ADVERTISEMENT

പ്രണയമൊരു യാത്രയാണെന്നു പറയാറുണ്ട്... ആ യാത്ര പലർക്കും പലതാവാം. ‘പുലരി വീണ്ടും പൂക്കും നിറങ്ങൾ വീണ്ടും ചേർക്കും

പുതുവെളിച്ചം തേടി നീങ്ങാം ഇനിയും തുടർക്കഥയിതു തുടരാൻ’, എന്ന് മലയാളത്തിലെ അതിമനോഹരമായ ഒരു പാട്ട് ആ യാത്രയെ അടയാളപ്പെടുത്തുന്നു.

 

പദ്മരാജന്റെ മൂന്നാംപക്കം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. മുറിവേൽപ്പിക്കുന്ന ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ ആ സിനിമ കുത്തിനോവിക്കുന്നു. പാച്ചുവും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കാതൽ. പക്ഷേ പാച്ചുവും ഭദ്രയും തമ്മിലുള്ള പ്രണയം സിനിമയെ കൂടുതൽ മനോഹരമാക്കുന്നു. 

 

പാച്ചുവും ഭദ്രയും തമ്മിലുള്ള പ്രണയത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താമരക്കിളി പാടുന്നു തൈ തൈ തക തോം...’ ശ്രീകുമാരൻ തമ്പിയുടെ കവിത തുളുമ്പുന്ന വരികൾക്ക് നിത്യഹരിത ഈണമൊരുക്കിയത് ഇളയരാജയാണ്. എം.ജി ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്ന് മനോഹരമായി ആലപിച്ച പാട്ടിനെ ഇളയരാജയുടെ ഹമിങ് മറ്റൊരു തലത്തിൽ എത്തിക്കുന്നു.

 

‘താമരക്കിളി പാടുന്നു തൈ തൈ തക തോം താളിയോലകളാടുന്നു തെയ്തെയ് തകതോം’ എന്ന് ലളിതമായി രണ്ട് പേർ പ്രണയത്തുടക്കത്തിൽ കാണുന്ന കാഴ്ചകളെ പാട്ട് അടയാളപ്പെടുത്തുന്നു. നീണ്ട കാലം പരസ്പരം കാണാതെ സ്നേഹം സൂക്ഷിച്ച രണ്ട് പേർ അവരുടെ പരസ്പരമുള്ള കൂടിച്ചേരൽ ആഘോഷിക്കുന്ന കാഴ്ചകളാണ് ആ പാട്ടിൽ മുഴുവൻ...

 

കടലും പാടവും ചുറ്റുമുള്ള ഓരോ കാഴ്ചകളും അവരുടെ പ്രണയത്തെ കൂടുതൽ സുന്ദരമാക്കുന്നു. പ്രണയത്തിനു പശ്ചാത്തലമൊരുക്കിയ പ്രകൃതിയെ വരികളിലും ഈണത്തിലും അടയാളപ്പെടുന്ന സംഗീതത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പാട്ട്. ഒപ്പം കൗതുകവും കുസൃതിയും പ്രണയവും നിറഞ്ഞ ആലാപനം കൂടിയായപ്പോൾ താമരക്കിളി മലയാളത്തിലെ ക്ലാസ്സിക്‌ ഹിറ്റുകളിൽ ഒന്നാവുന്നു. സിനിമയുടെ മൂഡിനൊപ്പം ചേർന്ന് നിൽക്കുന്ന പാട്ടുകൾ എന്നും നിലനിൽക്കും എന്നാണ് വിശ്വാസം. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന പാട്ടാണിത്.

 

 

ചിത്രം: മൂന്നാംപക്കം

 

ഗായകർ: എം ജി ശ്രീകുമാർ, ചിത്ര

 

സംഗീതം: ഇളയരാജ

 

രചന: ശ്രീകുമാരൻ തമ്പി

 

 

താമരക്കിളി പാടുന്നു തെയ്തെയ് തകതോം

താളിയോലകളാടുന്നു തെയ്തെയ് തകതോം

ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ

സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു തെയ്തെയ് തകതോം

താളിയോലകളാടുന്നു തെയ്തെയ് തകതോം

ഒരുവഴി ഇരുവഴി പലവഴി പിരിയും

മുമ്പൊരു ചിരിയുടെ കഥയെഴുതീടാം

ഒരു നവ സംഗമ ലഹരിയിലലിയാം

 

മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ

മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ

പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍

പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍

കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം

വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം

പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം

ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം

ഇനിയും തുടര്‍ക്കഥയിതു തുടരാൻ

 

തിരയാടും തീരമിന്നും സ്വാഗതമോതിടും

തിരയാടും തീരമിന്നും സ്വാഗതമോതിടും

കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്

അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്

കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം

പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ

പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും

പുതുവെളിച്ചം തേടി നീങ്ങാം

ഇനിയും തുടര്‍ക്കഥയിതു തുടരാൻ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com