‘എന്റെ സിന്ദൂരരേഖയിലെങ്ങോ...’ നമ്മളറിയാതെ പോയ ആ രഹസ്യം

Sindoorarekha
SHARE

പ്രണയത്തിന്റെ പേറ്റുനോവാകാറുണ്ട് കാത്തിരിപ്പുകൾ. ഹൃദയം വിങ്ങിയെത്തുന്ന ആർത്ത നാദങ്ങൾ. ആ വീർപ്പുമുട്ടലിൽ ചില പാട്ടുകൾ പിറവിയെടുക്കാറുണ്ട്. അങ്ങനെ ഒരു ഗാനമാണ് 1995ൽ പുറത്തിറങ്ങിയ ‘സിന്ദൂരരേഖ’യിലേത്. 

എന്റെ സിന്ദൂര രേഖയിലെങ്ങോ

ഒരു ജീവന്റെ സ്നേഹ വിലാപം

പിടയുന്ന മായാവേണുവില്‍

പ്രിയസന്ധ്യ കേഴും നൊമ്പരം

ദൂരെ...ദൂരെ..

എന്റെ എകാന്ത ചന്ദ്രന്‍ അലഞ്ഞു

ഒരു നീലാമ്പല്‍ വീണു മയങ്ങി

 

കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല

കര്‍മങ്ങള്‍ കൈ മറിഞ്ഞ കനലാണു ഞാന്‍.

ഉയിരാണു ഞാൻ

എന്റെ ഏകാന്ത ചന്ദ്രന്‍ അലിഞ്ഞു...

ഒരു നീലാമ്പല്‍‍ വീണു മയങ്ങി

 

ഇന്നെന്റെ ജീവരാഗം നീയല്ലയോ

നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും

പൂന്തെന്നലും, നീലാമ്പലും

 

ദൂരെ...ദൂരെ

കാലമേ വീണ്ടുമെന്നെ കൈ ഏല്‍ക്കുകില്ലേ

പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ

ഈ മണ്‍ വീണയില്‍

 

എന്റെ സിന്ദൂരരേഖയിലെങ്ങോ 

ഒരു ജീവന്റെ സ്നേഹ പരാഗം

 

ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍

ഉയിരില്‍ തലോടി വന്ന വനമാലിനി

എങ്ങാണു നീ, ആരാണു നീ

 

ദൂരെ ദൂരെ...

എന്റെ സിന്ദൂര രേഖയിലെങ്ങോ

ഒരു ജീവന്റെ സ്നേഹ വിലാപം

പിടയുന്ന മായാവേണുവില്‍

പ്രിയസന്ധ്യ കേഴും നൊമ്പരം

ദൂരെ...ദൂരെ..

എന്റെ എകാന്ത ചന്ദ്രന്‍ ഉയർന്നു

ഒരു നീലാമ്പല്‍ പൂത്തുവിടർന്നു

പ്രതീക്ഷയറ്റു തുടങ്ങുന്ന വരികൾ പ്രണയത്തിന്റെ പ്രതീക്ഷ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. കൈതപ്രത്തിന്റെ അതിമനോഹരമായ വരികൾക്കു സംഗീതം ഒരുക്കിയത് ശരത് ആണ്. 

ഈ പാട്ടിന്റെ പിറവിയെ പറ്റി ഒരിക്കൽ സംഗീത സംവിധായകൻ ശരത് ഇങ്ങനെ പറഞ്ഞു.‘ഈ ഗാനം ചിട്ടപ്പെടുത്തുമ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരി കൂടെയുണ്ടായിരുന്നു. സത്യത്തിൽ രണ്ടു പാട്ടുകൾ ചേർന്നതാണ് ഈ ഗാനം. ഈ ഗാനത്തിന്റെ സന്ദർഭത്തിനനുസരിച്ച് ഞാൻ ചിട്ടപ്പെടുത്തിയ തികച്ചും വ്യത്യസ്തമായ രണ്ട് ഈണങ്ങൾ. ഇതുകേട്ട രഘുനാഥ് പലേരി സംവിധായകൻ സിബി മലയിലിനോട് ഈ രണ്ട് ഈണങ്ങളും ഒരുമിച്ചു ചേർത്താലോ എന്നു ചോദിച്ചു. എന്നാലത് അത്ര പ്രായോഗികമായിരുന്നില്ല. ഒടുവിൽ ഫ്ലൂട്ട് കൊണ്ടു ലിങ്ക് ചെയ്യുകയായിരുന്നു ചെയ്തത്. അത് അധികം ആർക്കും അറിയാത്ത രഹസ്യവുമാണ്’. യേശുദാസിന്റെയും ചിത്രയുടെയും മനോഹരമായ ആലാപന മാധുരിയിൽ ഇന്നും ഈ ഗാനം ആസ്വാദക ഹൃദയത്തിൽ ഇടം നേടുന്നതിനു പിന്നിലെ രഹസ്യവും ഒരുപക്ഷേ, ഇതുതന്നെയാകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
SHOW MORE
FROM ONMANORAMA