Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഡി ബർമ്മന് ഇന്ന് ജന്മദിനം

R D Burman

പ്രശസ്തരായ മാതാപിതാക്കളുടെ അതിപ്രശസ്തനായ മകൻ, ആർഡി ബർമ്മന് എന്തുകൊണ്ടും ചേരുന്ന വിശേഷണമായിരിക്കും അത്. ബോളിവുഡിന്റെ സംഗീത ചരിത്രത്തിൽ തങ്ക ലിപികളിലെഴുതിയിരിക്കുന്ന പേരാണ് രാഹുൽ ദേവ് ബർമ്മൻ. മൺമറഞ്ഞെങ്കിലും, എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന നിരവധി ഗാനങ്ങൾ ബോളിവുഡിന് സമ്മാനിച്ച ബർമ്മന്റെ 76–ാം ജന്മദിനം ഇന്ന്.

ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങളുടെ മനോഹാരിതകൊണ്ട് വിസ്മൃതിയിലാഴാത്ത ഈ പ്രതിഭ ബോളിവുഡ് സംഗീതസംവിധായകനായിരുന്ന സച്ചിൻ ദേവ് ബർമ്മന്റേയും ഗാനരചയത്രിയായ മീരാ ദേവ് ബർമ്മന്റെയും മകനായി 1939 ജൂൺ 27 നാണ് ജനിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ കരയുമ്പോൾ സംഗീതത്തിലെ അഞ്ചാം നോട്ടായ പാ എന്ന ശബ്ദമുണ്ടാക്കുന്നതുകൊണ്ട് മാതാപിതാക്കൾ രാഹുലിനെ പഞ്ചം എന്ന ഓമനപ്പേര് നൽകി. പിന്നീട് അദ്ദേഹം ബോളിവുഡിന്റെ പ്രിയ പഞ്ചംദ ആയി മാറി.

പ്രശസ്ത സരോദ് വാദകൻ അലി അക്ബർ ഖാന്റെ കീഴിൽ സരോദും സമ്ത പ്രസാദിന് കീഴിൽ തബലയും അഭ്യസിച്ച പഞ്ചംദ സലീൽ ചൗധരിയെ തന്റെ മാനസഗുരുവായാണ് കാണുന്നത്. രാഹുൽ ദേവ് ബർമ്മന് സംഗീത ലോകത്ത് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. ഒമ്പതാം വയസിൽ രാഹുൽ തന്റെ ആദ്യ ഗാനം ചിട്ടപ്പെട്ടുത്തി. ആയെ മേരി തോ ഫി ഫലത് കെ ആ എന്ന ആ ഗാനം പിതാവ് എസ് ഡി ബർമ്മൻ ഫന്ദൂഷ് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. പിന്നീട് പത്താം വയസിൽ പഞ്ചം ഈണം നൽകിയ സാർ ജൊ തെരാ ചകരായോ‘ എന്ന ഗാനവും ഗുരു ദത്തിന്റെ പ്യാസ് എന്ന് ചിത്രത്തിലേക്ക് എസ് ഡി ബർമ്മൻ ചേർത്തു.

Best Of R D Burman Songs

അച്ഛൻ എസ്.ഡി. ബർമ്മന്റെ സഹായി ആയിട്ടാണ് ആർ.ഡി. ബർമ്മൻ സംഗീതസംവിധാനത്തിലേയ്ക്കെത്തുന്നത്. എസ്.ഡി. ബർമ്മന്റെ ‘ചല്തി കാ നാം ഖാദി‘(1958), കാഗസ് ക ഫൂൽ(1959) എന്നീ ചിത്രങ്ങളിൽ മകൻ ആർ.ഡി. ബർമ്മൻ സഹായി ആയി. ഗുരു ദത്തിന്റെ റാസ് എന്ന ചിത്രത്തിലൂടെയാണ് ആർഡി ബർമ്മൻ ആദ്യമായി സ്വതന്ത്രസംഗീതം സംവിധായകനാകുന്നതെങ്കിലും ചിത്രം പകുതിവെച്ച് ഉപേക്ഷിക്കപ്പെട്ടു. 1961ൽ പുറത്തിറങ്ങിയ ചോട്ടെ നവാബ് എന്ന ചിത്രമായിരുന്നു പഞ്ചംദായുടെ പുറത്തിറങ്ങിയ ആദ്യ സിനിമ.

1960 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് ആർഡി ബർമ്മൻ ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത്. ആർഡി ബർമ്മൻ കിഷോർ കുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ അക്കാലത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി എന്നിവരെയെല്ലാം പ്രശസ്തരാക്കിയതിൽ ആർഡി ബർമ്മന്റെ ഈണങ്ങളുടെ പങ്ക് ചെറുതല്ല. 1980ൽ പ്രശസ്ത ഗായിക ആശാ ബോസ്ലേയെ ജീവിത പങ്കാളിയാക്കി പഞ്ചംദാ. പിന്നീട് ഇരുവരും ചേർന്ന് നിരവധി സൂപ്പർഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ചു.

ഗർ ആജാ ഗർ ആജാ (ചൊട്ടെ നവാബ്1961), ഓ ഗംഗാ മയ്യാ (തേരി മൻസിൽ1967), റയ്ന ബീത്തി ജായെ (അമർ പ്രേം1972), ബീത്തി നാ ബിത്തായി രയ്ന (പരിചയ്1973), മെരേ നയന സാവൻ ബാന്ദോ (മെഹബൂബ1976), ഹമേ തുമ്സേ പ്യാർ കിത്തനാ (കുത്രദ് 1981), ക്യോ നയേ ലഗ് രഹേഹെ (1942 എ ലവ് സ്റ്റോറി1994) തുടങ്ങിയ എന്നും ഓർമ്മയിൽ തങ്ങുന്ന നിരവധി ഗാനങ്ങൾ പഞ്ചംദായിൽ നിന്ന് ബോളിവുഡിന് ലഭിച്ചിട്ടുണ്ട്. 1994 ജനുവരി നാലിന് തന്റെ 54ാം വയസിൽ പഞ്ചംദ ഈ ലോകത്തോട് വിടപറയുമ്പോൾ മഹാനായ ഒരു സംഗീതസംവിധായകനെയാണ് നമുക്ക് നഷ്ടമായത്. മൺമറഞ്ഞ് 21 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ ഈണങ്ങൾ ആ അതുല്യ പ്രതിഭയെ അനശ്വരനാക്കുന്നു.