Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെല്ലിസൈ മന്നന്‍ വിടപറഞ്ഞിട്ടു ഒരാണ്ട്

M S Viswanathan

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവന വയലാറിന്റേതാണ്. ആ കവിതയ്ക്കുള്ളിലെ വികാര പ്രപഞ്ചത്തെ ഈണക്കൂട്ടുകളിലൂടെ ലോകത്തോടു പങ്കുവച്ച സംഗീതജ്ഞനാണു എം എസ് വിശ്വനാഥൻ. എംഎസ്‍വിയെന്നും മെല്ലിസൈ മന്നനെന്നുമൊക്കെ കാലം വിളിച്ച പ്രതിഭയെ മലയാളിക്കു പരിചയപ്പെടുത്താൻ ഇതിലും നല്ലൊരു മാർഗമില്ല. ലളിത സംഗീതത്തിന്റെ കടലാഴമുള്ള സ്വരഭേദ ഭംഗിയറിയെ അറിയിച്ചു തന്ന സംഗീതജ്ഞൻ വിടപറഞ്ഞിട്ടു ഇന്നേക്കു ഒരാണ്ടു തികയുന്നു. 

ദാരിദ്ര്യത്തിന്റെ ബാല്യകാലത്ത്, തിയറ്ററുകളിൽ  വടയും മുറുക്കും വിറ്റ് കഴിഞ്ഞ കാലത്ത് കേട്ട ചലച്ചിത്രഗാനങ്ങളിലൂടെയാണ് സംഗീതം എം‌എസ്‌വിയെന്ന ബാലന്റെ മനസിൽ ചേക്കേറുന്നത്. ആയിരത്തോളം സിനിമകൾക്ക് സംഗീതം പകർന്നു ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകനെന്ന ഖ്യാതി സ്വന്തമാക്കും മുൻപുള്ള എംഎസ് വിശ്വനാഥന്റെ ജീവിതവും ഉയിർത്തെഴുന്നേൽപ്പും കാലമറിയേണ്ടതു തന്നെയാണ്. 

എം എസ് വിശ്വനാഥനു നാലു വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. പിന്നീടുള്ള കാലം അമ്മയുടെയും മുത്തച്ഛൻ കൃഷ്ണൻ നായരുടെയും സംരക്ഷണയിലായിരുന്നു. ദാരിദ്ര്യത്തിന്റെ പരമകോടിയിലെത്തിയപ്പോൾ ദുരിതത്തിലാണ്ടപ്പോൾ കൂട്ടആത്മഹത്യയ്ക്കു പോലും എംഎസ്‌വിയുടെ കുടുംബം ഒരുങ്ങിയതാണ്. വെള്ളത്തിൽചാടി മരിക്കാമെന്ന തീരുമാനപ്രകാരം എത്തിയെങ്കിലും ആദ്യം അമ്മ ചാടണം എന്നതായിരുന്നു എംഎസ്‌വിയുടെ നിലപാട്. അത് എന്തിനെന്ന ചോദ്യത്തിന് ഞാൻ മുങ്ങുന്നതിനിടെ അമ്മയുടെ മനസുമാറിയാലോ എന്നതായിരുന്നു എംഎസ്‌വിയുടെ മറുപടി. മകനും അമ്മയുമായുള്ള വാഗ്വാദത്തിനിടെ അവിടെയത്തിയ അപ്പൂപ്പൻ ഇരുവരെയും ആത്മഹത്യയിൽ നിന്ന് അകറ്റിയ കഥ എം‌എസ്‌വി കൗതുകത്തോടെയാണ് ജീവചരിത്രത്തിൽ ഓർമിക്കുന്നുണ്ട്. 

സ്കൂളിൽ പോകാതെ സമീപത്തെ സംഗീത അധ്യാപകനായ നീലകണ്ഠ ഭാഗവതർ കുട്ടികൾക്ക് സംഗീതപാഠം പകരുന്നത് കേട്ടുനിൽക്കാൻ അദ്ദേഹം പോയിത്തുടങ്ങി. പതിയെ നീലകണ്ഠഭാഗവതരുടെ ശിഷ്യനായ അദ്ദേഹത്തിന്റെ പ്രതിഭ കണ്ടറിഞ്ഞ അധ്യാപകൻ ടൗൺ ഹാളിൽ മൂന്നു മണിക്കൂർ നീണ്ട കച്ചേരിക്ക് അവസരമൊരുക്കിയാണ് ശിഷ്യനെ സംഗീതവഴിയിൽ കൈപിടിച്ചുയർത്തിയത്. കണ്ണൂർ ടൗൺഹാളിൽ സംഗീത കച്ചേരിയോടെ അരങ്ങേറ്റം നടത്തിയ വിശ്വനാഥൻ സിനിമയിൽ അഭിനയിക്കാൻവേണ്ടി മദ്രാസിൽ എത്തിയെങ്കിലും പിന്നീട് സംഗീത സംവിധായകനായി മാറുകയായിരുന്നു.

പാലക്കാട് എലപ്പുള്ളി മനയകത്തുവീട്ടിൽ സുബ്രഹ്മണ്യൻ നായരുടെ മകനാണു എം എസ്  വിശ്വനാഥനെന്ന് മലയാളികളിലധികമാർക്കുമറിയില്ല. തമിഴ് സംഗീത സംവിധായകനെന്നാണു അദ്ദേഹമെന്നാണു പലരുടെയും ചിന്ത.ജന്മംകൊണ്ട് എം.എസ്. വിശ്വനാഥൻ മലയാളിയാണെങ്കിലും 1941 മുതൽ അദ്ദേഹം ചെന്നൈയുടെ കൂടാരത്തിലാണ്. തമിഴ്നാട്ടിലെ മൂന്ന് മുഖ്യമന്ത്രിമാരുടെ തിരൈപ്പടങ്ങൾക്ക് ഹിറ്റ് ഗാനങ്ങൾ രചിക്കുകയെന്ന അപൂർവതയുണ്ട് എംഎസ്‌വിയെന്ന ചുരുക്കപ്പേരിൽ സംഗീതരംഗത്ത് അറിയപ്പെടുന്ന എം.എസ്.വിശ്വനാഥന്. 2012 ഓഗസ്റ്റിൽ തിരൈ ഇസൈ ചക്രവർത്തിയെന്ന പദവി നൽകി ആദരിച്ചപ്പോൾ ജയലളിത അദ്ദേഹത്തിന് ഒപ്പം നൽകിയ 60 സ്വർണനാണയങ്ങളും പുതിയ കാറും അവർക്ക് അദ്ദേഹത്തോടുളള അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും കൂടി സൂചനയായിരുന്നു.

‘ലങ്കാദഹനം’ സിനിമയിലെ ശ്രുതിസുഭഗമായ ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ എം.എസിന്റെ എത്രയെത്ര ഗാനങ്ങളാണ് ഇന്നും സിനിമാപ്രേമികളുടെ ചുണ്ടിൽ മധുരം നിറയ്ക്കുന്നത്. ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...’, ‘തിരുവാഭരണം ചാർത്തി...’, ‘കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ...’, ‘പണിതീരാത്ത വീട്ടി’ലെ ‘സുപ്രഭാതം...സുപ്രഭാതം’ തുടങ്ങിയ ഗാനങ്ങളൊക്കെ മലയാള സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. തമിഴിലെ ‘പാലും പഴവും കൈകളിലേന്തി’, ‘പോനാൽ പോകട്ടും പോടാ...’ തുടങ്ങിയ ഗാനങ്ങളും മലയാളി ഓർമിച്ചുവയ്ക്കുന്ന ഈരടികളാണ്. 

