Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുപത്തിയഞ്ചിന്റെ നിറവിൽ ശ്രീകുമാരൻ തമ്പി

Sreekumaran Thampi

കാൽപനികത തുളുമ്പുന്ന പ്രണയഗാനങ്ങൾ മലായാളിക്ക് സമ്മാനിച്ച ശ്രീകുമാരൻ തമ്പിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. കവി, ഗാനരചയിതാവ്, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങി സിനിമയിൽ ഒട്ടുമിക്ക മേഖലകളിലും തിളങ്ങിയ അദ്ദേഹം മലയാള ഗാനശാഖയ്ക്ക് സമ്മാനിച്ചത് ഒരിക്കലും വിസ്മൃതിയിലാഴാത്ത മനോഹര ഗാനങ്ങളാണ്.

ഉണരുമീ ഗാനം...

1940 മാർച്ച് 16ന് ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും കളരിക്കൽ കൃഷ്ണപിളളയുടെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് ശ്രീകുമാരൻ തമ്പിയുടെ ജനനം. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജി, തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജ് എന്നിവിടങ്ങളിലായാണ് ശ്രീകുമാരൻ തമ്പി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജൂനിയർ എഞ്ചിനീയർ, അസിസ്റ്റൻന്റ് ടൗൺ പ്ലാനർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1966 ലാണ് മലയാള സിനിമയിലേയ്ക്ക് കടന്നുവരുന്നത്. പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ ഗാനരചനയിലേയ്ക്ക് കടന്ന അദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

മലയാള സിനിമയ്്ക്ക് വേണ്ടി മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ച ശ്രീകുമാരൻ തമ്പി വയലാറിനും പി ഭാസ്കരനും ശേഷം മലയാള ചലചിത്രലോകം കണ്ട പ്രതിഭാശാലിയായ പാട്ടെഴുത്തുകാരനായിരുന്നു. 1974ൽ പ്രേംനസീർ നായകനായ ‘ചന്ദ്രകാന്തം എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംവിധാനരംഗത്തേക്കുള്ള തമ്പിയുടെ പ്രവേശനം. പിന്നീടു സംവിധാനം ചെയ്ത വേനലിൽ ഒരു മഴ, നായാട്ട്, ഇടിമുഴക്കം, ഇരട്ടിമധുരം, പുതിയ വെളിച്ചം, യുവജനോത്സവം, മോഹിനിയാട്ടം, ഗാനം, ഏതോ ഒരു സ്വപ്നം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

കസ്തൂരി മണക്കുന്നല്ലോ....

ഇതിൽ ഗാനം എന്ന ചിത്രത്തിന് 1981ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡു ലഭിച്ചു. 30 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 22 എണ്ണം നിർമിക്കുകയും ചെയ്ത ശ്രീകുമാരൻ തമ്പി 78 ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ചന്ദ്രകാന്തം, ഭൂഗോളം തിരിയുന്നു, മാളിക പണിയുന്നവർ, തിരുവോണം, ചട്ടമ്പി കല്യാണി, അക്ഷയപാത്രം, ജയിക്കാനായി ജനിച്ചവൻ, സിംഹാസനം, ആക്രമണം, യുവജനോത്സവം, ബന്ധുക്കൾ ശത്രുക്കൾ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു അദ്ദേഹം.

1971 ൽ വിലയ്ക്ക് വാങ്ങിയ വീണ എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ശ്രീകുമാരൻ തമ്പിക്ക് 2011 ൽ നായിക എന്ന ചിത്രത്തിലൂടെ ഒരിക്കൽകൂടി ആ പുരസ്കാരം ലഭിച്ചു. 1993ൽ പുറത്തിറങ്ങിയ ‘ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിൽ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ അഞ്ച് വേഷത്തിലാണ് ശ്രീകുമാരൻ തമ്പി പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തും മിനിസ്ക്രീനിനു വേണ്ടി അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്, നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

ഹൃദയസരസിലെ പ്രണയപുഷ്പമേ...

സിനിമയുടെ മറ്റ് മേഖലകളിൽ പ്രതിഭയായി തിളങ്ങുമ്പോഴും ഗാനരചയിതാവെന്ന നിലയിൽ അറിയപ്പെടാനായിരുന്നു കൂടുതൽ ഇഷ്ടമെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം.എസ് വിശ്വനാഥൻ, എം.കെ അർജുനൻ, സലിൽ ചൗധരി എന്നിവർ ഈണമിട്ട ഗാനങ്ങളിലേറെയും ശ്രീകുമാരൻ തമ്പിയുടെ വരികളായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, ജാനകി, സുശീല, വേണുഗോപാൽ എന്നിവരുടെ ആലാപന മാധുര്യത്തിനൊപ്പം തമ്പിയുടെ കാവ്യാത്മകമായ രചനകളും അക്കാലത്തെ സിനിമാഗാനങ്ങളെ പ്രിയതരമാക്കി.

വരികൾക്ക് ഈണം ചിട്ടപ്പെടുത്തുന്നതിന് പകരം ഈണങ്ങൾക്കൊപ്പിച്ച് വരികളെഴുതാൻ തന്നെക്കിട്ടില്ലെന്ന് തുറന്ന് പറയുക മാത്രമല്ല, ഈ രീതിയോട് കലഹിച്ച് സിനിമകൾക്ക് വേണ്ടിയുള്ള ഗാനരചനയിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം മടികാട്ടിയിട്ടില്ല. ഹൃദയം കൊണ്ടെഴുതിയ കവിതകളാൽ മലയാള സിനിമാസംഗീത ശാഖയെ സമ്പന്നമാക്കിയ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ മലയാളികളുള്ളടത്തോളം കാലം ഓർമ്മിക്കപ്പെടും.

ശ്രീകുമാരൻ തമ്പിയുടെ ഹിറ്റ് ഗാനങ്ങളിൽ ചിലത്

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...(ഭാര്യമാർ സൂക്ഷിക്കുക)

വൈക്കത്തഷ്ടമി നാളിൽ...(ഭാര്യമാർ സൂക്ഷിക്കുക)

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി...(ലങ്കാദഹനം)

അകലെ അകലെ നീലാകാശം....(മിടുമിടുക്കി)

ഉണരുമീ ഗാനം...(മൂന്നാം പക്കം)

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു....(ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു)

ഉത്തരാസ്വയംവരം കഥകളി കാണുവാൻ....(ഡെയ്ഞ്ചർ ബിസ്കറ്റ്)

കസ്തൂരി മണക്കുന്നല്ലോ....(പിക്നിക്)

ഒന്നാം രാഗം പാടി....(തൂവാനത്തുമ്പികൾ)

കൂത്തമ്പലത്തിൽ വച്ചോ....(അപ്പു)

മലയാളി പെണ്ണേ നിന്റെ മനസ്സ്....(ബന്ധുക്കൾ ശത്രുക്കൾ)

ചുംബന പൂ കൊണ്ടു മൂടി...(ബന്ധുക്കൾ ശത്രുക്കൾ)

ചെട്ടിക്കുളങ്ങര...(സിന്ധു)

മുൻകോപക്കാരി...(സേതുബന്ധനം)

പാടാത്ത വീണയും പാടും...(റെസ്റ്റ് ഹൗസ്)

ഹൃദയസരസിലെ പ്രണയപുഷ്പമേ...(പാടുന്ന പുഴ)

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer