Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാതക്ക് ഇന്ന് പിറന്നാൾ

Sujatha

കഴിഞ്ഞ നാൽപ്പത് വർഷമായി മലയാളിയുടെ മനസിൽ സംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് 52ാം പിറന്നാൾ. മലയാളിയുടെ പ്രിയഗായിക സുജാത, ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് ജനിച്ചത്. എട്ടാം വയസിൽ കലാഭവനിൽ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്.

നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചുവാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1975 ൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവിനെ തുടങ്ങിയ സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത.

ഇളയരാജയുടെ സംഗീതത്തിൽ കവികുയിൽ എന്ന ചിത്രത്തിൽ പാടിക്കൊണ്ട് തുടങ്ങിയ സൂജാതയെ റോജയിലെ പുതുവെള്ളൈ മഴൈ എന്ന ഗാനമാണ് പ്രശസ്തയാക്കുന്നത്. തുടർന്ന് എ ആർ റഹ്മാന്റെ സംഗീതത്തിൽ ജെന്റിൽമാൻ, ഡ്യുയറ്റ്, കാതലൻ, പുതിയ മനർഗൾ, ബോംബെ, ഇന്ദിര, മുത്തു, ജീൻസ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ സൂജാത പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ പുരസ്കാരം നാല് പ്രാവശ്യവും, തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം മൂന്ന് പ്രാവശ്യവും സുജാതയെ തേടി എത്തിയിട്ടുണ്ട്.

സദാ മന്ദസ്മിതം പൊഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത നമ്മുടെ മനസിൽ ചേക്കേറിയിട്ട് നാൽപത് വർഷം പിന്നിട്ടിരിക്കുന്നു. ഗായികമാർ പലരും മലയാളത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ എന്നും നാം കേൾക്കുന്നു.

സുജായതയുടെ ജനപ്രിയ ഗാനങ്ങളിൽ ചിലത്

സ്വപ്നം കാണുന്ന പെണ്ണേ (കാമം ക്രോധം മോഹം)

പാടം പൂത്തകാലം (ചിത്രം)

ദൂരെ കിഴക്കുദിക്കും( ചിത്രം)

അന്തിപ്പൊൻവെട്ടം (വന്ദനം)

കസ്തൂരി എന്റെ കസ്തൂരി ( വിഷ്ണു ലോകം)

കുനുകുനെ ( യോദ്ധ)

മുത്തമണി തുവൽ (കൗരവർ)

ഒരുമുറൈ വന്ത് പാരായോ(മണിചിത്രത്താഴ്)

വാലിന്മേൾ പൂവും( പവിത്രം)

കാക്കക്കറുമ്പൻ (ഈ പുഴയും കടന്ന്)

പുതുവെള്ളെമഴെ (റോജ)

കാതൽ റോജാവേ (റോജ)

എൻ വീട്ടു തോട്ടത്തിൽ ( ജെന്റിൽമാൻ)

തില്ലാന തില്ലാന (മുത്തു)

പൂപൂക്കും ഓസൈ (മിൻസാര കനവ്)

അതിശയം (ജീൻസ്)

ഇഷ്ക് ബിന ക്യാ (താൽ)