1965 മുതൽ സ്വതന്ത്ര സംഗീത സംവിധായകനായി എംഎസ്‌വി തമിഴ് വെളളിത്തിര വാണു. ഇതിനിടെ ഒരു വേള രൂപം കൊണ്ട എംഎസ്‌വി-കണ്ണദാസൻ സംഗീതസഖ്യം നിരവധി ഭക്തിഗാനങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവരായി. ഇവരുടെ കൃഷ്ണഗാനം എന്ന ആൽബം ഇന്നും തമിഴ്ഭക്തി ആൽബങ്ങളിലെ ഒരു വേറിട്ട സ്വത്താണ്. സ്വതന്ത്രസംവിധായകനായ ശേഷം സംഗീതത്തിലെ വിവിധ വഴികൾ ഒത്തുചേർത്തു മുന്നേറിയാണ് എംഎസ്‌വി തമിഴ് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയത്. വെസ്റ്റേണും ഡിസ്കോയും ശാസ്ത്രീയസംഗീതവുമെല്ലാം ഈണംകൂടിയ അദ്ദേഹത്തിന്റെ പാട്ടുകളിൽ മൂളിപ്പാട്ടും ചൂളമടിയും മറ്റും പുതുമ പകർന്നു. മെലഡികളുടെ തനിമ ചോരാത്ത ഓർക്കസ്ട്രേഷനായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടേത്. എസ്.പി.ബാലസുബ്രഹ്മണ്യം, വാണി ജയറാം, പി.സുശീല, എൽ.ആർ.ഈശ്വരി, ടി.എം.സുന്ദരരാജൻ തുടങ്ങിയ പുതുനിര ഗായകർക്ക് ഏറെ അവസരം പകരാനും എംഎസ്‌വി ശ്രദ്ധപതിപ്പിച്ചു. 

മന്നിപ്പയൽ(1973) എന്ന ചിത്രത്തിലെ തങ്ക ചിമിഴ് പോൽ ഇദയോ... എന്ന ഗാനത്തിലൂടെ മലയാളികളുടെ സ്വന്തം ഗായകൻ ജയചന്ദ്രനെ തമിഴിൽ ആദ്യമായി അവതരിപ്പിക്കുന്നത് എംഎസ്‌വിയാണ്. തമിഴിന്റ ജനപ്രിയ ഗായകരിൽ ഒരാളായി ജയചന്ദ്രൻ മാറുന്നതിന്റെ നിയോഗദൗത്യമായിരുന്നു അത്. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചതും മറ്റാരുമല്ല. പട്ടുക്കോട്ടൈ കല്യാണസുന്ദരം, വാലി തുടങ്ങി നിരവധി ഗാനരചയിതാക്കളും എംഎസ്‌വിയുടെ ഈണങ്ങളിൽ ശ്രദ്ധേയരായവരാണ്. അപ്രതീക്ഷിതമായി സംഗീതവഴിയിലെത്തി പതിയെപതിയെ സംഗീതവഴിയിൽ ഈണങ്ങളുടെ സ്വന്തം കൂട്ടുകാരനായി പുകൾപെറ്റ എംഎസ്‌വിയുടെ ഈണവഴികളിൽ പശ്ചാത്തല സംഗീതമൊരുക്കി കൂട്ടുചേർന്നവരിൽ ഇളയരാജയും എ.ആർ.റഹ്മാനും പോലുളള അതുല്യപ്രതിഭകൾ വന്നെത്തിയതും കാലം കാത്തുവച്ച കൗതുകങ്ങൾ. നാടൻ വഴികളിലെ സംഗീതത്തെ ചലച്ചിത്ര ഗീതങ്ങളിലേക്കാനയിച്ചതു ഇളയരാജയാണു. ഓർക്കസ്ട്രയിൽ മാജികു കാട്ടി എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾക്കു പിറവി നൽകിയത് എ ആർ റഹ്മാനാണു. ഇരുവരും കാലഘട്ടം കണ്ട മികച്ച സംഗീതജ്ഞർ തന്നെ. പക്ഷേ ഇരുവരും സഞ്ചരിച്ച വഴികളിലൂടെ കാലങ്ങൾക്കു മുൻപേ എംഎസ്‍വി കടന്നുപോയിരുന്നുവെന്നതാണ് വാസ്തവം. 

Your Rating: