Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ

rain songs

കളിവഞ്ചിയുണ്ടാക്കി കളിക്കാൻ ഒരായിരം തുള്ളിയായി പെയ്ത് തിമിർത്തപ്പോൾ മുതൽ എനിക്കൊപ്പം കൂടിയതാണ് നീ.. ആദ്യാനുരാഗം മൊട്ടിട്ട പ്രായത്തിൽ എനിക്ക് നീ പുതുമഴയായിരുന്നു... ഒടുവിൽ മനസിൽ കനൽ വീണപ്പോൾ മറ്റാരും കാണാതെ പൊഴിക്കുന്ന കണ്ണീർമഴയിൽ ഇഴുകിച്ചേർന്ന് എത്തിയപ്പോൾ നീ എനിക്ക് സാന്ത്വനമഴയായി... തിമിർത്തു പെയ്യുന്ന മഴയുടെ താളത്തിൽ ഇഴുകിച്ചേരുമ്പോൾ ആരുടെ മനസാണ് സംഗീതാത്മകമാകാത്തത്... അപ്പോൾ ആരോ പാടും ലളിത മധുരമായ ഒരു ഗാനം പോലും കരളിൽ ചൊരിയുന്നത് അമൃതമഴയല്ലേ?

മഴ പെയ്തു മാനം തെളിഞ്ഞപ്പോൾ തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റു വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ട ബാല്യകാലം തന്നെയാണ് മഴക്കാലത്ത് ഓടിയെത്തുന്ന പാട്ടുകളിൽ ഒന്നാമത്.

‘‘മഴമുകിൽ ചിത്രലേഖ

മകയിരം ഞാറ്റുവേല

മരതകപട്ടുടുക്കാൻ ഒരുങ്ങുന്ന വയലേല

മനസിൽ നിൻ മനസായ് മലർചെടി പാകിയ’’ മുദ്രമോതിരം എന്ന ചിത്രത്തിലെ മനോഹര ഗാനം മറക്കുവതെങ്ങനെ.

Junile Nilamazhayil...

‘‘മഴമുകിൽ മയങ്ങുമ്പോൾ മലർമിഴി തിളങ്ങു’’മെന്ന് തരംഗം എന്ന ചിത്രത്തിലൂടെ കവി പറഞ്ഞപ്പോഴല്ലേ നമ്മളും ശ്രദ്ധിച്ചുതുടങ്ങിയത്. ഇന്നും ആ ഗാനം കേൾക്കുമ്പോൾ ശ്യാമവാനം നോക്കിനിൽക്കേ ഒരു സൂര്യമുഖം മനസിൽ തെളിഞ്ഞു വരുന്നുവോ?

‘‘മഴപോലെ മനസിൽ

മോഹങ്ങൾ നീർമുത്തായ്

പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ...’’

ശാന്തസുന്ദരമായ ഈ ഗാനം കേൾക്കുമ്പോൾ ആരാണ് ഹൃദയത്തിന്റെ ജാലകപാളി തുറന്ന് കടന്നുവരുന്നത്. മനസിൽ പ്രണയം കാത്തുസൂക്ഷിക്കുന്നവർക്കായ് സമ്മാനിച്ച മൗനം പ്രണയം എന്ന ചിത്രത്തിലെ സുന്ദരഗാനം ഏത് മനസിനെയാണ് തൊട്ടുതലോടാത്തത്.

‘‘മഴവില്ലിൻ മലർ തേടി

മണിവാനിൻ അതിർതേടി

ഒരു രാജഹംസമോ?’’

എന്ന് ചോദിച്ച് അഴകിൽ അമൃതിൽ ഇരുമാനസം മുങ്ങിയതും അറിയാതെ ഒരു മോഹം പൂത്തതും ഓർത്തപ്പോൾ പുഞ്ചിരി വിടരുന്നുവോ?

mazha njan arinjirunnilla...

ഉമ്മറപടിയിലിരുന്ന് കിന്നാരം പറയുമ്പോൾ അങ്ങകലെ മഴയുടെ ഇരമ്പിച്ച കേൾക്കുമ്പോൾ നിനവുകൾ മഞ്ചുഹർഷമായ് മനസിൽ തുളുമ്പാൻ തുടങ്ങും. അപ്പോൾ ചുണ്ടിൽ ഒരു മന്ദസ്മിതം പൊഴിച്ച് നമ്മൾ പാടും

‘‘മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം

മധുരമായ് ആർദ്രമായ് പാടി...

അറിയാത്ത കന്യതൻ നേർക്കെഴും

ഗന്ധർവപ്രണയത്തിൻ സംഗീതം പോലെ...’’

‘‘മഴവില്ലിൻ നീലിമ കണ്ണിൽ

മഴവില്ലിൻ ശോണിമ ചുണ്ടിൽ’’

മഴവില്ലിന്റെ ചാരുതയോടെ പ്രണയിനിയെ വർണിച്ച മഴപോലെ നൂറഴകുള്ള ഒരു ഗാനം.

‘‘ജൂണിലെ നിലാമഴയിൽ നാണമാർന്നു നനഞ്ഞതും...’’

‘‘മഴയുള്ള രാത്രിയിൽ

മനസിന്റെ തൂവലിൽ

വിരൽ തൊട്ടുണർത്തിയതും...’’

പ്രണയപരവശരായ് നനഞ്ഞുകുളിച്ച ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട പാട്ടുകൾ. പ്രണയം തുളുമ്പുന്ന ഈ മഴപാട്ടുകൾ ഇന്നും എത്രയോ കാമുകഹൃദയങ്ങൾ സ്വകാര്യമായ് നെഞ്ചോടുചേർത്തുപിടിക്കുന്നുണ്ടാവും.

Mazhthullikal Pozhinjeedumee...

‘‘മഴ ഞാനറിരുന്നില്ല

നിന്റെ കണ്ണുനീരെന്നുള്ളിൽ ഉതിരും വരെ...’’

എന്ന ഡോക്ടർ പേഷ്യന്റ് എന്ന ചിത്രത്തിലെ ഭാവഗാനവും

‘‘മഴ പെയ്താൽ കുളിരാണെന്ന്

അവൾ അന്ന് പറഞ്ഞു

മഴ കണ്ടു ഞാൻ

കുളിർ കണ്ടു ഞാൻ

മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ’’

എന്ന ഏപ്രിൽ 19 ലെ വിരഹഗാനവും

‘‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

നാടൻ വഴി

നനഞ്ഞൊടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...’’

എന്ന വെട്ടത്തിലെ റൊമാന്റിക് ഗാനവും മഴ പെയ്യുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ ഉൾപെടില്ലേ? കുടത്തുമ്പിലൂറുന്ന നീർപോലെ , കേൾക്കുമ്പോൾ അറിയാതെ കണ്ണീർകണങ്ങൾ പൊടിയുന്ന ഇത്തരം ഗാനങ്ങൾ ഇനിയുമെത്ര.

‘‘മഴമേഘ ജാലങ്ങളാലേ

മണിതിങ്കളിൻ പൂമുഖം മറഞ്ഞു

മനസിലെ മോഹത്തിൻ

നിറമുള്ള പീലിപൂ

ചിറകറ്റു വീഴുന്നേരം മിഴിനിറഞ്ഞു’’

mazhayil rathri mazhayil...

എന്ന ഈ ഗാനം ഗാനഗന്ധർവന്റെ സ്വരത്തിലൂടെ കാതുകളിൽ അലയടിക്കുമ്പോൾ ശോകസുഗന്ധമായ് നമ്മളും വിങ്ങാറില്ലേ?

‘‘മഴയൊന്ന് മുത്തവേ

മണ്ണിൽ മനമൊരു

കനവാർന്ന പ്രേമസുഗന്ധം വീശി’’ വന്ന ശരറാന്തൽ എന്ന ചിത്രത്തിലെ ഗാനവും ഹൃദ്യം തന്നെ.

രാത്രിമഴയ്ക്ക് മറ്റൊരു ഭാവമാണ്. എല്ലാ ദു:ഖങ്ങളും നെഞ്ചാടുചേർത്ത് തനിച്ചിരുന്ന് വിതുമ്പുമ്പോൾ പലപ്പോഴും കൂട്ടായ് എത്തുന്ന രാത്രിമഴയെക്കുറിച്ചുമുണ്ടൊരു മനോഹര ഗാനം.

‘‘മഴയിൽ രാത്രിമഴയിൽ

കൊഴിയും സ്നേഹനിറവിൽ

നിനവേ എന്തേ നിന്നിൽ

വിരഹം ചേരും നോവിൻ നീലാംബരി’’

മഴവിൽ കൊതുമ്പിലേറി വന്ന് മനസിളക്കിയ വെണ്ണിലാക്കിളി... മഴയുടെ എല്ലാ ഭാവങ്ങളും ഒറ്റനോട്ടത്തിൽ മനസിലേക്ക് പകർന്ന് അഴകിയ രാവണനായ് വന്ന പവിഴമഴ... സ്വപ്നകോട്ടയുടെ ഇന്ദ്രപ്രസ്ഥത്തിൽ ഒരു മഴവില്ലിൻ കൊട്ടാരം തീർത്തവൻ... അങ്ങിനെ മഴ പലർക്കും പലതാണ്. പ്രണയമായും വിരഹമായും അവ മനസിൽ പെയ്തൊഴിയുമ്പോൾ മഴ പോലെ നിർമലമായ ഈ ഗാനങ്ങളിൽ ഒന്നെങ്കിലും മൂളാതിരിക്കുവാൻ നമുക്കാവുമോ?