Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവി കുറുപ്പിന് പിറന്നാൾ

O. N. V. Kurup

കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ കവി ഒഎൻവിക്ക് ഇന്ന് ജന്മദിനം. ഒ.എൻ.വി എന്ന മൂന്നക്ഷരം മലയാളികൾക്ക് കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒഎൻവി കുറുപ്പിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസിലാണ്.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ ‘അരിവാളും രാക്കുയിലും‘ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള സാഹിത്യ ലോകം ഒൻഎൻവി എന്ന 17 കാരനെ ശ്രദ്ധിച്ചു തുടങ്ങിയത്. 1949ൽ ആദ്യ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം‘ പ്രസിദ്ധീകരിച്ചു. പിന്നീട് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയിൽപ്പീലി, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, മൃഗയ, തോന്ന്യാക്ഷരങ്ങൾ, അപരാഹ്നം, ഉജ്ജയിനി, വെറുതെ, സ്വയംവരം, ഭൈരവന്റെ തുടി തുടങ്ങി നിരവധി കൃതികൾ.

O. N. V. Kurup

ചവറ ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഒ.എൻ.വിയുടെ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലും, തിരുവന്തപുരം ആർട്ട് ആന്റ് സയൻസ് കോളേജിലും, കണ്ണുർ ബർണ്ണൻ കോളേജിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ.വിമൻസ് കോളേജിലെ മലയാള വിഭാഗം മേധാവിയായി 1986ൽ വിരമിച്ചു.

മലയാള സാഹിത്യ വേദിക്ക് മാത്രമല്ല മലയാള സിനിമഗാന ശാഖയ്ക്കും ഒഎൻവി നൽകിയ സംഭാവന വിസ്മരിക്കാനാവാത്തതാണ്. 1955 ൽ പുറത്തിറങ്ങിയ കാലം മറന്നു എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി ഒഎൻവി അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ചത് ഒഎൻവി, ജി. ദേവരാജൻ എന്നീ മഹാരഥൻമാരെയാണ്. തുർന്ന് കളിയാട്ടം, പുത്രി, കരുണ, കറുത്ത രാത്രികൾ, അദ്ധ്യാപിക, കുമാരസംഭവം, നിശാഗന്ധി, സ്വപ്നം, മദനോത്സവം, ഉൾക്കടൽ, ദേവദാസി, ചില്ല് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

വൈശാലി എന്ന ചിത്രത്തിലൂടെ കേന്ദ്രസർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും കേരളസർക്കാറിന്റെ പുരസ്കാരം 13 തവണയും ഒഎൻവിയെ തേടി എത്തിയിട്ടുണ്ട്. 1971ൽ ‘അഗ്നിശലഭങ്ങൾ‘ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം. 1975 ൽ ‘അക്ഷര‘ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ഉപ്പ്‘ എന്ന കൃതിക്ക് 1981ൽ സോവിയറ്റ്ലാൻഡ് നെഹ്റു പുരസ്കാരവും 1982ൽ വയലാർ പുരസ്കാരവും ലഭിച്ചു. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2008ൽ സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

2005ൽ പത്മപ്രഭാ പുരസ്കാരം, 2009ൽ രാമാശ്രമം ട്രസ്റ്റ് പുരസ്കാരം എന്നിവയ്ക്കും അർഹനായി. 2007 ൽ ജ്ഞാനപിഠം പുരസ്കാരവും, 2011 ൽ പത്മവിഭൂഷൺ പുരസ്കാരവും ഒഎൻവിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കേരള കലാമണ്ഡലം ചെയർമാൻ, കേരള സാഹിത്യ അക്കാദമി ഫെലോ തുടങ്ങിയ നിലകളിലും ഒ.എൻ.വി പ്രവർത്തിച്ചിട്ടുണ്ട്. എൺപത്തിനാലാം വയസ്സിന്റെ ധന്യതയിലും സജീവമായ കാവ്യജീവിതം കൊണ്ട് മലയാളഭാഷയെ അനുഗ്രഹിക്കുന്ന ഒ എൻ വിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.

Evergreen Hits of ONV Kurup

ഒഎൻവിയുടെ പ്രശസ്ത സിനിമാ ഗാനങ്ങൾ

മാണിക്ക വീണയുമായെന്ന്

എല്ലാം ശിവമയം

ശ്യാമസുന്ദര പുഷ്പമേ

മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ

ആരെയും ഭാവ ഗായകനാക്കും

ആത്മാവിൽ മുട്ടിവിളിച്ചതുപോലെ

ഒരു ദലം മാത്രം വിടർന്നൊരു

ശ്യാമസുന്ദരപുഷ്പമേ

സാഗരങ്ങളേ

നീരാടുവാൻ നിളയിൽ

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി

ശരദിന്ദുമലർദീപ നാളം നീട്ടി

ഓർമകളേ കൈവള ചാർത്തി

അരികിൽ നീയുണ്ടായിരുന്നെങ്കിൽ

വാതില്പഴുതിലൂടെൻ മുന്നിൽ

ആദിയുഷസന്ധ്യപൂത്തതിവിടെ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.