Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരം പാദസരങ്ങള്‍ കിലുങ്ങി...

prem-nazir

ഓർ‌മ്മയുടെ അഭ്രപാളികളിലേക്ക് മലയാളത്തിന്റെ നിത്യഹരിത നായകൻ നടന്നു നീങ്ങിയിട്ട് ഇരുപത്തിയേഴു വർഷം തികയുന്നു. നാലു പതിറ്റാണ്ടോളം മലയാള സിനിമയ്ക്കൊപ്പം അകലങ്ങൾ പാലിക്കാതെ ജീവിച്ച നടനായിരുന്നു പ്രേം നസീർ. ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്റെ പകിട്ടുകളില്ലാതെ ചലച്ചിത്രങ്ങളുടെ യാഥാർഥ്യങ്ങളോട് പൊരുതി നിന്ന നടൻ. 1989 ജനുവരി പതിനാറിന് നസീർ കടന്നുപോയപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു നടനെ മാത്രമല്ല, മനുഷ്യ സ്നേഹിയായ ഒരു പ്രതിഭയെ കൂടിയായിരുന്നു.

1952ല്‍ എം കെ ചാരി സംവിധാനം ചെയ്ത് പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച മരുമകള്‍ എന്ന ചിത്രത്തില്‍ തുടങ്ങി 1989ലെ ധ്വനി വരെ അറുന്നൂറില്‍ അധികം ചിത്രങ്ങള്‍, ആയിരക്കണക്കിന് ഗാനങ്ങള്‍... പ്രണയവും വിരഹവും ആഹ്ലാദവും ഹാസ്യവും വീരവും മുഖഭാവങ്ങളിലൂടെ പാട്ടിനോട് അതിശയകരമാംവിധം ലയിപ്പിച്ച മറ്റൊരു നടനെയും മലയാളസിനിമയുടെ ചരിത്രത്തില്‍ കാണാനാവില്ല.  ആയിരം പാദസരങ്ങള്‍, താമസമെന്തേ, ഹൃദയ സരസിലെ തുടങ്ങി നസീറിനെ അനശ്വരനാക്കുന്ന എത്രയെത്ര ഗാനങ്ങള്‍... ഈ ഓർമ ദിനത്തിൽ ആ പാട്ടുകളിലൂടെ ആ മുഖം ആ നടനം ഒന്നുകൂടി കാണാം....

താമസമെന്തേ വരുവാന്‍...

യേശുദാസിനെ കുറിച്ച് മനസിൽ വിചാരിക്കുമ്പോൾ തന്നെ കാതുകളിലേക്ക് അനുവാദം ചോദിക്കാൻ നിൽക്കാതെ കടന്നുവരുന്ന ചലച്ചിത്ര ഗീതം. ദാസേട്ടൻ പാടിലയിച്ച പാട്ട്. കാലം പിന്നെയും കടന്നുപോകുമ്പോഴും ഒളിമങ്ങാത്ത ചിത്രം പോലുള്ള പാട്ട്. ഈ പാട്ട് കേട്ടും അതിനെ കുറിച്ചെഴുതിയും ഇനിയും നമുക്ക് മതിയായിട്ടില്ല. പി ഭാസ്കകന്‍ മാഷിന്റെ വരികൾക്ക് ബാബുക്ക(എം എസ് ബാബുരാജ്)യുടെ ഈണത്തിൽ പിറന്ന പാട്ടാണ് താമസമെന്തേ വരുവാൻ. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ഏക ചിത്രമാണ് 1964 നവംബര്‍ 22നു പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചവയായിരുന്നെങ്കിലും താമസമെന്തേ വരുവാന്‍ എക്കാലത്തും സംഗീത പ്രേമികളുടെ പ്രിയഗാനമാണ്. എം എസ് ബാബുരാജ് ഈണം നല്‍കിയ പി ഭാസ്‌കരന്റെ വരികള്‍ ആലപിച്ചത് കെ ജെ യേശുദാസായിരുന്നു.

പ്രാണസഖീ ഞാന്‍ വെറുമൊരു

മലയാളികൾ ഒരു പാട്ടിനെ പ്രണയിക്കുന്നുവെങ്കിൽ അത് ഇതാണ് പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍... പി ഭാസ്‌കരന്‍, എംഎസ് ബാബുരാജ്, യേശുദാസ്, നസീര്‍ കൂട്ടുകെട്ടില്‍  പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 1967 ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലേതാണീ ഗാനം. ഗന്ധര്‍വ്വഗായകന്റെ ശബ്ദ സൗകുമാര്യത്തില്‍ അനശ്വരമായ ഗീതം.

ആയിരം പാദസരങ്ങള്‍ കിലുങ്ങി

ആലുവ പുഴയുടെ പാദസര കിലുക്കത്തെ കുറിച്ച്് നമ്മളോടു പറഞ്ഞത് വയലാറാണ്. ആ വരികളെയെടുത്ത് ദേവരാജൻ മാസ്റ്റർ ഈണമിട്ടു. ദാസേട്ടൻ പാടി. ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി.....മലയാളത്തിന്റെ എക്കാലത്തേയും മികച്ച ഗാനം. പ്രേം നസീര്‍, ശാരദ, മധു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ നദി 1969ലാണ് പുറത്തിറങ്ങിയത്.

സന്ന്യാസിനി...

ഹരിഹരന്‍ സംവിധാനം ചെയ്ത് 1974 ല്‍ പുറത്തിറങ്ങിയ രാജഹംസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍, ദേവരാജന്‍, യേശുദാസ്, പ്രേംനസീര്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച മറ്റൊരു മനോഹര ഗാനം.

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം കെ അര്‍ജുനന്‍മാസ്റ്റര്‍ ഈണം നല്‍കി കെ ജെ യേശുദാസ്, വാണി ജയറാം എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനമാണ് വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി. 1975 ല്‍ പുറത്തിറങ്ങിയ ശശികുമാര്‍ ചിത്രമായ പിക്്‌നിക്കിലേതാണീ നിത്യഹരിത ഗാനം.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍

പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 1967 ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ മറ്റൊരു ഗാനമാണ് ഒരു പുഷ്പം മാത്രം. എം എസ് ബാബുരാജിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി കണക്കാക്കുന്ന ഗാനത്തിന്റെ വരികള്‍ പി ഭാസ്‌കരന്റേതാണ്. കെ ജെ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കരയുന്നോ പുഴ ചിരിക്കുന്നോ

സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന എം.ടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കി എ വിന്‍സെന്റ് സംവിധാനം ചെയ്ത് 1965 ല്‍ പുറത്തിറങ്ങിയ മുറപ്പെണ്ണ് എന്ന ചിത്രത്തിലേതാണ് കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം. ഗാനത്തിന്റെ ഭാവം ഉള്‍ക്കൊണ്ട് യേശുദാസ് പാടി, നസീര്‍ അഭിനയിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് അതിമധുരമായൊരു ഗാനമാണ്. പി ഭാസ്‌കരന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബി എ ചിദംബരനാഥാണ്.

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്ന് പാട്ടിന്റെ പാലാഴി തീര്‍ത്ത ഗാനം 1971 ല്‍ പുറത്തിറങ്ങിയ വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലേതാണ്. പി ഭാസ്‌കരന്റെ വരികള്‍ക്ക് വി ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസ് പാടിയ ഗാനം നിത്യഹരിത നായകന്റെ നിത്യഹരിത ഗാനങ്ങളിലൊന്നാണ്.

ഹൃദയസരസിലെ പ്രണയ പുഷ്പമേ

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1968 ല്‍ പുറത്തിറങ്ങിയ ചിത്രമായ പാടുന്ന പുഴ എന്ന ചിത്രത്തിലേതാണ് ഈ മനോഹരഗാനം. മലയാളത്തിന്റെ പ്രിയ പ്രണയജോഡികളായ പ്രേം നസീറും ഷീലയും അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് വി ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയിരിക്കുന്നു. 

നീ മധു പകരൂ

നസീര്‍-ഷീല ജോഡികളുടെ മറ്റൊരു മനോഹര പ്രണയഗാനമാണ് നീ മധു പകരൂ മലര്‍ ചോരിയൂ എന്നത്. 1970 ല്‍ പുറത്തിറങ്ങിയ ൂടല്‍ മഞ്ഞ് എന്ന ചിത്രത്തിന് വേണ്ടി ഉഷ ഖന്ന ഈണം നല്‍കി കെ ജെ യേശുദാസ് പാടിയ ഗാനം രചിച്ചത് പി ഭാസ്‌കരനാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.