Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ...

akale-oru-kaadinte

അങ്ങകലെയുള്ളൊരു കാട്ടിൽ ഹൃദയത്തോട് അത്രയും അടുത്തിരിക്കുന്നൊരാളെ തിരഞ്ഞു പോയിട്ടുണ്ടോ?അയാളോടൊപ്പം കാടിനെ തൊടുകയും കാട്ടുമഴ നനയുകയും ചെയ്തിട്ടുണ്ടോ? 

"അകലെയൊരു കാടിന്റെ

നടുവിലൊരു പൂവിൽ..

നുകരാതെ പോയ മധു മധുരമുണ്ടോ..

അവിടെ വന്നിളവേറ്റ

നാട്ടു പെൺപക്ഷിതൻ

കഥ കേൾക്കുവാൻ.. കാതു കാടിനുണ്ടോ..."

ഏതു ചിത്രത്തിലേതെന്നു പോലുമറിയാതെയാണ് ഒരു ദിവസ്സം ഈ ഗാനം കേൾവിയെയും പിന്നെ ഹൃദയത്തെയും മോഹിപ്പിച്ചത്. സന്തോഷ് വർമ്മയുടെ വരികൾക്ക് കാട്ടിലെ പച്ചപ്പിന്റെ നിഷ്കളങ്കതയും നൈർമല്യവും. ബിജിബാലിന്റെ സംഗീതത്തിന് കാട്ടരുവിയുടെ ശീതളിമ. "രാമന്റെ ഏദൻതോട്ടം" പേര് പോലെ കൊതിപ്പിക്കുന്ന വാക്കുകളുള്ള സിനിമയും അതിലെ പാട്ടും...

എപ്പോഴുമുണ്ട് ഉള്ളിലൊരു കാട്.  വല്ലപ്പോഴും യാത്രപോകാൻ മാത്രം ഇഷ്ടമുള്ള ഒരു കാടല്ല. എപ്പോഴും ജീവിക്കാൻ കൊതിക്കുന്നൊരു കാട്. അവിടെ നൂറുകണക്കിന് പേരറിയാ പക്ഷികളുടെ പാട്ടുണ്ടാകണം, ആനകളുടെ ഭീതിപ്പെടുത്തുന്ന വരവറിയിച്ച് ആനച്ചൂരുണ്ടാകണം, കുളിയ്ക്കാൻ കല്ലിൽ തട്ടിയൊഴുകുന്ന കുഞ്ഞരുവിയും താമസിക്കാൻ ആരും വന്നെത്താത്ത ഒരു കുഞ്ഞു ഓലമേഞ്ഞ കുടിലുമുണ്ടാകണം. അതൊരുപക്ഷേ എത്ര പേരുടെ മോഹമായിരിക്കാം ! ഈ മോഹങ്ങളിലേക്കാണ് രഞ്ജിത്ത് ശങ്കര്‍ ക്യാമറ കണ്ണുകൾ നീട്ടുന്നത്. സിനിമ സംസാരിക്കുന്നത് വേറെ ഭാഷയാണെങ്കിൽ പോലും ചിത്രത്തിലെ ഏറ്റവും മനോഹരമായ ഈ ഗാനം പറയുന്നതും ഇതേ കാടിനെ കുറിച്ച് തന്നെ.

"പൊൻവേണുവിൽ പാട്ടു തേടും...

പൂന്തെന്നലിൻ പ്രണയമുണ്ടോ

ചെന്നിരിയ്ക്കുമ്പോഴൊരിറ്റു സ്നേഹം തന്ന്

താലോലമാട്ടുന്ന ചില്ലയുണ്ടോ...

ഇരുളിന്റെ നടുവിൽ പറക്കുന്ന തിരിപോലെ

മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ.."

സന്തോഷ് വർമ്മയുടെ പല വരികൾക്കുമുണ്ട് ജീവനുള്ള മനുഷ്യന്റെ അടയാളം. എന്തൊക്കെയോ തേടി യാത്രയാകുന്ന ഒരു വരണ്ട മനസ്സിന്റെ സ്വപ്നമാണിവിടെയും. പക്ഷെ ആവോളം ശുദ്ധവായുവുള്ള പ്രകൃതിയുടെ പ്രണയമുള്ള അന്തരീക്ഷത്തിലിരിക്കുമ്പോൾ വരണ്ടുണങ്ങിയ ഹൃദയത്തിൽ മഴ പെയ്തു തുടങ്ങുന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന മനസിലേയ്ക്ക് കുളിരിലചാർത്തിന്റെ പാട്ടു വന്നു വീഴുന്നു. അവിടെ ആ കാട്ടിൽ ചെന്നിരിക്കുമ്പോൾ അത്രമേൽ കൂട്ടിരുന്നു താലോലമാട്ടുന്ന ആ ചില്ല മാത്രമായിരിക്കാം ഒരുപക്ഷെ അവളുടെ ആശ്രയം. സ്വപ്നങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കാൻ അല്ലെങ്കിലും എത്രനാൾ കഴിയുമെന്നാണ്! ഒരു മിന്നാമിനുങ്ങിനു അവളെ അന്വേഷിച്ച് വന്നേ കഴിയൂ. അവനിലെ പ്രണയം അവൾക്ക് കണ്ടെടുത്തെ മതിയാകൂ. ഒരു ചുംബനത്തിൽ പ്രഭാതത്തിലേയ്ക്ക് ഉണർന്നെഴുന്നേൽക്കണം, പിന്നെ ജീവനറ്റു പോകാതെ വേരുകളെ പിടിച്ചു നിർത്തുന്ന ഏറ്റവും ശുദ്ധമായ ശ്വാസമായി അവനെയും പ്രാണനിലേയ്ക്ക് വലിച്ചെടുക്കണം. കാടിന്റെ ഭംഗിയും സ്വാദും പ്രണയവും എത്ര മനോഹരമായി വരികളിൽ വരച്ചു വച്ചിരിക്കുന്നുണ്ട്  എഴുത്തുകാരൻ. ശ്രേയ ഘോഷലിന്റെ ശബ്ദത്തിൽ കാടിന്റെ പാട്ടു വീണ്ടും വീണ്ടും മോഹിപ്പിച്ച് കൊണ്ടേയിരിക്കുന്നു.