Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്കരൻ മാസ്റ്ററില്ലാത്ത ഒമ്പതു വർഷങ്ങൾ

p-bhaskaran

മണ്ണിനു മറക്കാനാകാത്ത ഗാനങ്ങളെഴുതി തന്നിട്ട് കാലത്തിന്റെ കാൽപനിക ഭംഗിക്കുള്ളിലേക്ക് ഭാസ്കരൻ മാസ്റ്റർ കടന്നുപോയിട്ട് ഒമ്പതാണ്ട്. അല്ലിയാമ്പലിന്റെ കടവത്തിരുന്ന് നാഴൂരിപാലിന്റെ മധുരമുള്ള പാട്ടുകളെഴുതി തന്ന മനുഷ്യൻ. കാവ്യത്തിന്റെയും രാഗത്തിന്റെയും മാനവിക ഭാവങ്ങളെ ലളിതമായ സമന്വയിപ്പിച്ച ഭാസ്കരൻ മാസ്റ്റർ. മലയാള ചലച്ചിത്ര സംഗീതത്തിന് പുത്തൻ പാത തെളിച്ച വ്യക്തിത്വം. പകിട്ടുകളില്ലാത്ത വരികളിലൂടെ ചലച്ചിത്ര ഗീതങ്ങളെ ജനകീയമാക്കിയ പാട്ടെഴുത്തുകാരനാണ് അദ്ദേഹം.

അഭ്രപാളികളുടെ ഇന്നലെകൾക്ക് ഇതിഹാസത്തിന്റെ പ്രൗഡി നൽകിയവരിൽ പ്രധാനി. കരിവള കിലുക്കി മനസിനുള്ളിൽ ഓടിക്കളിക്കുന്ന ഒരായിരം പാട്ടുകൾ നമ്മൾ കേട്ടത് ഈ പ്രതിഭയിലൂടെയാണ്. കദളി വാഴയെ, മാമലക്കൾക്കപ്പുറത്തേക്ക് നോക്കി നാടിനെ സ്വപ്നം കാണുന്ന മനസുകളെ പുലർകാലത്തിലെ സുന്ദരമായ സ്വപ്നങ്ങളെ പ്രാണസഖിയായ പ്രണയിനിയെ അങ്ങനെ എല്ലാത്തിനെ കുറിച്ചും പാട്ടുകൾ കുറിച്ച ഭാസ്കരൻ മാസ്റ്റർ. മലയാളത്തിലെ ചലച്ചിത്ര ഗീതങ്ങൾക്കായി അദ്ദേഹമെടുത്ത വാക്കുകളോരോന്നും ഭാഷയുടെ ആത്മാവില്‍ നിന്നായിരുന്നു. ലളിതവും സുന്ദരവും ആഴവുമുള്ള വാക്കുകൾ. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നടൻ, പത്രപ്രവർത്തകൻ എന്നീ വേഷങ്ങളിലെല്ലാം കടന്നുപോയ ഭാസ്കരൻ മാസ്റ്റർ. കൈതൊട്ടവയെല്ലാം നീലക്കുയിലിന്റെ സ്വരമാധുരി പോലെ കാലാതീതമാക്കി. സംസ്കൃത്തിന്റെയും തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളുടെയും അതിപ്രസരം മലയാള ചലച്ചിത്ര ഗീതങ്ങളിൽ നിറഞ്ഞു നിന്ന സമയത്താണ് ഭാസ്കരന്‍ മാസ്റ്റര്‍ വരുന്നത്.

അപൂർവ്വസഹോദരർ എന്ന ചിത്രത്തിലേക്കായി കുറച്ച് വരികൾ കുറച്ചുകൊണ്ടാണ് മാസ്റ്റർ സാന്നിധ്യമറിയിക്കുന്നത്. എന്നാൽ ഭാസ്കരന്‍ മാസ്റ്ററെന്ന പേര് കേൾക്കുമ്പോൾ നീലക്കുയിലിന്നേ നമുക്കോർമ്മ വരൂ. കുയിലിനെ തേടി, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും കുയിലേ....നീലക്കുയിലിലെ ഈ ഗാനങ്ങൾ എപ്പോഴെങ്കിലും മനസ് മടിച്ച് നിന്നിട്ടുണ്ടോ. പിന്നീടങ്ങോട്ടായി മൂവായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം എഴുതിയത്. 44 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. മൂന്ന് ഡോക്യുമെന്ററികളും. ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴെണ്ണത്തിൽ അഭിനേതാവുമായി. ചലച്ചിത്രത്തിനായുള്ള സമഗ്രസംഭാവനകൾക്ക് 1994ൽ ജെസി ഡാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. മൂന്ന് പ്രാവശ്യം ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരിയെന്ന് പ്രണയിനിയെ വിശേഷിപ്പിച്ച കവിമനസ് താമസമെന്തേ വരുവാനെന്ന് പ്രണയിനിയോട് അവളോട് ചോദിക്കുകയും അവളുടെ അഞ്ജനക്കണ്ണുകളിലെ ഭംഗിയെ കുറിച്ച് പാട്ടെഴുതുകയും ചെയ്ത ഭാസ്കരൻ മാസ്റ്റർ. പ്രണയത്തെ ജീവിതത്തിലെ നൊമ്പരങ്ങളിലെ പെരുവഴിയമ്പലങ്ങളിൽ തങ്ങി നിൽക്കുന്ന ഓർമകളെ തീർത്തും നാടൻ പദങ്ങളിലൂടെ കാലാതിവർത്തിയായി പറഞ്ഞ ഭാസ്കരൻ മാസ്റ്റർ. വരികൾ ഒരേസമയം ലളിതവും സുന്ദരവും സംഗീതാത്മകവുമായി എഴുതി തീർക്കാനുള്ള കഴിവാണ് ഭാസ്കരൻ മാസ്റ്ററെ ഇന്നോളമുണ്ടായവരിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നതും. മഞ്ഞണപ്പൂനിലാവിന്റെ ഭംഗിപോലെ ഓർമകളിൽ ഒളിമങ്ങാത്ത ചിത്രമാക്കുന്നതും....

Your Rating: