Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാദത്തിന്റെ രണ്ടു പുഴകൾ അവരൊഴുകിയ വഴികൾ

Author Details
ravi-shankar-menuhin
  1. പാരിസ് നഗരത്തിലെ വഴിയോരനടപ്പാതയിൽ പൈൻമരങ്ങളുടെ തണൽച്ചോട്ടിൽ രണ്ടു പോക്കുവെയിൽനിഴലുകൾ ആദ്യമായി ഹസ്‌തദാനം ചെയ്‌തു പരിചയപ്പെട്ടു. കൗമാരക്കാരായ രണ്ടു കൂട്ടുകാർ. ഒരാൾ പതിനേഴുകാരനായ അമേരിക്കൻ ബാലൻ. മറ്റൊരാൾ പതിമൂന്നുകാരനായ ബനാറസ് പയ്യൻ. രണ്ടു ദൂരഭൂഖണ്ഡങ്ങളിൽ നിന്നു വന്നു കണ്ടുമുട്ടിയവരായിരുന്നെങ്കിലും അവർക്ക് പരസ്‌പരം കൂട്ടുകൂടാൻ ഒരേ സംഗീതത്തിന്റെ സൗഹൃദവിലാസമുണ്ടായിരുന്നു. ബനാറസുകാരൻ സിതാറിൽ വായിച്ച സപ്‌തസ്വരങ്ങളെ വയലിനിലും പിയാനോയിലും വിരൽതൊട്ട് പൂരിപ്പിച്ചു കൂട്ടുകാരൻ. പിൽക്കാലം ലോകസംഗീതത്തിന്റെ അക്ഷാംശങ്ങളെ പിന്നിലാക്കി കാലദൂരങ്ങളെ തോൽപ്പിച്ച രണ്ടു സംഗീതപ്രതിഭകളായിരുന്നു അവർ.

ഇന്ത്യൻ സംഗീതത്തിന്റെ ഇതിഹാസമായ സാക്ഷാൽ പണ്ഡിറ്റ് രവിശങ്കറും ലോകപ്രശസ്‌ത സംഗീതജ്‌ഞൻ യെഹൂദി മെനൂഹിനും. കൗമാരത്തിലെ ആ സൗഹൃദം സംഗീതത്തിന്റെ ലോകവേദികളിൽ കടലോളം കാതിരമ്പങ്ങളെ തൊട്ടുണർത്തി. സംഗീതത്തിന്റെ പാശ്‌ചാത്യ–പൗരസ്‌ത്യ സ്വരസ്വപ്‌നതീരങ്ങളിലൂടെ രണ്ടു ശബ്‌ദയാനങ്ങളുടെ ഘോഷയാത്രയായി ഇരുവരുടെയും ഗാനജീവിതം

മൃദുമധുരം ജീവിതത്തെ വായിച്ച ഒരു വയലിൻ

ഇരുപതാം നൂറ്റാണ്ട് കാതോർത്ത ഏറ്റവും മധുരമാർന്ന വയലിനെ പ്രണയിച്ചത് യെഹൂദി മെനൂഹിൻ എന്ന അമേരിക്കൻ സംഗീതപ്രതിഭയായിരുന്നു. ‘എന്റെ ജീവിതം ഈ വയലിന്റെ സ്വർണനൂലിഴകളിലെവിടെയോ മൗനം കൊരുത്തുകിടക്കുന്നു. വിരൽകൊണ്ട് ഞാനതിന്റെ നിശ്ശബ്‌ദതയെ പോലും പാടിപ്പിക്കുന്നു’. മെനൂഹിന് വയലിൻ വിരൽതൊട്ടുവായിക്കാനൊരു സംഗീതോപകരണം മാത്രമായിരുന്നില്ല. ഹൃദയത്തോടു ചേർത്തുവച്ച് മെനൂഹിൻ വയലിൻ വായിച്ചപ്പോഴൊക്കെ ലോകമെമ്പാടുമുള്ള ആരാധകർക്കു തോന്നി, അവരുടെ കൂടി ഒരു അദൃശ്യവിരൽ ആ വയലിൻ തന്ത്രികളെ തൊട്ടുമീട്ടുന്നതുപോലെ. മെനൂഹിന്റെ സംഗീതം, കാതോർത്ത ഓരോരുത്തരുടെയും ഹൃദയങ്ങളിലേക്കു പാടിപ്പകരുന്നതുപോലെ.

ravi-shankar-menuhin-1 പണ്ഡിറ്റ് രവിശങ്കറും യെഹൂദി മെനൂഹിനും

1916 ഏപ്രിൽ 22ന് ന്യൂയോർക്കിൽ ജൂതമാതാപിതാക്കൾക്കു പിറന്ന മെനൂഹിൻ എന്ന ബാലന് ബാല്യം മുതൽത്തന്നെയുണ്ടായിരുന്നു പാട്ടീണങ്ങളുടെ കളിക്കൂട്ട്. കുഞ്ഞുപിയാനോയിലും വയലിനിലും കുസൃതിവിരലുകളോടിച്ചു മുതിർന്നൊരു കുട്ടിക്കാലത്ത് തുടങ്ങി മെനൂഹിന്റെ സംഗീതപ്രിയം. സാൻഫ്രാൻസിസ്‌കോ ഓർക്കസ്‌ട്രയുമായി ചേർന്ന് ആദ്യമായി പൊതുവേദിയിൽ വയലിനിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മെനൂഹിനു വെറും ഏഴുവയസ്സുമാത്രം. പിന്നീടങ്ങോട്ട് സിംഫണികളിലൂടെ, സൊണാറ്റകളിലൂടെ മെനൂഹിന്റെ സംഗീതയാനം യാത്ര തുടരുകയായിരുന്നു. കടൽതൊടുന്ന ഓരോ കരയിലുമുണ്ടായിരുന്നു മെനൂഹിൻ സംഗീതം കാതോർക്കാൻ കൊതിക്കുന്ന ആരാധകർ, അവരുടെ ആത്മാവിൽ നിന്നുയരുന്ന ആരവങ്ങൾ.

രണ്ടാം ലോകമഹായുദ്ധകാലത്ത് കോൺസൻട്രേഷൻ ക്യാംപുകളിൽ മരണത്തോടും മൗനത്തോടും മല്ലടിച്ചു മരവിച്ച സൈനികർക്കുവേണ്ടിയും മെനൂഹിന്റെ വയലിൻ പാടിക്കൊണ്ടേയിരുന്നു. കൂട്ടക്കുരുതിക്കളത്തിൽ ആയുസ്സൊടുക്കിയ പല സൈനികരും മെനൂഹിന്റെ വയലിനിൽ ജീവിതം സ്വരമിഴചേരുന്നതു കേട്ട നിർവൃതിയോടെയാരിക്കണം കാതുകൾ നിത്യമൗനത്തിലേക്കു കൊട്ടിയടച്ചത്. സ്വർഗത്തിൽ ദൈവമിരിപ്പുണ്ടെന്ന് ഉറപ്പായത് മെനൂഹിന്റെ വയലിൻ കേട്ടപ്പോഴാണെന്നായിരുന്നു ആൽബർട്ട് ഐൻസ്‌റ്റീൻ കുറിച്ചത്. എൺപത്തിരണ്ടാം വയസ്സിൽ ബെർലിനിലെ സംഗീതവേദിയിലേക്കുള്ള യാത്രാപ്പാതിയിൽ മരണത്തിലേക്കു പിൻനടക്കവേ കാലത്തിന്റെ കാതുകളെ കൊതിപ്പിച്ച ഏഴുപതിറ്റാണ്ടുകളുടെ സംഗീതമന്ത്രണമുണ്ടായിരുന്നു മെനൂഹിന് ഇനി പിറക്കാനിരിക്കുന്ന ആരാധക തലമുറകൾക്കുപോലും സമ്മാനിക്കാൻ.

ലോകത്തെ സ്വന്തമാക്കിയ ഒരു സിതാർ

മെനൂഹിൻ ഇന്ത്യൻ സംഗീതാരാധകരുടെ ഹൃദയതന്ത്രികളിൽ സ്വരമുദ്ര ചാർത്തിയത് പണ്ഡിറ്റ് രവിശങ്കർക്കൊപ്പമുള്ള ജുഗൽബന്ധികളിലൂടെയാണ്. 1967ൽ ബ്രിട്ടനിൽ ഇരുവരും ചേർന്ന് പുറത്തിറക്കിയ ‘വെസ്‌റ്റ് മീറ്റ്‌സ് ഈസ്‌റ്റ്’ എന്ന ആൽബം ഇന്ത്യയുടെ പരമ്പരാഗത സംഗീതസങ്കൽപങ്ങൾക്കുള്ള പൗരസ്‌ത്യ ലോകത്തിന്റെ ആദരം കൂടിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.

ravi-shankar-menuhin-2 പണ്ഡിറ്റ് രവിശങ്കറും യെഹൂദി മെനൂഹിനും

1966ൽ ബാത്ത് മ്യൂസിക് ഫെസ്‌റ്റിവലിൽ മെനൂഹിനും രവിശങ്കറും ഒരുമിച്ച് അവതരിപ്പിച്ച സംഗീതപരിപാടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു വെസ്‌റ്റ് മീറ്റ്‌സ് ഈസ്‌റ്റ് എന്ന ആൽബം. ബിൽബോർഡിന്റെ ബെസ്‌റ്റ് സെല്ലർ ക്ലാസിക്കുകളിൽ ഇടംപിടിച്ച ആൽബം ഭൂമിയുടെ രണ്ടറ്റങ്ങളിൽ മുഖം നോക്കുന്ന ആരാധകലക്ഷങ്ങളുടെ അംഗീകാരത്തിന്റെയും ആരാധനയുടെയും സ്വരമുദ്രണമായി മാറുകയായിരുന്നു. ആ വർഷത്തെ ഗ്രാമിപുരസ്‌കാരത്തിളക്കം കൂടി സ്വന്തമാക്കിയതോടെ കരകടലുകൾക്കപ്പുറം ആരാധകർ ഒരേ സ്വരതാരാവലിയിലേക്കു സംഗീതത്തെ പരിഭാഷപ്പെടുത്തുന്നതിന്റെ ലോകമാതൃക കൂടിയായി വെസ്‌റ്റ് മീറ്റ്‌സ് ഈസ്‌റ്റ്.

ബീറ്റിൽസ്, ബയേഡ്‌സ്, റോളിങ് സ്‌റ്റോൺസ്, ട്രാഫിക് തുടങ്ങിയ പോപ്, റോക്ക്, ജാസ് ബാൻഡുകളുടെ ആഘോഷവേദികൾ സിതാർ പോലുള്ള ഇന്ത്യൻ സ്വരവാദ്യങ്ങളെ ചെങ്കമ്പളം വിരിച്ചു സ്വീകരിച്ചതും ഈ ആൽബത്തിന്റെ സ്വപ്‌നസദൃശ്യമായ വിജയത്തെത്തുടർന്നായിരുന്നു. മെനൂഹിനും രവിശങ്കറും ചേർന്ന് ഇതേ ആൽബത്തിന്റെ രണ്ടും മൂന്നും പതിപ്പുകൾ 1968ലും 1976ലും പുറത്തിറക്കിയതും ആരാധകർ അടങ്ങാത്ത ആരവത്തോടെ കാതോടു ചേർത്തു.

∙ ഇരു പുഴകളും സംഗീതത്തിന്റെ പെരുങ്കടലിൽ ലയിച്ചുചേർന്നിട്ടും അവരുടെ ചങ്ങാത്തം ഭൂഖണ്ഡങ്ങളുടെ കാതിൽ അലയടിക്കുന്നു, ഇന്നും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.