Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൻ ഓട്ടോക്കാരൻ...ഓട്ടോക്കാരൻ

സിനിമാ ടാക്കീസിന്റെ തിരശീലയ്ക്കുള്ളിൽ നിന്ന് കൈപിടിച്ചിറക്കി പ്രേക്ഷകൻ അവന്റെ സ്വന്തം നെഞ്ചോടു ചേർത്തുവച്ച നടനിന്ന് പിറന്നാൾ മധുരം. സ്റ്റൈൽ മന്നൻ യാത്ര തുടങ്ങുകയാണ് ജീവിതത്തിന്റെ അറുപത്തിയഞ്ചാം വർഷത്തെ കാഴ്ചകളിലേക്ക്. രജനീകാന്തിനെ കുറിച്ചാണ് ഈ മുഖവുരയെന്ന് പറയേണ്ടതില്ലല്ലോ. നാച്ചിക്കുപ്പമെന്ന ഗ്രാമത്തിൽ നിന്ന് തമിഴ് ചലച്ചിത്രത്തിലേക്കുള്ള രജനിയുടെ വരവിനും പിന്നീടുള്ള പ്രയാണത്തിനും പറയാനുള്ളത് സാധാരണക്കാരനിൽ സാധാരണക്കാരന്റെ കണ്ണീരിന്റെ നനവുള്ള കഥയാണ്.

സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഒപ്പം അവന്റ കുഞ്ഞുവീടിന്റെ അകത്തളങ്ങളിലെ സാന്നിധ്യമാകാൻ സാധിക്കുക. അതുകൊണ്ടാണ് ശിവാജി റാവു ഗെയ്ക്ക്‌വാദെന്ന രജനീകാന്തിനെ ആത്മാവുള്ള നടനെന്ന് ഇന്ത്യ മുഴുവൻ വിശേഷിപ്പിച്ചത്, എഴുതിയത്, കഥകൾ പറഞ്ഞത്. പ്രതിഭയുടെ കൊടുമുടിയിലിരുന്ന് ലാളിത്യത്തിന്റെ ആൾരൂപമായി മാറുന്ന രജനി, കാലം തന്നെ അപൂർവതയാണിതെന്നതിൽ സംശയമില്ല.

അഭ്രപാളിയുടെ അകത്തും പുറത്തുമായി നിന്ന് രജനി പറയുന്നതെന്നും ചെയ്യുന്നതും എന്തും തമിഴിന്റെ പ്രേക്ഷകലോകം ആഘോഷമാക്കുന്നത് ആ കണ്ണിനുള്ളിൽ തെളിയുന്ന നിഷ്കളങ്കതയ്ക്കും വാക്കുകൾക്കുള്ളിലെ പൊള്ളത്തരമില്ലായ്മകൾക്കുമുള്ള അംഗീകാരം തന്നൊണ്. ഷർട്ടിനു മുകളിലെ കോട്ടിൽ പിടിച്ച് സ്റ്റൈലിൽ ഉലച്ച് അലസമായി കിടക്കുന്ന മുടി പാറിച്ച് ചുണ്ട് വിടർത്തി ഉഷാറായി നടക്കുന്ന ഇരുപത്തിയഞ്ചുകാരൻ പയ്യനാണ് അവർക്കിന്നും രജനി. ആ ഓർമകളിലൂടെ മാത്രമേ സ്റ്റൈൽ മന്നന്റെ ഓരോ പിറന്നാളിലൂടെയും അവർ കടന്നുപോയിട്ടുള്ളൂ.

സെല്ലുലോയ്ഡ് തീർക്കുന്ന ഔപചാരികതയ്ക്കപ്പുറം നിന്ന് കഥാപാത്രമായിക്കൊണ്ട് തന്നെ പ്രേക്ഷകനോട് സംവദിക്കുവാനുള്ള രജനീകാന്തിന്റെ പ്രതിഭയാണ് അദ്ദേഹത്തെ കാലാതീതമാക്കുന്നതും. രജനിയുടെ സംഭാഷണങ്ങളും പാട്ടുകളും നൃത്തവുമെല്ലാം തമിഴിന്റെ ശ്വാസത്തിലുണ്ട്. രജനിയുടെ പിറന്നാൾ നാളിൽ പങ്കുവയ്ക്കുന്നത് ആ പാട്ടുകളുടെ ചടുലതയെ കുറിച്ചാണ്. നാട്ടുമ്പുറത്തെ സാധാരണക്കാരന്റെ ആവേശത്തിൽ രജനികാന്ത് പാട്ടുകളിലൂടെ ഒരു യാത്ര. ഓട്ടോക്കാരനായി, യുവരാജാവായി, പാൽക്കാരനായി രജനി നിറഞ്ഞാടിയ പാട്ടുകളിലേക്കൊരു യാത്ര.

