ADVERTISEMENT

‘ഇന്ന് നിന്റെ പാട്ട് തേടി കൂട്ട് തേടിയാരോ

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു’

 

കഴിഞ്ഞ ദിവസങ്ങളിൽ ഈ പാട്ടും കുഞ്ചാക്കോ ബോബന്റെ ഇതിനൊപ്പിച്ചുള്ള കൗതുകമുണ്ടാക്കുന്ന നൃത്തവും വലിയ തരംഗമായിരുന്നു. അതിനും മുൻപ് മൂന്ന് പതിറ്റാണ്ടോളമായി മലയാളികളുടെ ഉത്സവാഘോഷങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഈണമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി, ഈ ഒലിവിൻ പൂക്കൾ പാടിയാടും നിലാവിൽ’ എന്ന പാട്ട്.

 

മറ്റു ഭരതൻ ചിത്രങ്ങൾ പോലെ കാതോട് കാതോരവും കഥപറച്ചിലിലും മേക്കിങ്ങിലും എന്തോ മാജിക്‌ ബാക്കി നിർത്തുന്നുണ്ട്. ആ മാജിക്‌, ചിത്രങ്ങളിലെ പാട്ടുകളിലുമുണ്ട്. ഒരേ സമയം ഒരു ഫാസ്റ്റ് നമ്പറും മെലഡിയും ഭക്തി സാന്ദ്രമായ അന്തരീക്ഷം ബാക്കിയാക്കുന്ന പാട്ടുമൊക്കെയാണ് ദേവദൂതർ പാടി. ഔസേപ്പച്ചന്റെ എക്കാലത്തെയും മാജിക്കൽ കോമ്പസിഷൻ എന്നു വിളിക്കാവുന്ന ഈ പാട്ടിനെ ഒഎൻവി കുറുപ്പിന്റെ വരികൾ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേർന്ന് ഭംഗിയായി ഓരോ വരിയും കേൾവിക്കരിലേക്ക് എത്തിക്കുന്നു.

 

‘ആയിരം വർണ്ണങ്ങൾ കൂടെ വന്നു

അഴകാർന്നോരാടകൾ നെയ്‌തു തന്നു

ആമാടപ്പെട്ടി തുറന്നു തന്നൂ

ആകാശം പൂത്തു

ഭൂമിയിൽ കല്യാണം 

സ്വർഗ്ഗത്തോ കല്യാണം’, എന്നിങ്ങനെ ഒരു ഉത്സവകാലത്തെ ഭംഗിയുള്ള കുറെ ചിത്രങ്ങളെ വരികളും ഈണവും ആലാപനവും ചേർന്ന് കേൾക്കുന്നവരിലേക്ക് എത്തിക്കുന്നു. ഭൂരിഭാഗം സമയവും സ്റ്റേജിൽ നിന്ന് പാടുന്ന രംഗങ്ങൾ മാത്രമുള്ള ഒരു പാട്ട് വർഷങ്ങൾക്കിപ്പുറവും റെക്കോർഡ് വേഗത്തിൽ കേൾവിക്കാരെയും കാണികളെയും കൂട്ടുന്ന മാജിക്കിന്റെ കൂടി പേരാണ് ‘ദേവദൂതർ പാടി’ 

 

ഒരു ക്രിസ്മസ്കാല തണുപ്പിനെ, സന്തോഷങ്ങളെ, പള്ളിമേടയിലെ വെളിച്ചത്തെ ഒക്കെ അങ്ങേയറ്റം ലളിതമായി കേൾക്കുന്നവരെ അനുഭവിപ്പിക്കുന്ന പാട്ടാണിത്. അതേസമയംതന്നെ ഈണത്തിലെ മാജിക്‌ കൊണ്ട് ഉത്സവാഘോഷങ്ങളിൽ, ഗാനമേളകൾ നിറഞ്ഞ രാവുകളിൽ ഈ പാട്ട് ഒഴിവാക്കാനാവാത്ത സാന്നിധ്യമായി. ആ ഒരു മൂഡിന് ഒരു ആദരമായിക്കൂടിയാണ് മുപ്പത് വർഷങ്ങൾക്കിപ്പുറം ഒരു സിനിമ ആ പാട്ടിനെ ഭംഗിയായി പുനഃസൃഷ്ടിച്ചത്. അതിനു കിട്ടുന്ന ഓരോ കയ്യടിയും കാലതിവർത്തിയായ ഈ പാട്ടിനർഹിക്കുന്നതാണ്.

 

ചിത്രം: കാതോട് കാതോരം

 

സംഗീതം: ഔസേപ്പച്ചൻ

 

രചന: ഒഎൻവി

 

ആലാപനം: കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക

 

 

ദേവദൂതർ പാടി

സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ

ചൂടിയാടും നിലാവിൽ 

 

ഇന്നു നിന്റെ പാട്ടു തേടി

കൂട്ടു തേടിയാരോ...

വന്നു നിന്റെ വീണയിൽ

നിൻ പാണികളിൽ തൊട്ടു

 

ആടുമേയ്‌ക്കാൻ കൂടെ വരാം

പൈക്കളുമായ് പാടി വരാം

 

ആയിരം വർണ്ണങ്ങൾ കൂടെ

വന്നു

അഴകാർന്നോരാടകൾ നെയ്‌തു തന്നു

ആമാടപ്പെട്ടി തുറന്നു തന്നൂ...

ആകാശം പൂത്തു

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ

കല്യാണം 

 

പൊന്നുംനൂലിൽ പൂത്താലിയും കോർത്തു

തന്നു

കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു

കല്യാണപ്പൂപ്പന്തൽ‍

സ്വർഗ്ഗത്തേതോ പൂമുറ്റത്തോ

കാറ്റിൽ കുരുത്തോല കലപില പാടും

താഴത്തോ

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com