‘ഭൂമിയുടെ ഈ മുനമ്പിൽ വച്ച് മൂന്ന് സാഗരങ്ങളേയും കന്യാകുമാരിയായ ദേവിയേയും സാക്ഷി നിർത്തി ബാലചന്ദ്രൻ നിമ്മിയെ താലി ചാർത്തുന്നു’. കന്യാകുമാരിയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി സുകന്യയെ താലി ചാർത്തിക്കൊണ്ട് പറയുന്ന ഈ രംഗത്തോടെയാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു പ്രണയഗാനം തുടങ്ങുന്നത്.
മലയാളസിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽ നിന്നും ഏറ്റവും അവസാനമായി വന്ന ചിത്രമായിരുന്നു 1994ൽ പുറത്തിറങ്ങിയ ‘സാഗരം സാക്ഷി’.
മമ്മൂട്ടിയും സുകന്യയും പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രം.ബാലചന്ദ്രൻ എന്ന ബിസിനസുകാരന്റെ സ്വപ്ന സമാനമായ ജീവിതവും തകർച്ചയും അതിന്റെ പര്യവസാനവും കാണിച്ച ഒരു ദുരന്തകാവ്യമായിരുന്നു അത്.
മലയാളത്തിന് ഒരുപാട് ക്ലാസിക് ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ ശരത്തും മലയാളികളുടെ പ്രിയ ഗാനരചയിതാവ് കൈതപ്രവും ചേർന്നൊരുക്കിയ ഈ സിനിമയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളുടെ നിരയിലേയ്ക്കുയർന്നു.
സിനിമയോട് ചേർന്നു നിൽക്കുന്ന ഗാനങ്ങളെ ഏറ്റവും മികച്ച രീതിയിൽ ചിത്രീകരിക്കുന്ന സംവിധായകനാണ് സിബി മലയിൽ. ഈ സിനിമയിലെ ഗാനങ്ങളും അതിമനോഹരമായാണ് അദ്ദേഹം പ്രേക്ഷകർക്കായി ഒരുക്കിയത്.
‘നീലാകാശം തിലകക്കുറി ചാർത്തിയൊരുങ്ങിയ പെണ്ണ്..’ എന്നു തുടങ്ങുന്ന ഈ ഗാനത്തിൽ ബാലചന്ദ്രന്റേയും നിമ്മിയുടേയും വിവാഹ ശേഷമുള്ള ജീവിതത്തിന്റെ സുവർണ നിമിഷങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്നു. ഒരു കഥ പറയുന്നതു പോലെ മനോഹരമായി ഗാനം ചിത്രീകരിച്ചിരിക്കുന്നു.
ആ രംഗങ്ങളെയെല്ലാം തനതായ ശൈലിയിൽ ലളിതവും പ്രൗഢവുമായ വരികൾ കൊണ്ട് അതിലും മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു കൈതപ്രം.
അര്‍ഥവത്തായ വരികളിലേക്ക് ഒഴുകിയിറങ്ങുന്ന ശരത്തിന്റെ സംഗീതവും യേശുദാസിന്റേയും ചിത്രയുടേയും സ്വരമാധുരിയും പാട്ടിനെ അതിന്റെ പൂർണതയിലെത്തിക്കുന്നു. അങ്ങനെ എല്ലാ അർഥത്തിലും നിറഞ്ഞു നിൽക്കുന്ന പൂർണത തന്നെയാണ് ഈ ഗാനത്തെ ഇന്നും മലയാളികൾ ഏറ്റുപാടുന്ന, കാണാൻ ആഗ്രഹിക്കുന്ന ക്ലാസ്സിക് ഗാനങ്ങളിലൊന്നാക്കി മാറ്റുന്നത്.
ചിത്രം: സാഗരം സാക്ഷി
സംഗീതം: ശരത്
രചന: കൈതപ്രം
ആലാപനം: യേശുദാസ്, ചിത്ര
നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ്
മേലേക്കാവില്‍ ഇളനീര്‍ക്കുടമേന്തിയ നാടന്‍ പെണ്ണ്
ഇല പൊഴിയും മേട്ടില്‍ അതിരാണിക്കാട്ടില്‍
നിലയറിയാതോടും പൂന്തെന്നല്‍ മാരന്‍
അവരെന്നും തേടി സ്വപ്നലോകം ഓ.. സ്വര്‍ഗ്ഗരാജ്യം... ഓ..
നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ്...
മലമേലേക്കാവില്‍ വാവിന്‍ നാള്‍ രാവില്‍
പൂമാലപ്പെണ്ണാളിന്‍ പൊന്‍കുഞ്ഞു പിറന്നു
താരഹാരങ്ങളേകുവാനായിരം കന്യമാര്‍
വെണ്ണിലാക്കോടി നല്‍കുവാൻ ആയിരം തോഴിമാര്‍
അവരാരും കേള്‍ക്കാതെ പേരെന്തെന്നോതി
പൊന്‍കുഞ്ഞിക്കാതില്‍ പുതുമാരന്‍ തെന്നല്‍
കിളിയേ... കാതുകുത്താന്‍ ഓ... മുള്ളുമായ് വാ... ഓ....
നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ്...
സരിമഗരിസപ ആ... ധപമപസധസ ആ..
പൂമാലപ്പെണ്ണിന്‍ പൊന്‍കുഞ്ഞിനു നാളെ
തിരുവാതിര നാളില്‍ ചോറൂണിനു നേരം
സ്വര്‍ണ്ണമാന്‍പേടയോടുമീ പൂമുഖക്കോടിയില്‍
സ്നേഹഗന്ധര്‍വ്വ വേണുവില്‍ ചിന്തുകള്‍ കേള്‍ക്കയായ്
നിലയുറയും പാട്ടില്‍ ചെത്തിപ്പൂന്തേരില്‍
പുതുമോളെ കാണാന്‍ അണയുന്നൂ പൂതം
കേള്‍പ്പൂ... കാല്‍ച്ചിലമ്പിന്‍... ഓ.. താളമേളം... ഓ..
(നീലാകാശം)