Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലരേ പൂങ്കോടിയിൽ...കടൽ പാടിയ താരാട്ടുപാട്ട്!

pulare-poonthoniyil

കടലിനു താരാട്ടു പാടാനറിയാം. പാതിയിലെവിടെയോ ജീവിതം മതിയാക്കി യാത്ര പോയ മുത്തിന്റെ അമ്മയേക്കാൾ നന്നായി ആ താരാട്ട് പാടി അവളെ വളർത്തിയതും കടലമ്മയാവണം... കടലിന്റെ രാഗങ്ങളെ അവളുടെ ചെവിയിലേക്ക് പകർന്നു കൊടുക്കുകയേ അച്ഛനായ അച്ചൂട്ടി ചെയ്തുള്ളൂ. 1991  ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം, മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ വേഷം അതിമനോഹരമായ രവീന്ദ്രൻ-കൈതപ്രം ടീമിന്റെ പാട്ടുകൾ, "അമരം" എന്നെന്നുമിങ്ങനെ മനസോടു ചേർന്നു നിൽക്കും...

"പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് 

കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്"

കടലിന്റെ ഓളപ്പുറങ്ങളിൽ പലപ്പോഴും ദൂരെ കാണാമായിരുന്നു ഒറ്റയ്ക്കായിപ്പോയ ഒരച്ഛൻ അയാളുടെ കുഞ്ഞു മകളുമായി കൊതുമ്പു തോണിയിൽ ഓളത്തിനെ കീറി മുറിക്കുന്ന കാഴ്ച. കാണെ കാണെ അവൾ വളർന്നു വരുമ്പോൾ അരയന്റെ നെഞ്ചിൽ ഒരേ സമയം ചാകരയും ഇടി മിന്നലും ഒന്നിച്ചിറങ്ങി വന്നു തുടങ്ങി. കയ്യിലെ നരച്ച തോർത്തിന്റെ കടൽ മണം മുത്തിന്റെ മണമായി തീരുമ്പോഴേക്കും അച്ചൂട്ടി പേരൊത്ത അരയനായി തീർന്നിരുന്നു. 

എത്രയെത്ര കഥകളാണ് കടലിനു പറയാനുണ്ടാവുക! നൂറ്റാണ്ടുകൾ കരയിലേക്ക് ആഞ്ഞടിച്ച് കയറിയ തിരകൾ കരയിലെ അരയന്മാരുടെ കഥകളിലേക്ക് നിഗൂഡമായി ഒളിഞ്ഞു നോക്കി. അച്ചൂട്ടി അതിൽ എത്രാമനായിരിക്കാം! 'അമ്മ നഷ്ടപ്പെട്ടു പോയ ഒരു കുഞ്ഞുമകളെ കൈക്കുള്ളിൽ കിട്ടുമ്പോൾ എന്തുചെയ്യണമെന്ന് അയാൾക്കറിയില്ലായിരുന്നു.എങ്കിലും കടലിന്റെ ചൊരുക്കങ്ങൾക്കുള്ളിൽ നെഞ്ചിലെ ചൂട് നൽകി അയാൾ മുത്തെന്ന് ഓമനപ്പേരിട്ട് വിളിച്ചു മകളെ വളർത്തി. അരയന്മാരുടെ ഇടയിൽ ജനിച്ച മുത്തായിരുന്നു അവൾക്ക് അയാൾ. അല്ലെങ്കിലും എല്ലാ മാതാപിതാക്കൾക്കും മക്കൾ അങ്ങനെ തന്നെയാവില്ലേ..! പക്ഷെ അച്ചൂട്ടിയ്ക്ക് മുത്ത് അതിനേക്കാൾ ഹൃദയം ചേർന്നിരുന്നവളായിരുന്നു. ചൂടും ചൂരും നൽകി വളർത്തിയവളായിരുന്നു. അവൾ പഠിച്ച് വലിയ ഡോക്ടറാകുമെന്നും അയാൾ വിശ്വസിച്ചു. അരയന്മാർക്കിടയിൽ അവൾ തിളങ്ങി നിന്നു. അപ്പോഴും കടലമ്മ അച്ചൂട്ടിയ്ക്ക് പറഞ്ഞു കൊടുത്ത പാട്ടുകൾ അയാൾ  മകളുടെ ചെവിയിൽ മൂളുന്നുണ്ടായിരുന്നു!

അവളുടെ ഓരോ വളർച്ചയിലും വരികളായി പെയ്യുന്ന ഗാനം..

"കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ 

അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്

മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം

പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്"

കെ ജെ യേശുദാസ് എന്ന മാന്ത്രിക ശബ്ദത്തിന്റെ ഒപ്പം ലതികയുടെ കടൽത്തിരകളുടെ മർമ്മരമുള്ള ഒച്ച കൂടിയാകുമ്പോൾ "പുലരേ പൂന്തോണിയിൽ.." എന്ന ഗാനം വർഷങ്ങൾ കടന്നും കേൾവിയെ തൊടുന്നു. വാസന്തി രാഗത്തിൽ തുടങ്ങി ശുദ്ധസാവേരി, ഹിന്ദോളം എന്നിവയിലൂടെ രാഗമാലികയുടെ ഭംഗി പാട്ടിനുണ്ട്.