ADVERTISEMENT

ചില പാട്ടുകളുണ്ട്, കേൾക്കുമ്പോൾ ഒരേ സമയം ചെറിയ നൊമ്പരവും പുഞ്ചിരിയും മനസ്സിലേക്ക് എത്തിക്കുന്ന ഈണമായി അത് നമ്മളെ ആദ്യ കേൾവി മുതൽ തഴുകും. പിന്നീട് ആ പാട്ടുകൾ എന്നും നമ്മുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഓർമ്മകളും സന്തോഷവും വേദനയും ഒക്കെയായി നമ്മുടെ കൂടെ തന്നെ ഉണ്ടാകും.

 

അപ്രതീക്ഷിതമായി എവിടെ നിന്നെങ്കിലും ആ പാട്ടിന്റെ ഈണം കേൾക്കുമ്പോൾ ആ വരികൾക്കൊപ്പം ഒരുപാട് ഓർമ്മകൾ കൂടി നമ്മുടെ ഉള്ളിലേക്ക് ഓടിയെത്തും. അങ്ങനെ ചിലപ്പോൾ നാമറിയാതെ ചിരിച്ചു പോകും, മറ്റു ചിലപ്പോൾ അറിയാതെ കണ്ണു നനയും. അങ്ങനെ ആ ഗാനശകലം നമ്മൾ അറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവും. അപ്പോൾ നാമറിയാതെ തന്നെ നമ്മുടെ ഉള്ളം പാടും.

 

‘വെള്ളാങ്കല്ലിൻ ചില്ലും

കൂടൊന്നുണ്ടാക്കാം

ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും

എന്തേ പോരാത്തൂ വാവേ..

വാവാച്ചീ...

കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു

പിന്നിക്കൊരുത്തൊരു മാല

തീർക്കാം

തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന

തങ്കക്കലമാനെ

കൊണ്ടത്തരാം

ചിങ്കിരി മുത്തല്ലേ എന്റെ

ചിത്തിരക്കുഞ്ഞല്ലേ.."

 

1988 ലാണ് ഫാസിൽ രചിച്ച്, കമൽ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന ചിത്രം പുറത്തിറങ്ങുന്നത്. കുട്ടിക്കാലത്ത് വേർപിരിഞ്ഞു പോകുന്ന രണ്ട് സഹോദരിമാർ, പിന്നീട് വളർന്ന് ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളിൽ എത്തുന്ന കഥയാണ് ചിത്രം പറയുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമയാണെങ്കിലും കുട്ടികളുടെ സിനിമ പോലെയാണ് കമൽ ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ പാട്ടുകളും അതേ പോലെ തന്നെയാണ്. പൂർണ്ണമായും കുട്ടികൾക്കു വേണ്ടിയെന്നവണ്ണമുള്ള ആ പാട്ടുകൾ ഒരുക്കിയത് ഔസേപ്പച്ചനും ബിച്ചു തിരുമലയും ചേർന്നാണ്.

 

അതിൽ ഇവരുടെ മാസ്റ്റർ പീസ് ആണ് "കണ്ണാം തുമ്പി എന്ന എവെർഗ്രീൻ സൂപ്പർ ഹിറ്റ്‌ ഗാനം. സിനിമയുടെ ആത്മാവ് തന്നെ ആ പാട്ടായിരുന്നു. സിനിമയിൽ ഈ പാട്ട് രണ്ട് തവണ കാണിക്കുന്നുണ്ട്, ഹാപ്പി വേർഷനും സാഡ് വേർഷനും. സാഡ് വേർഷനിൽ ചരണത്തിന്റെ വരികൾക്ക് വ്യത്യാസമുണ്ട്.

ഈ രണ്ട് വേർഷനും ഹിറ്റ്‌ ആയെങ്കിലും ഇതിൽ ഹാപ്പി വേർഷൻ ആണ് ജനങ്ങൾ ഏറ്റെടുത്ത, എപ്പോഴും എവിടെ നിന്നെങ്കിലും നമ്മൾ കേട്ട് കൊണ്ടേ ഇരിക്കുന്ന 'കണ്ണാം തുമ്പി...'

 

അന്ന് ആ സിനിമയ്ക്കു വേണ്ടി, രണ്ടു സഹോദരിമാരുടെ സ്നേഹത്തിന്റെ ആഴം കാണിക്കാൻ ബിച്ചു തിരുമല രചിച്ച വരികൾ ചേക്കേറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ആ വരികൾക്ക് അതിലും ലാളിത്യത്തോടെ, അമ്മയുടെ താരാട്ടിനോളം ഇമ്പമാർന്ന ഈണം കൊടുത്തു ഔസപ്പച്ചനും, അമ്മിഞ്ഞപ്പാലിനോളം മധുരമാർന്ന സ്വരമാധുര്യം കൊണ്ട് ചിത്രയും അതൊന്നുകൂടി ജനഹൃദയങ്ങളിൽ ഊട്ടി ഉറപ്പിച്ചു.

 

അതിനുശേഷം ഒരിക്കലെങ്കിലും ഈ പാട്ട് കേട്ട് ഉറങ്ങാത്ത ഒരു കുട്ടിപോലും പിന്നീട് ഈ കേരളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്. കാരണം അത്രത്തോളം നമ്മുടെ ഉള്ളിൽ ഇടം പിടിച്ച ഗാനമാണിത്. മലയാളികളുടെ ഗൃഹാതുരുത്വത്തിന്റെ, ബാല്യത്തിന്റെ, ഓർമ്മകളുടെയൊക്കെ ഈണവും താളവുമൊക്കെയാണ് എന്നും ഈ ഗാനം.

 

 

ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ

 

രചന: ബിച്ചു തിരുമല

 

സംഗീതം: ഔസേപ്പച്ചൻ

 

ആലാപനം: ചിത്ര

 

 

 

കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം

കൂടാമോ

നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം

കളിയാടാമീ

കിളിമരത്തണലോരം - 2

 

(കണ്ണാന്തുമ്പീ...)

 

വെള്ളാങ്കല്ലിൻ ചില്ലും

കൂടൊന്നുണ്ടാക്കാം

ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും

എന്തേ പോരാത്തൂ വാവേ

വാവാച്ചീ

കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു

പിന്നിക്കൊരുത്തൊരു മാല

തീർക്കാം

തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന

തങ്കക്കലമാനെ

കൊണ്ടത്തരാം

ചിങ്കിരി മുത്തല്ലേ എന്റെ

ചിത്തിരക്കുഞ്ഞല്ലേ

 

(കണ്ണാന്തുമ്പീ...)

 

തിത്തെയ് തിത്തെയ് നൃത്തം

വയ്‌ക്കും പൂന്തെന്നൽ

മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ പല്ലക്കിൽ

എന്തേ

തുള്ളാത്തൂ വാവേ വാവാച്ചീ

തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന

കുഞ്ഞിളം

കാറ്റിന്റെ കൂട്ടുകാരി

മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്കു

 

നിന്നെയാണോമനെ ഏറെയിഷ്‌ടം...

ചിങ്കിരി മുത്തല്ലേ എന്റെ

ചിത്തിരക്കുഞ്ഞല്ലേ

 

(കണ്ണാന്തുമ്പീ...)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com