നാൻ ഓട്ടോക്കാരൻ

ജീവിതത്തിന്റെ കിതപ്പും കുതിപ്പും മുച്ചക്ര വാഹനത്തിന്റെ വേ‌ഗതയ്ക്ക് കൈമാറിയ ഓട്ടോക്കാരന്റെ ജീവിതത്തെയും അവന്റെ നന്മയേയും കുറിച്ചുപാടിയ പാട്ട്. സിനിമയ്ക്കുള്ളിൽ താൻ ചെയ്യുന്ന കഥാപാത്രത്തിന് മുഖ്യധാരയിൽ യാഥാർഥ്യത്തിന്റെ മുഖംനൽകാനാകുക രജനിക്കുമാത്രം സാധ്യമാകുന്ന ഒന്നുതന്നെ. ഓട്ടോക്കാരനായി രജനി പാടിയ ഈ പാടിയഭിനയിച്ച പാട്ട് ഓട്ടാക്കാരന്റെ കണ്ണീരുപ്പുള്ള ജീവിതത്തിനുള്ള നല്ലൊരു സമ്മാനമായിരുന്നു. ബാഷാ എന്ന ചിത്രത്തിലെ പാട്ട്., നാൻ ഓട്ടോക്കാരൻ..നാൻ ഓട്ടോക്കാരനെന്ന് തുടങ്ങുന്ന വരികൾ. വൈരമുത്തുവാണ് പാട്ടെഴുതിയത്. ഗാംഭീര്യമുള്ള ലാളിത്യമുള്ള ശബ്ദത്തിൽ ദേവയുടെ സംഗീതത്തിനൊത്ത് എസ് പി ബാലസുബ്രഹ്മണ്യം പാടി. സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്.

ഒരുവൻ ഒരുവൻ മുതലാളി

തമിഴ് മനസുകളുടെ ഇഷ്ടദൈവം ആണ്ടവനെ മനസിൽ വിചാരിച്ച് കുതിരപ്പുറത്തേക്ക് പാഞ്ഞ് ചാടി കുതിച്ചുപാടുന്ന രജനിയുടെ ആ ആക്ഷൻ എത്രകണ്ടാലാണ് മതിവരുതക., ആ നടത്തവും കണ്ണിറുക്കവും ചിരിയും വീരനായകന്റെ അതിപ്രസരം തീർക്കുന്ന യാഥാർഥ്യമില്ലായ്മയേയും വിരസതയേയും പ്രേക്ഷകന്റെ കണ്ണിനുള്ളിൽ നിന്ന് എടുത്തുകളഞ്ഞു. നന്മ നിറഞ്ഞ നാട്ടുരാജാവിനെ കുതിരപ്പുറത്തേറി രജനി പായുന്ന രംഗങ്ങളുള്ള ഇന്നും തെന്നിന്ത്യ പാടുന്നു. എസ്പിബി തന്നെയാണ് ഇതും പാടിയിരിക്കുന്നത്. കെഎസ് രിവകുമാർ സംവിധാനം ചെയ്ത മുത്ത് എന്ന ചലച്ചിത്രത്തിലെ ഈ ഗാനത്തിന് ഈണമിട്ടത് എ ആർ റഹ്മാൻ.

കാട്ടുക്കുയിലേ...

പ്രാണനെ പോലെ കൂട്ടുകാരനെ സ്നേഹിക്കുന്ന മനുഷ്യൻ. അയാള്‍ക്കവൻ ചേട്ടനാണ് അമ്മയാണ് ദൈവമാണ് കൂട്ടുകാരനുമാണ്. മമ്മൂട്ടിയും രജനീകാന്തും അഭിനയിച്ച ദളപതിയെന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞത്. സൂര്യയെന്ന അനാഥനായി രജനിയും അവന്റെ എല്ലാമെല്ലാമായ ദേവരാജായി മമ്മൂട്ടിയും അഭിനയിച്ച ക്ലാസിക് ചിത്രം. രജനിയും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ ഏറ്റവും മനോഹരമായ പാട്ടിന് ചുവടുവച്ച് ഇന്നും കാലത്തിന് മതിയായിട്ടില്ല. വാലിയുടെ വരികൾക്ക് ഇളയരാജയുടെ ഈണമിട്ട് മലയാളത്തിന്റെ ഗന്ധർവ ഗായകനും എസ്പി ബാലസുബ്രഹ്മണ്യവും ചേർന്നുപാടിയപ്പോൾ തമിഴിനും മലയാളത്തിനും അത് ഏറെ പ്രിയപ്പെട്ടതായി. രണ്ടു അത്ഭുതങ്ങളുടെ ശബ്ദത്തിലൂടെ പിറന്ന പാട്ട്....

പടയപ്പ

നാട്ടുമ്പുറത്ത് കളങ്കമില്ലാത്ത മനസുമായി അൽപം വികൃതിത്തരങ്ങളും നല്ല പ്രവർത്തികളും ചെയ്ത് നടക്കുന്ന പയ്യൻസിനെല്ലാം ഒരു കാലത്ത് ഈ പേരായിരുന്നു. പടയപ്പ. തട്ടുപൊളിപ്പൻ പാട്ടുള്ള പടയപ്പ. നാൻ മീസ വച്ച കൊഴന്തയപ്പ നീങ്ക നല്ല തമ്പി നാനപ്പാ നൻട്രിയുള്ള ആളപ്പാ എന്ന വരികൾ എന്തുകൊണ്ടാണ് യുവജനത അറുപത് പിന്നിട്ട രജനീകാന്തിനെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന് പറഞ്ഞു തരും.

വന്തേടാ പാൽക്കാരൻ

പാൽക്കാരന്റെ വീരസ്യങ്ങളെ ഇത്രയ്ക്ക് അർഥവത്തായി വിവരിച്ചത് വൈരമുത്തു തന്നെ. ദേവ ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നതും എസ് പി ബാലസുബ്രഹ്മണ്യം തന്നെ. ‌ദേവ ഈണമിട്ട ആദ്യ രജനി പാട്ട് കൂടിയാണിത. വന്തേടാ പാൽക്കാരനെന്ന വരികള്‍ പിറന്നത് ഒരു കന്നഡ കവിതയുടെ സ്വധീനത്തിലാണ്. കവിതയെ കുറിച്ച് പറഞ്ഞതും രജനി തന്നെ.

അമ്മാ എന്ട്രഴക്കാത്

തളർന്നുപോയ ശരീരവുമായി ജീവിക്കുന്ന അമ്മയുടെ ജീവനായ മകനായി രജനി നടിച്ച ചിത്രം. മന്നൻ. കണ്ണീരിറ്റു വീഴുന്ന നിമിഷങ്ങൾ തരുന്ന മനോഹരമായ പാട്ട്. പാടിയത് യേശുദാസ്. വാലിയെഴുതി ഇളയരാജ സംഗീതത്തിൽ ഇന്ത്യ കേട്ട പാട്ട്. തമിഴ് ഭാഷയുടെ മനോഹാരി നിറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൊന്നു കൂടിയാണിത്.

അതിന്തോം...

മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയിലെ രജനീ പാട്ട്. പതിവു ശൈലിയിൽ പാട്ടിലെ രംഗങ്ങളെ രജനി മികവുറ്റതാക്കി. വിദ്യാസാഗറിന്റെ ഈണത്തിലുള്ള പാട്ടെഴുതിയത് പി വിജയ് ആണ്. എസ് പി ബാലസുബ്രഹ്മണ്യവും വൈശാലിയും ചേർന്നു പാടിയ പാട്ട്.

മീൻസാര പെണ്ണേ....

തെന്നിന്ത്യ മുഴുവൻ ഏറ്റുപാടിയ ഗാനമായിരുന്നു മീൻസാര കനവ്. ഒരുപാട് പെൺകൊടികൾ ഇന്നും ചിലങ്കെകട്ടിയാടുന്ന പാട്ട്. ശ്രീനിവാസും നിത്യശ്രീ മഹാദേവനും പാടിയ പാട്ട്. ശാസ്ത്രീയ സംഗീതത്തിന്റെ വഴികളിലൂടെ റഹ്മാനൊരുക്കിയ പാട്ട്. ലളിതമായ വൈരമുത്തുവിന്റെ വരികൾ സാധാരണക്കാരന് ആ പാട്ടിനെ എളുപ്പം പാട്ടിനെ പരിചിതമാക്കി.

ചിന്ന തായവൾ

ദളപതിയിലെ മറ്റൊരു മനോഹരമായ ഗാനം. രജനിയുടെ അമ്മയായി മലയാളത്തിന്റെ ശ്രീ ശ്രീവിദ്യ അഭിനയിച്ച ചിത്രം കൂടിയാണിത്. തേജസ്വിനിയായ അമ്മയായി ശ്രീവിദ്യയതിൽ. ജീവിതത്തിലെവിടെയോ വച്ച് സംഭവിച്ച സാഹചര്യം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന മകനു വേണ്ടി പിന്നീടുള്ള ജീവിതത്തിൽ കണ്ണീരൊഴുക്കി ജീവിച്ച അമ്മ. അമ്മയുടെ മനസിലെ വിഹ്വലതകളെ മനോഹരമായ ഉപമകളിലൂടെ വിശേഷണങ്ങളിലൂടെ വാലിയുടെ തൂലിക എഴുതിയിട്ട പാട്ട്, ഇളയരാജയുടെ ഈണത്തിൽ ജാനകിയമ്മ പാടിയ പാട്ട്. ‌

കാതൽ അണുക്കൾ

രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരനിലെ പാട്ട്‌. ഐശ്വര്യ റായ്-രജനീകാന്ത് ജോഡികളുടെ മറ്റൊരു ഹിറ്റ്. ശങ്കർ ചിത്രത്തിന് ഈണമിട്ടത് എ ആർ റഹ്മാൻ. വൈരമുത്തുവിന്റെ വരികൾക്ക് വിജയ് പ്രകാശും ശ്രേയാ ഘോഷാലും ഈണമിട്ട ഈ പാട്ട്, അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾ പോലും പാടിനടന്നു, കാതൽ അണുക്കൾ...ന്യൂട്രോൺ ഇല്ക്ട്രോൺ. വരികൾക്ക് പറയത്തക്ക കാൽപനിക സ്വഭാവമില്ലെങ്കിലും പാട്ട് ഏറെ ഹിറ്റായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.