ADVERTISEMENT

പ്രണയ വിരഹങ്ങളുടെ ആഴം എങ്ങനെയാണനുഭവിക്കാനാവുക? പലർക്കും പല ഉത്തരങ്ങളുണ്ടാവും. പക്ഷേ ചില പാട്ടുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് നമ്മളെ അനുഭവിപ്പിക്കും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിലിന്റെ നിത്യഹരിത ചിത്രത്തിലെ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന പാട്ട് അത്തരമൊരു അനുഭവമാണ്.

 

"അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ

മഞ്ഞിൽ വിരിഞ്ഞ പൂവേ

പറയൂ നീ ഇളം പൂവേ "- എന്നാണ് നായകൻ ആ പാട്ടിലൂടെ ചോദിക്കുന്നത്. സിനിമയിലെ മഞ്ഞു മൂടിയ ഇടങ്ങളിലെ തീവ്രമായ പ്രണയത്തിലേക്കും അതിലും തീവ്രമായ പ്രതികാരത്തിലേക്കും പ്രേക്ഷകരെ എത്തിക്കാൻ ഈ പാട്ടിനു കഴിയുന്നുണ്ട്. പാട്ടിന്റെ സന്തോഷം നിറഞ്ഞ പതിപ്പും സങ്കടം നിറഞ്ഞ പതിപ്പും ഒരുപോലെ പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിച്ചവയാണ്.

 

ജെറി അമൽദേവിന്റെ ഹൃദയത്തിൽ തുളഞ്ഞു കയറുന്ന സംഗീതവും ബിച്ചു തിരുമലയുടെ പ്രണയ വിഷാദങ്ങൾ നിറഞ്ഞ വരികളും യേശുദാസിന്റെയും ജാനകിയുടെയും മനസ്സു തൊടുന്ന ആലാപനവും പാട്ടിനെ മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള പാട്ടുകളിൽ ഒന്നാക്കുന്നു.

 

വരികളിലെ ചെറിയ വ്യത്യാസത്തിനപ്പുറം ഒരേ ഈണവും ഒരേ പോലെ ഭംഗിയുള്ള ആലാപനവുമായി രണ്ട് തവണ വന്നു പോകുന്നുണ്ട് സിനിമയിൽ ഈ പാട്ട്. അപ്പോഴെല്ലാം മനസ്സു നിറച്ചു നാല് പതിറ്റാണ്ടിനപ്പുറവും മലയാളികളുടെ പ്രണയ വിരഹങ്ങൾക്കു കാവലായി മിഴിയോരം നിലാവലയോ എന്ന് ആരോ പതിയെ പാടി കൊണ്ടേ ഇരിക്കുന്നുണ്ട്.

 

സംഗീതം: ജെറി അമൽദേവ്

രചന: ബിച്ചു തിരുമല

ഗായകർ: കെ.ജെ യേശുദാസ്, എസ്.ജാനകി

ചിത്രം: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

 

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ

നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

 

ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ

പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്

ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ

പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞുപോയ്

 

അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽവിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

 

താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം

താനേ തളർന്നുവീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം

 

അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com