Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോൾമേറ്റ് ഒരു സംഗീതയാത്രയാകുന്നു

സോൾമേറ്റ്

സോൾമേറ്റ് ഒരു യാത്രയുടെ പേരാണ്. അങ്ങു ഷിലോങ്ങിൽ നിന്നെത്തി, പാട്ടുകൊണ്ടു പല കാഴ്ചകളിലേക്കു കൈപിടിച്ചു നടത്തുന്ന രണ്ടു പേരുടെ യാത്രയുടെ പേര്. ബ്ലൂസ് എന്ന സംഗീതരൂപം അവതരിപ്പിച്ച് ഇത്രയേറെ പ്രശസ്തരായ ഇന്ത്യൻ മ്യൂസിക് ബാൻഡ് വേറെയുണ്ടാവില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിൽ റൂഡി വലാങ്ങും തിപ്രിതി തിപ്സ് ഖർബംഗാറും തങ്ങളുടെ സോൾമേറ്റ് എന്ന ബാൻഡിനൊപ്പം സഞ്ചരിച്ചു. കൊച്ചിയിൽ ജെടി പാക്കിൽ തങ്ങളുടെ സംഗീതം അവതരിപ്പിക്കാനെത്തിയ സോൾമേറ്റ് തങ്ങളുടെ കഥ പറയുന്നു.

∙ ബ്ലൂസാണ് ഞങ്ങളുടെ ജീവിതം

പാട്ടിന്റെ ലോകത്താണു ഞങ്ങൾ ജനിച്ചതും വളർന്നതുമെല്ലാം. പണ്ട് ബ്ലൂസിന് ഏറെ ആരാധകരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യത്ത് ഒട്ടേറെ ചെറിയ ബാൻഡുകൾ ബ്ലൂസ് പാട്ടുകൾ പാടിയിരുന്ന സമയം. പക്ഷെ അതിനു ശേഷം ചെറിയൊരു ഇടിവുണ്ടായി. പക്ഷെ ആ സംഗീതമേഖലയോടുള്ള ഇഷ്ടമാണു സോൾമേറ്റ് എന്ന ബാൻഡിലേക്കു വഴിതുറന്നത്. എംടിവിയും മറ്റുമെല്ലാം കത്തി നിന്ന കാലത്തു പുതിയ തലമുറ വെസ്റ്റേൺ പാട്ടുകൾ പകർത്തി പുതിയ പോപ്പ്, റോക്ക് ഗാനങ്ങൾ തയാറാക്കിയപ്പോൾ ഞങ്ങൾ വ്യക്തമായ ശൈലിയിൽ ഉറച്ചു നിന്നു. സ്വന്തമായ പാട്ടുകളുണ്ടാക്കി. 12 വർഷം പിന്നിടുമ്പോൾ സോൾമേറ്റ് എന്ന ബാൻഡ് ഏറെ വേദികളിലെത്തിയെന്നതിൽ സന്തോഷം

∙ ഞങ്ങൾ പാടുന്നത് ജീവിതമാണ്

ബാൻഡായി രൂപീകരിച്ച സമയത്തു കൂടുതൽ സ്ഥലങ്ങളിൽ പാടുക എന്നതായിരുന്നു ലക്ഷ്യം. പണം ലക്ഷ്യമിട്ടതേയില്ല. ചെറിയ ക്ലബുകൾ മുതൽ വലിയ വേദികളിൽ വരെ പാടി. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ബ്ലൂസ് ബാൻഡെന്ന പെരുമ നേടുമ്പോൾ അതിയായ സന്തോഷമുണ്ട്. പക്ഷെ ആ പെരുമ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവിചാരിതമായി ലഭിച്ചതാണത്. ജീവിതത്തെക്കുറിച്ചാണു ‍ഞങ്ങൾ പാടുന്നത്. വളരെ ലളിതമായി സാധാരണക്കാർക്കു പോലും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ഞങ്ങൾ പാടുന്നു. ‍‍സോൾമേറ്റിന്റെ പാട്ടുകളിൽ സത്യമുണ്ട്. സന്തോഷവും സങ്കടവും സ്നേഹവുമെല്ലാം പാട്ടുകളിലൂടെ ഞങ്ങൾ പ്രകടിപ്പിക്കുന്നു.

∙ മലയാളികളോട് തികഞ്ഞ ബഹുമാനം

പതിവിൽ നിന്നു വ്യത്യസ്തമായ സ്റ്റേജായിരുന്നു കൊച്ചിയിലേത്. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന പേടിയുണ്ടായിരുന്നു. പക്ഷെപാട്ടിന്റെ ഒാരോ ഭാഗവും ആസ്വദിക്കുന്നതു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ആർത്തിരമ്പുന്ന ആസ്വാദകർക്കു മുന്നിലാണു സാധാരണ പരിപാടികൾ അവതരിപ്പിക്കുന്നത്. പക്ഷെ ഇവിടെ കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരുമെല്ലാം ഒരേ മനസോടെ ഗാനങ്ങൾ ആസ്വദിക്കുന്നു. കലയോടും സംഗീതത്തോടുമെല്ലാം മലയാളികൾക്ക് ഏറെ ബഹുമാനമുണ്ട്. 13 എഡി, മദർജെയിൻ, അവിയൽ പോലുള്ള ബാൻഡുകൾ ഇവിടെ നിന്നുണ്ടായതും അതുകൊണ്ടൊക്കെ തന്നെ. പുതിയ തലമുറ ബാൻ‍ഡുകൾക്കു അൽപ്പം കൂടി തീക്ഷ്ണത ആവശ്യമാണ്.

എല്ലാ സംഗീത വിഭാഗങ്ങളിലും ബ്ലൂസിന്റെ ഒരംശം ഉണ്ടെന്നു തിപ്രിതി പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയുടെ പട്ടികയിലുണ്ടു തിപ്രിതി തിപ്സ് ഖർബംഗാറുടെ പേര്. സോൾമേറ്റിന്റെ ഗാനങ്ങളുടെ വരികൾ ഭൂരിഭാഗവും റൂഡി വലാങ്ങിന്റേതാണ്. കൊച്ചിയിലെ ഇവരുടെ ഷോ കാണാൻ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുവരെ ആളുകളെത്തിയത് ഇവരുടെ മികവിന് തെളിവ്. ഷിലോങ് എന്ന ആദ്യ ആൽബവും 2009ൽ പുറത്തിറങ്ങിയ മൂവിങ് ഒാണും അവസാനമെത്തിയ ടെൻ സ്റ്റോറീസ് അപ് എന്നീ ആൽബങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ മുൻനിരയിലായിരുന്നു. ഏറെ പ്രശസ്തമായ ഇന്റർനാഷനൽ ജാസ്മണ്ഡു ഫെസ്റ്റിവൽ, മൊസേക് മ്യൂസിക് ഫെസ്റ്റിവൽ, ദു വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ, ജങ്കാർത്ത ബ്ലൂസ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം സോൾമേറ്റിന്റെ പ്രശസ്തി എത്തിയിട്ടുണ്ട്. കൊച്ചിയിലെത്താൻ താൻ ഏറെ വൈകിയെന്നു സങ്കടപ്പെട്ട റൂഡി വലാങ് വീണ്ടും ഇവിടെയെത്തുമെന്ന് ഉറപ്പു നൽകിയാണു മടങ്ങിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.