Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണലത ഓർമ്മയായിട്ട് അഞ്ച് വർഷം

Swarnalatha

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് സംഗീത പ്രേമികളുടെ പ്രിയഗായികയായി മാറിയ സ്വർണലത വിട പറഞ്ഞിട്ട് അഞ്ച് വർഷം. പതിനാലാം വയസിൽ പിന്നണിപാടിത്തുടങ്ങിയ സ്വർണലത എന്ന അതുല്യ പ്രതിഭ ഇരുപത്തിമൂന്ന് വർഷം കൊണ്ട് ഏഴായിരത്തിലധികം ഗാനങ്ങളാണ് പാടിതീർത്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2010 സെപ്റ്റംബർ 12 ന് തന്റെ 37-ാം വയസിലാണ് സ്വർണ്ണലത അന്തരിക്കുന്നത്.

മഞ്ഞിൽ പൂത്ത സന്ധ്യേ...

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, ഉർദ്ദു, ബംഗാളി, ഒറിയ ഭാഷകളിൽ സ്വർണ്ണലത ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി 1973 ഏപ്രിൽ 29നാണ് പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വർണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കർണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാൽ സ്വർണ്ണലത പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലാണ്. മൂന്നാം വയസ്സിൽ സംഗീതപഠനം തുടങ്ങിയ സ്വർണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. പിന്നീട് 1987ൽ ഇവർ മദ്രാസിലേക്കു കുടിയേറി.

അടി റാക്കമ്മാ കയ്യെത്തട്ട്...

ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ സ്വർണ്ണലതയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ആദ്യ അവസരം നൽകിയത് പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനായിരുന്നു. ഇളയരാജ, എ ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ, ഹാരിസ് ജയരാജ്, അനുമാലിക്ക്, ശങ്കർ എഹ്‌സാൽ ലോയ്, യുവാൻ ശങ്കർരാജ, മണി ശർമ തുടങ്ങി പ്രമുഖരായ നിരവധി സംഗീതസംവിധായകരുടെ കീഴിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1994ൽ 'കറുത്തമ്മ എന്ന ചിത്രത്തിലെ ''പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വർണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാർഡു ലഭിച്ചു. 1991ലും 1994 ലും 2000ലും മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും സ്വർണ്ണലതയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 1994ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരവും 1995 ൽ ആന്ധ്ര സർക്കാർ നന്തി പുരസ്‌കാരവും നൽകി സ്വർണ്ണലതയെ ആദരിച്ചിട്ടുണ്ട്.

ആട്ടമാ തേരോട്ടമാ...

ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ കണ്ണൂർ രാജനാണ് സ്വർണ്ണലതയെ മലയാളത്തിലെത്തിച്ചത്. തുടർന്ന് എസ്.പി. വെങ്കടേഷിന്റെ 'ഒരു തരി കസ്തൂരി' (ഹൈവേ), മഞ്ഞിൽ പൂത്ത സന്ധ്യേ' (മിന്നാമിനുങ്ങിനും മിന്നുകെട്ട്), 'നീയൊന്നു പാട്' (തച്ചോളി വർഗ്ഗീസ് ചേകവർ), 'മാണിക്യ കല്ലാൽ' (വർണ്ണപ്പകിട്ട്), 'നന്ദലാല' (ഇൻഡിപ്പെൻഡൻസ്), 'അവ്വാ അവ്വാ' (സത്യം ശിവം സുന്ദരം), 'കടമിഴിയിൽ കമലദളം' (തെങ്കാശിപ്പട്ടണം) തുടങ്ങി നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് വേണ്ടി സ്വർണ്ണലത ആലപിച്ചിട്ടുണ്ട്.

മലയാളിയായിരുന്നെങ്കിലും മലയാളസിനിമാ ഗാനരംഗത്ത് അധികം പാട്ടുകൾ സ്വർണ്ണലതയുടേതായി ഉണ്ടാവുന്നതിനു മുൻപേ തന്നെ ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു. മലയാളത്തിൽ 'മോഹം' എന്ന ആൽബത്തിലാണ് ഏറ്റവും ഒടുവിൽ പാടിയത്.

മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ...

സ്വർണ്ണലതയുടെ ഹിറ്റ് ഗാനങ്ങൾ

പോവോമാ... (ചിന്നത്തമ്പി)

മാലയിൽ യാരോ മനതോട് പേസ... (ക്ഷത്രിയൻ)

നീ താനേ നാൾ തോറും പാട്ടു... (വാധ്യാർ)

ആട്ടമാ തേരോട്ടമാ... (ക്യാപ്റ്റൻ പ്രഭാകർ)

അടി റാക്കമ്മാ കയ്യെത്തട്ട്...(ദളപതി)

കുയിൽ പാട്ട്...(എൻ രാസാവിൻ മനസ്സിലേ)

ഊരെല്ലാം ഉൻ പാട്ട്... (ഊരെല്ലാം ഉൻ പാട്ട്)

എന്നൈ തൊട്ട് അള്ളിക്കൊണ്ട...(ഉന്നൈ നിനൈച്ചേൻ പാട്ടു പഠിച്ചേൻ.)

മലൈ കോയിൽ വാസലിൽ...(വീര)

മാസീമാസമാളാന പൊണ്ണ്...(ധർമ്മദുരൈ)

കാണാക്കറിങ്കുയിലേ...(പാണ്ടിദുരൈ)

പോരാളെ പൊന്നുത്തായെ...(കറുത്തമ്മ)

മായാ മച്ചീന്ദ്ര...(ഇൻഡ്യൻ)

എവനോ ഒരുവൻ...(അലൈപായുതേ)

ഹേ രാമാ...(രംഗീല)

കടമിഴിയിൽ കമലദളം...

സ്വർണ്ണലത പാടിയ മലയാളം ഗാനങ്ങൾ

ഇല്ലിക്കാടും മാലേയമണിയും... (ഏഴരക്കൂട്ടം)

എല്ലാം ഇന്ദ്രജാലം....(കർമ്മ)

കടമിഴിയിൽ കമലദളം...(തെങ്കാശിപ്പട്ടണം)

കാശിത്തുമ്പ....(വൺമാൻ ഷോ)

ജും ജും രാവിൽ...(കർമ്മ)

നന്ദലാല ഹേ നന്ദലാല...(ഇൻഡിപെൻഡൻസ്)

മഞ്ഞിൽ പൂത്ത സന്ധ്യേ...(മിന്നാമിനുങ്ങിനും മിന്നുകെട്ട്)

മണിമുകിലേ നീ...(കുബേരൻ)

മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ...(വർണ്ണപ്പകിട്ട്)

സംഗമം എപ്പോൾ...(ഒരു അഭിഭാഷകന്റെ കേസ് ഡയറി)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.