Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യഗുരുവിനു പ്രണാമം

kavalam-janaki കാവാലം നാരായണ പണിക്കർ, എസ്.ജാനകി

ജാനകിയമ്മയുടെ പാട്ടുകളുടെ ആഴവും പരപ്പും മനസ്സിലാക്കുവാൻ കവിയും ഗാനരചയിതാവും നാടകാചാര്യനുമായ കാവാലം നാരായണപ്പണിക്കർ സാറിനെ കാണാൻ ഞാനും അരുണും അദ്ദേഹത്തിന്റെ തൃക്കണ്ണാപുരത്തുള്ള വസതിയിലെത്തി. മെലിഞ്ഞ  നെഞ്ചും വിരിച്ച് അദ്ദേഹം നടുമുറിയിലിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശ്രീകുമാർ വഴിയായിരുന്നു കാവലം സാറിനെ പരിചയപ്പെട്ടത്. ഇടയ്ക്കു ഫോണിൽ വിളിച്ച് പാട്ടുവിശേഷങ്ങൾ ചോദിക്കുമെങ്കിലും നേരിൽ കാണുന്നത് ആദ്യമായായിരുന്നു. ഞങ്ങൾക്ക് അദ്ദേഹം ഭാര്യ ശാരദാമണിയമ്മയെ പരിചയപ്പെടുത്തി. ഗൾഫിലെ ചില വിശേഷങ്ങളുമായി കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു. ഇപ്പോൾ വരാമെന്നു പറഞ്ഞ് അകത്തേക്കുപോയി വേഷം മാറി ജുബയണിഞ്ഞ് ചിരിച്ച മുഖവും കൂപ്പുകയ്യുമായി കാവാലം സാർ വന്നു. ‘ഞാൻ എന്താണ് പറയേണ്ടത്….’ ചിരിയിലെ നിഷ്കളങ്കത ചോദ്യത്തിലും.

എസ്.ജാനകി പാടിയ അദ്ദേഹത്തിന്റെ ഓരോ പാട്ടും ഒന്നിച്ചിരുന്നു കേട്ട് അവയെക്കുറിച്ച്, ആ സന്ദർഭങ്ങളെക്കുറിച്ച് നേരിട്ട് അറിഞ്ഞു. രണ്ടു മണിക്കൂറിലേറെ അദ്ദേഹവുമായി ചിലവിട്ടു. ജാനകിയമ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ: “ഭാവം മാത്രമല്ല അതിന്റെ ഉയരം വീഴ്ച്ച് എന്നു പറയും, അതാണ് എസ്.ജാനകിയുടെ ഗാനങ്ങളിലുമുള്ളത്. ആർക്കും അപ്പുറം കടക്കാനാവാത്ത ഉയരങ്ങളിലാണ് ജാനകിയുടെ ഓരോ പാട്ടും”. ചായ കുടിയും പാട്ടുവർത്തമാനങ്ങളും ജാനകിയമ്മയുടെ ആലാപനത്തിലെ തേനും വയമ്പും സംഗീതസംവിധായകരുടെ വരികൾക്കൊത്തുള്ള ഈണങ്ങളുടെ പിറവിയും.. അങ്ങനെ സംസാരം നീണ്ടുനീണ്ടുപോയി. 

നാടൻ പാട്ടിന്റെ മനോഹാരിത വരികളിൽ പകരാനുള്ള കാ‍വാലം നാരയണപ്പണിക്കരുടെ കഴിവ് മലയാളികൾ എത്രയോ തവണ ആസ്വദിച്ചിരിക്കുന്നു. എം.ജി.രാധാകൃഷ്ണനൊപ്പമുള്ള ലളിതഗാനങ്ങളും മലയാളി നെഞ്ചേറ്റിയതാണ്.

എസ്.ജാനകി പാടിയ ചില കാവാലം ഗാനങ്ങൾ: മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ… (രണ്ടുജന്മം), അടിമുടി അണിഞ്ഞൊരുങ്ങി അഴകിൻ… (രണ്ടു ജന്മം), കാറ്റിൽ തെക്കന്നം കാറ്റിൽ… (ആരവം), കാന്തമൃദുല സ്മേര മധുമയലഹരികളിൽ… (വേനൽ), ശാരദ നീലാംബര നീരദപാണികളെ… (ഇളക്കങ്ങൾ), തുഷാരമണികൾ തുളുമ്പി നിൽക്കും… (ഇളക്കങ്ങൾ), തണൽ വിരിക്കാൻ കുട നിവർത്തും… (ആലോലം), വീണേ വീണേ വീണക്കുഞ്ഞേ… (ആലോലം), കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം… (മർമ്മരം), അംഗം പ്രതി അനംഗൻ വന്നു… (മർമ്മരം), ഓം ഇരുളിൽ തുയിലുണരും മന്ത്രം… (മർമ്മരം), വട്ടത്തിൽ വട്ടാരം വഴിതിരാ മേലോരം. .(മർമ്മരം), ആവണി രാത്തിങ്കളുദിച്ചില്ലാ… (ഇളക്കങ്ങൾ), ഗോപികേ നിൻ വിരൽ തുമ്പുരുമ്മി… (കാറ്റത്തെ കിളിക്കൂട്), കാത്തിരിപ്പൂ കുഞ്ഞരി പൂവ്… (ആരൂഢം), അല്ലിമലർ കണ്ണിൽ പൂങ്കിനാവും… (ആൾക്കൂട്ടത്തിൽ തനിയെ), കണികൾ നിറഞ്ഞൊരുങ്ങി മണമേലും… (അതിരാത്രം), മനസ്സിൻ ആരോഹണം..  (സന്ധ്യയ്ക്കെന്തിനു സിന്ദൂരം), മരുഭൂമി ചോദിച്ചു മഴമുകിലേ…..  (സന്ധ്യയ്ക്കെന്തിനു സിന്ദൂരം), ആറ്റക്കുരുവി കുഞ്ഞി കുളിരേ… (നിലാവിന്റെ നാട്ടിൽ), മേലേ നന്ദനം പൂത്തേ താഴ്‌വര… (നീലക്കുറിഞ്ഞി പൂത്തപ്പോൾ), പൂവമ്പൻ പാടി പുന്നാഗവരാളി… (അദ്ധ്യായം)

Your Rating: