Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബുരാജിന്റെ ഗാനമേളകളിലെ പെൺ ശബ്ദത്തിനു പിന്നിൽ

aboobabakkar അബൂബക്കർ

പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കെ.ടി. മുഹമ്മദിന്റെ സംഗമം തിയറ്റേഴ്സ് ‘സൃഷ്ടി’ നാടകം അവതരിപ്പിക്കുന്ന കാലം. അവതരണത്തിലെ പുതുമകൊണ്ടും ആശയത്തിന്റെ തനിമ കൊണ്ടും സൃഷ്ടി ശ്രദ്ധേയമായി. ഒരു ദിവസം നാടകം സ്റ്റേജിൽ കയറുന്നതിനു തൊട്ടുമുൻപ് പ്രധാന നടൻ ചേമഞ്ചേരി നാരായണൻ നായർക്ക് അത്യാവശ്യമായി വീട്ടിൽ പോകേണ്ടിവന്നു. കുടുംബത്തിൽ ഒരു മരണമുണ്ടായതാണ് കാരണം.

കെ.ടി. മുഹമ്മദ് വിഷമത്തിലായി. പകരം ആരു സ്റ്റേജിൽ കയറും? അപ്പോഴാണ് നാടകത്തിൽ തബല വായിക്കുന്ന കോഴിക്കോട് അബൂബക്കറെ ഓർമ വന്നത്. ‘നീ വേഷം ചെയ്യുമോ’ കെ.ടി. ചോദിച്ചു. ‘ഞാൻ ചെയ്യാം. മേയ്ക്കപ്പിട്ടോളൂ’ എന്ന് അബൂബക്കർ. മാസങ്ങൾ നീളുന്നതാണ് അക്കാലത്തെ നാടക റിഹേഴ്സൽ. റിഹേഴ്സലിന്റെ തുടക്കം മുതൽ നാടക സംഭാഷണം കേട്ട് തബല വായിച്ചിരുന്ന അബൂബക്കറിന് എല്ലാ കഥാപാത്രങ്ങളുടേയും സംഭാഷണം മനഃപാഠമായിരുന്നു. ചേമഞ്ചേരി തിരിച്ചുവരുന്നതുവരെ അബൂബക്കർ ആ റോളിൽ തകർത്ത് അഭിനയിച്ചു. കലാരംഗത്ത് കോഴിക്കോട് അബൂബക്കർ ഓൾ റൗണ്ടറാണ്. ഗാനമേളകളിൽ പെൺ ശബ്ദത്തിൽ പാടിയാണ് ആദ്യം പേരെടുത്തത്. ആരോടും ശിഷ്യപ്പെടാതെ തബല പഠിച്ച് തബലിസ്റ്റായി. പിന്നീട് സംഗീത സംവിധായകനായി.

മാപ്പിളപ്പാട്ടുകൾക്ക് സുന്ദരമായ ഈണങ്ങൾ നൽകിയ അബൂബക്കർ ഇന്നും ഈ രംഗത്ത് സജീവമായി തുടരുന്നു.കുറ്റിച്ചിറ സ്കൂളിൽ നടൻ മാമുക്കോയയും അബൂബക്കറും ഒരു ബെഞ്ചിലിരുന്നാണ് പഠിച്ചത്. അന്ന് സംഗീതത്തിന് ഒരു പീരിയഡുണ്ട്. സയൻസ് ടീച്ചർ ക്ലാസിൽ വന്ന് ടീച്ചറിന് അറിയാവുന്ന പാട്ടുകൾ പാടും. അങ്ങനെ പീരിയഡ് തീരും. ഒരു ദിവസം ടീച്ചർ പാടാൻ തുടങ്ങുമ്പോൾ മാമുക്കോയ പറഞ്ഞു. ‘ടീച്ചറെ ഇവൻ പാടും’. അബൂബക്കർ പാടി. എല്ലാവർക്കും ഇഷ്ടമായി.

ക്ലാസിൽ സുന്ദരമായ പെൺശബ്ദത്തിൽ ഹിന്ദിപ്പാട്ട് പാടുന്നത് പ്രശസ്ത തബലിസ്റ്റ് ഉസ്മാൻ കേട്ടു. സ്കൂൾ വിട്ടപ്പോൾ ആരാണ് ഇതു പാടിയതെന്നു ഉസ്മാൻ തിരക്കി. എം.എസ്. ബാബുരാജിന്റെ ആത്മമിത്രവും പ്രിയ തബലിസ്റ്റുമാണ് ഉസ്മാൻ. അബൂബക്കറെ ഉസ്മാൻ ബാബുരാജിന്റെ സംഗീത സദസിലെത്തിച്ചു. അങ്ങനെ ബാബുരാജിന്റെ ഗാനമേളകളിലെ പെൺശബ്ദമായി അബൂബക്കർ മാറി. ‘അന്നു പാടുന്ന സ്ത്രീകൾ കുറവായിരുന്നു. അതുകൊണ്ട് ഞാൻ വളർന്നു ശബ്ദം മാറുന്നതുവരെ പെൺശബ്ദത്തിൽ പാടി’– അബൂബക്കർ പറഞ്ഞു. പിന്നീട് തബല പഠിച്ചു. ഉസ്മാനൊപ്പം അബൂബക്കറും ഗാനമേളകളിൽ തബലിസ്റ്റായി. ഉസ്മാൻ പിന്നീട് അബൂബക്കറിന്റെ സഹോദരി ബീമബിയെ വിവാഹം ചെയ്തതോടെ ആ സൗഹൃദം കുടുംബ ബന്ധമായി വളർന്നു.

ഇന്ത്യയൊട്ടാകെ അല‍ഞ്ഞുനടന്നതിനാൽ ഇന്ത്യൻ സംഗീത പാരമ്പര്യവും രീതികളും ബാബുക്കയ്ക്ക് നന്നായി അറിയാമായിരുന്നു. ഉറുദു ഗസലുകൾ അസലായി ആലപിക്കും. പാട്ടിലെ ഹിന്ദി വാക്കുകളുടെ അർഥം പറഞ്ഞുതരും– അബൂബക്കർ പറയുന്നു.

Baburaj എം.എസ്. ബാബുരാജ്

ബാബുരാജിന്റെ ട്രൂപ്പിൽ പോകുന്നതു കൂടാതെ സുകുമാരൻസ്, ഹട്ടൻസ്, ബ്രദേഴ്സ് തുടങ്ങിയ ഓർക്കസ്ട്രകളിലും അബൂബക്കർ തബലിസ്റ്റായിരുന്നു. കെ.ടി. മുഹമ്മദിന്റെ സംഗമത്തിനു പുറമെ കാലടി ഗോപിയുടെ സമസ്യയിലും തബലിസ്റ്റായിരുന്നു. ഈ നാടക സംഘങ്ങൾക്കൊപ്പം നാടെങ്ങും സഞ്ചരിച്ചു. നാടകക്കാരുടെ ക്യാംപ് മിഠായിത്തെരുവിലെ ആര്യഭവനിലായിരുന്നു. നാടക റിഹേഴ്സലും പാട്ടു പഠനവുമെല്ലാം അവിടെയാണ്. വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ട് ട്രൂപ്പിൽ തബലിസ്റ്റായി പ്രവർത്തിക്കുന്ന സമയം. കവി പി.ടി. അബ്ദുറഹിമാന്റെ പ്രശസ്തമായ വരികളാണ് ഗായകൻ പാടുന്നത്.

'ഉടനെ കഴുത്തെന്റേതറുക്കു വാപ്പ'ഉടയോൻ തുണയില്ലെ നമുക്കു വാപ്പ...’

വരികൾക്കു ചേർന്ന ട്യൂണിലല്ലല്ലോ പാട്ടുപാടുന്നതെന്ന് തബല വായിക്കുമ്പോൾ അബൂബക്കറിനു തോന്നി. ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് അബൂബക്കർ വരികൾക്ക് പുതിയ ഈണം നൽകി. അതായിരുന്നു മാപ്പിളപ്പാട്ട് സംഗീത സംവിധാനത്തിലെ തുടക്കം. എസ്.എം. കോയ മാപ്പിളപ്പാട്ടിന്റെ രീതികൾ പഠിപ്പിച്ചു. പിന്നീട് മാപ്പിളപ്പാട്ട് രംഗത്ത് അബൂബക്കറിന്റെ ജൈത്രയാത്രയായിരുന്നു. ബാപ്പു വെള്ളിപറമ്പ് രചന. അബൂബക്കർ സംഗീതം. ഇത് മാപ്പിളപ്പാട്ട് രംഗത്ത് വിജയം കൊയ്ത കൂട്ടുകെട്ടാണ്. യേശുദാസിന്റെ തരംഗിണിയിൽ നിന്ന് ഈ കൂട്ടുകെട്ടിൽ പ്രശസ്തമായ മാപ്പിളപ്പാട്ടുകൾ പുറത്തിറങ്ങി. മൈലാഞ്ചി, ജന്നത്തുൽ ഫിർദൗസ് ആൽബങ്ങളുടെ പരമ്പരകളെല്ലാം വലിയ ജനപ്രീതി നേടി.

‘കരയാനും പറയാനും...’

‘കണ്ണീരിൽ മുങ്ങി...’

തുടങ്ങിയ പ്രശസ്ത പാട്ടുകൾ ആലപിച്ചത് യേശുദാസാണ്.

‘യത്തീമിന്നത്താണി

ഏകിക്കൊണ്ടത്താഴം’

എന്ന ഹിറ്റ് ഗാനം ചിത്ര പാടുന്ന ആദ്യത്തെ മാപ്പിളപ്പാട്ടാണ്.' ഉമ്മയെ ചോദിച്ചു' എന്ന ഗാനത്തിൽ യേശുദാസിനൊപ്പം പെൺശബ്ദത്തിൽ പാടിയത് അന്ന് കുട്ടിയായ വിജയ് യേശുദാസാണ്.

എത്ര പാട്ടുകൾക്ക് ഈണം പകർന്നുവെന്ന് അബൂബക്കർ കണക്കു വച്ചിട്ടില്ല. അദ്ദേഹം സംഗീതം നൽകിയ നൂറുകണക്കിന് സുന്ദരഗാനങ്ങൾ സംഗീത പ്രേമികളുടെ ചുണ്ടിൽ തുള്ളിക്കളിക്കുന്നു. ആയാസരഹിതമായി പാടാവുന്ന ട്യൂണുകളാണിവ. ആകാശവാണിയിൽ തബല ആർട്ടിസ്റ്റാണ്. കുട്ടികൾക്ക് തബല ക്ലാസെടുത്തിരുന്നു. ദേവരാജന്റെ കൂടെ സിനിമയിലും പ്രവർത്തിച്ചിരുന്നു. പ്രേതങ്ങളുടെ താഴ്‌വര, തനിനിറം എന്നീ സിനിമകളുടെ ഗാനങ്ങളിൽ തബലിസ്റ്റായിരുന്നു.

‘പണ്ട് ഞങ്ങളെല്ലാം ടാലന്റ് കൊണ്ട് ജീവിച്ചവരാണ്. അന്ന് അവസരം കിട്ടിയാൽ തൃപ്തിയായി. ഇന്നു വെറുതെ വിളിച്ചാൽപോലും പണം കൊടുക്കണം’. അബൂബക്കർ ഗതകാലത്തെയും പുതുകാലത്തെയും വിലയിരുത്തുകയായിരുന്നു. ‘മുൻപ് ഒരു പൊന്നാട പോലും കിട്ടില്ല. ഇപ്പോൾ ഇഷ്ടംപോലെ. കഴിഞ്ഞ ആഴ്ചയും കിട്ടി രണ്ടെണ്ണം.’ നല്ലളം അരീക്കാട് കുടുംബവുമൊത്ത് കഴിയുന്നു. ഭാര്യ: സുബൈദ. മക്കൾ: ഗുലാം, ഫയാസ്, റോഷ്നി, ഫമീന, സജ്ന. മാപ്പിളപ്പാട്ടിനു പുറമെ മറ്റു ഗാനങ്ങൾക്കും അബൂബക്കർ സംഗീതം നൽകുന്നു. റഫീഖ് അഹമ്മദ് എഴുതിയ വിഷുപ്പാട്ടുകൾക്ക് ഈണം നൽകലാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചുമത

Your Rating: