിനിമയിലെ ഈ ഗാനം ദാരിദ്ര്യത്തെ കുറിച്ചാണ് പാടുന്നത്. പൈസയില്ലാത്തതുകൊണ്ട് നഞ്ചു വാങ്ങി തിന്നാന്‍ പോലും നിവൃത്തിയില്ലെന്ന്. നമ്മളുടെ കാര്യവും വ്യത്യസ്തമല്ലല്ലോ. കയ്യിൽ അഞ്ഞൂറു രൂപയുണ്ടായിട്ടും അഞ്ചു രൂപയുടെ മഞ്ച് വാങ്ങി തിന്നാൻ പോലും കഴിയാത്ത അവസ്ഥയാണല്ലോ നമ്മളിൽ പലരും. നയാ പൈസയില്ലാത്ത അവസ്ഥ.‌..

എറ്റിഎമ്മിൽ നിന്നു ശമ്പളത്തിന്റെ ഒരു വിഹിതം പിൻവലിച്ച് സന്തോഷത്തോടെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നുള്ളൂ പലരും. ഷോപ്പിങ്ങിനു പോകുവാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനിടയിലാണ് ഈ വാർത്തയെത്തിയത്. കയ്യിലുള്ള നോട്ടുകൾക്കെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഒരു വിലയുമില്ലാതാകുമെന്ന വാർത്തയുണ്ടാക്കിയ അമ്പരപ്പിൽ നിന്നു പുറത്തുകടക്കുന്നേയുള്ളൂ നമ്മൾ. കണക്കുകൂട്ടലുകളെല്ലാം കുറച്ചു മണിക്കൂറുകൾ നേരത്തേക്കാണു വെള്ളത്തിലായതെങ്കിലും അറിയാതെ പാടിപ്പോകുകയാണീ പാട്ട്.

നീലി സാലി എന്ന ചിത്രത്തിലെ വരികൾ ഭാസ്കരൻ മാസ്റ്റർ എഴുതി കെ.രാഘവൻ മാസ്റ്റർ ഈണമിട്ട് മെഹബൂബ് പാടിയതാണ്. 

കേളെടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത്

അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ സർക്കാർ പിന്‍വലിക്കുമ്പോൾ നോട്ടുകളിലെ കേമൻ നൂറു രൂപയാണ്(പുത്തൻ ലുക്കിൽ അഞ്ഞൂറ് രൂപ എത്തും വരെയേ ഈ ഗമയുള്ളെങ്കിലും). ഒട്ടും നിനച്ചിരിക്കാതെയാണ് ഈ പട്ടം 100 രൂപ നോട്ടിനു ചാര്‍ത്തിക്കിട്ടിയത്. ഈ നൂറു രൂപയ്ക്ക് പണ്ട് പതിനായിരത്തിന്റേയോ അല്ലെങ്കിൽ അതിന്‍റെയും മുകളിലോ സ്ഥാനമുള്ള കാലമുണ്ടായിരുന്നു. ദാ ഈ പാട്ടിലുണ്ട് അക്കാര്യം...അഞ്ഞൂറ്, ആയിരം നോട്ടുകൾ നിലവിലിരിക്കേ തന്നെ ഒരു കാമുകൻ കാമുകിയുടെ മതിപ്പു കിട്ടാൻ പറയുന്നത് നൂറു രൂപ കൊണ്ട് ആറാട്ടു നടത്താം എന്നാണ്. 

അപ്പനും അമ്മയ്ക്കും ആയിരവും നൽകും അച്ചായൻമാർക്ക് അഞ്ഞൂറു രൂപയും അയലത്തുള്ളവർക്ക് അമ്പത് രൂപയും വിഹിതം അച്ചാരം നൽകിയിട്ട് കല്യാണം കഴിക്കാം എന്നു വരെ അവൾക്കു വാഗ്‍ദാനം നൽകുന്നുണ്ട്. ഡോക്ടർ എന്ന ചിത്രത്തിലെ ഗാനം പാടിയത് മെഹബൂബും കോട്ടയം ശാന്തയും ചേര്‍ന്നാണ്. പി.ഭാസ്കരന്റെ വരികൾക്കു ഈണം പകർന്നത് ജി.ദേവരാജനാണ്.

ഒരു രൂപ നോട്ടു കൊടുത്താൽ...

ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരുമെന്ന പാട്ട് ലോട്ടറി ടിക്കറ്റിനെ കുറിച്ചുള്ളതാണ്. നോട്ടുകൾ പിന്‍വലിച്ചതോടെ ലോട്ടറി തെരഞ്ഞെടുപ്പ് പോലും മാറ്റി വച്ചിരിക്കുകയാണ് സർക്കാർ. 

ഹാസ്യ സാമ്രാട്ട് അടൂർ ഭാസി തന്നെയാണീ ഗാനം പാടിയതും അഭിനയിച്ചതും. ലോട്ടറി ടിക്കറ്റുകളെ കുറിച്ചുള്ള അനൗൺസ്മെന്റിൽ പോലുമുണ്ട് രസകരമായൊരു സംഗീത ഭാഷ്യം. ലോട്ടറി തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നവരുടെ മനസിൽ ഒരിക്കലെങ്കിലും ഈ പാട്ടും അനൗൺസ്മെന്റും ഓടിയെത്തിയിരുന്നിരിക്കാം. ശ്രീകുമാരൻ തമ്പി എഴുതി വി.ദക്ഷിണാമൂർത്തി ഈണമിട്ട പാട്ട് ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിലേതാണ്.