പ്രണയകാലത്ത് പ്രണയിയുടെ സാനിധ്യത്തോളം പ്രിയപ്പെട്ട അനുഭവം ഉണ്ടാവുമോ എന്ന് സംശയമാണ്. ലോകത്തെ ഏറ്റവും മനോഹരമായ സാഹിത്യസൃഷ്ടികളിൽ പലതും പ്രണയിയെ കുറിച്ചുള്ള വർണനകളാണ്...
ഒരു കാമുകൻ തന്റെ കാമുകിയെ കുറിച്ചു പാടുന്നത്, "ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപൂവ് നീ"...എന്നാണ്
അധികാല്പനികമായ പ്രണയ ഭാവനകളാലും മനോഹരമായ ഈണത്താലും സമൃദ്ധമാണ് കോഹിനൂറിലെ ഹേമന്തമെൻ കൈകുമ്പിളിൽ എന്ന പാട്ട്. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തോളം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനമായിരുന്നു ഇത്. രാഹുൽ രാജിന്റെ ആർദ്രമായ ഈണവും ബി.കെ ഹരിനാരായണന്റെ കവിത തുളുമ്പുന്ന വരികളും വിജയ് യേശുദാസിന്റെ ഉള്ളു തൊടുന്ന ആലാപനവും ഈ പാട്ടിനെ ഒരു ക്ലാസിക് ആക്കുന്നു.
"എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ
എന്നും താരാട്ടാമോമൽ പൂവേ"- എന്ന് പ്രണയവും താരാട്ടുമായി നായകൻ പാടുന്ന റൊമാന്റിക് ആയ അനുഭവമായി ഈ പാട്ട് മാറുന്നു.
1980 കളിൽ നടക്കുന്ന കഥയാണ് കോഹിനൂർ പറയുന്നത്. ഈ ഗാനവും ആ കാലത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നു. നോട്ടം കൊണ്ടും കുസൃതി നിറഞ്ഞ ചിരികൾ കൊണ്ടും വളരെ പതിഞ്ഞ ചലനങ്ങൾ കൊണ്ടും നായകന്റെയും നായികയുടെയും പ്രണയം ഈ പാട്ടിലൂടെ കാണികളിലേക്ക് എത്തുന്നു. അതോടൊപ്പം ഒട്ടും സാങ്കേതിക സഹായമില്ലാതെ 80 കളിലെ നാട്ടിടവഴികളിലെ കാഴ്ചകളും രംഗങ്ങളും കൂടിയാവുമ്പോൾ മറ്റൊരു താളത്തിലുള്ള പാട്ടനുഭവമാവുന്നു ഹേമന്തമെൻ കൈക്കുമ്പിളിൽ
ഓടക്കുഴലിന്റെ, വളരെ പതിഞ്ഞ താളത്തിലുള്ള വാദ്യോപകരണങ്ങളുടെ ഒക്കെ സ്വഭാവികമായ ഉപയോഗമാണ് ഈ പാട്ടിന്റെ ഭംഗി. അതോടൊപ്പം പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ തീവ്രത വരികളിൽ നിറഞ്ഞു നിൽക്കുന്നു. കേൾക്കുന്നവരെ തഴുകുന്ന ആലാപനം കൂടിയാവുമ്പോൾ ഹേമന്തമെൻ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടാവുന്നു.
ചിത്രം: കോഹിനൂർ
സംഗീതം: രാഹുൽരാജ്
രചന: ബി.കെ ഹരിനാരായണൻ
ആലാപനം: വിജയ് യേശുദാസ്
ആഹാഹാ ഹാ .ആഹാഹാ ഹാ..ഹാഹാ .ലാലാലാ
ലാലാലാ ...ഉം
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ..
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം അനുരാഗം.. തേൻമാരിയായ്
നിന്റെ മൗനവും.. മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ
എന്നും താരാട്ടാമോമൽ പൂവേ ..
ആഹാ ...ഹാഹാഹാ ..ഹാഹാഹാ.. ലാലാലാ ലലലാ ..ഉം ..
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
സനിസ പമഗ പമഗരിസനി
കണ്ണിലായിരം മെഴുതിരി മിന്നിനിന്നപോൽ
മെല്ലെ വന്നു നീ.. ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി..
മിന്നൽ കണ്‍ചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ ..
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ..
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം അനുരാഗം.. തേൻമാരിയായ് ..