മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്രയ്ക്ക് അറുപതാം പിറന്നാളിന്റെ സ്വരയൗവനം. ചിത്രച്ചേച്ചിയുടെ പാട്ടു കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകാനിടയില്ല മലയാളിയുടെ ജീവിതത്തിൽ. ഞാൻ ആദ്യം കേട്ട ചിത്രപ്പാട്ട് എതെന്ന ആലോചന ചെന്നെത്തിയത് നോക്കെത്താ ദൂരത്തുള്ളൊരു കളിക്കുട്ടിക്കാലത്തേക്കാണ്. അവിടെ ആയിരം കണ്ണുമായി എന്നെ കാത്തിരുന്ന സ്നേഹവാത്സല്യങ്ങളിലേക്കാണ്.
മഞ്ഞു വീണതറിഞ്ഞില്ല, വെയിൽ
വന്നുപോയതറിഞ്ഞില്ല..
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ..
‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസിലിന്റെ ചിത്രത്തിൽ ചിത്ര പാടുന്ന ‘ആയിരം കണ്ണുമായ്’ എന്ന ഗാനമാണ് എന്റെ ജീവിതത്തിലെ ആദ്യ ‘ചിത്രഗീതം’. മഞ്ഞുമഴയും വെയിലും നിലാവും മറന്ന് എന്നെ കൺപാർത്തിരുന്ന അമ്മമനസ്സിന്റെ സ്നേഹം ആദ്യം സ്വരം ചേർത്തത് കെ.എസ്.ചിത്ര ആലപിച്ച ആ ഗാനത്തിനൊപ്പമായിരുന്നു. ആ പാട്ടുമരച്ചില്ലയിൽ ചേക്കേറാത്ത കുഞ്ഞിപ്പൈങ്കിളികളുണ്ടാകില്ലെന്നു തോന്നുന്നു. കരഞ്ഞും പുണർന്നും മാറത്തൊട്ടുന്ന പൈതലിനെ താരാട്ടുന്ന എല്ലാ മലയാളി അമ്മമാരിലും ഒരു കെ.എസ്.ചിത്രയുണ്ടെന്നും തോന്നാറുണ്ട്. രാവേറെ വൈകിയിട്ടും കുഞ്ഞുറങ്ങാത്തത്തിന്റെ ഉൾനൊമ്പരത്തിൽ താരാട്ടുപാടിപ്പാടി അൽപനേരത്തേക്കെങ്കിലും ചിത്രയായി സ്വരജന്മമെടുത്തവരല്ലേ നമ്മുടെ അമ്മമാർ...
അമ്മിഞ്ഞപ്പാലിനൊപ്പം വിരലുണ്ടു മയങ്ങുമ്പോൾ നാവു നുണഞ്ഞതിൽ ചിത്രച്ചേച്ചിയുടെ പാട്ടുമധുരംകൂടി പുരണ്ടിട്ടുണ്ടാകുമെന്നതു തീർച്ച. അങ്ങനെ അമ്മ മൂളിത്തന്ന ഉറക്കുപാട്ടിലൂടെയല്ലേ നമ്മളിൽ പലരും ആദ്യമായി ചിത്രച്ചേച്ചിയുടെ സ്വരം കേട്ടിട്ടുണ്ടാകുക. എത്ര പാൽക്കുഞ്ഞുങ്ങളെ പാടിയുറക്കിയ അമ്മത്തം തുളുമ്പുന്നു ഇപ്പോഴും ആ സ്വരത്തിൽ. വർഷങ്ങളേറെക്കഴിഞ്ഞ് നമ്മൾ മുതിർന്ന്, നമുക്കും ഉണ്ണികൾ പിറന്ന് അവരുടെ കൊഞ്ചിക്കരച്ചിൽ കാതിലലച്ച നേരങ്ങളിൽ പണ്ട് അമ്മ നമുക്കു പാടിത്തന്ന അതേ ചിത്രപ്പാട്ടുകൾ പാടിക്കൊടുത്ത് നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെയും രാവുറക്കുന്നു. ഓരോ അമ്മയിലും ചിത്രയെന്ന ഗായിക പുനർജനിച്ചുകൊണ്ടേയിരിക്കുന്നു. വെറുതെയല്ല, കെ.എസ്.ചിത്ര നമുക്ക് വെറും ഗായിക മാത്രമല്ലാതായത്..
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
ഗാനം: ആയിരം കണ്ണുമായ്
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്
ആലാപനം: കെ.എസ് ചിത്ര
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാൻ
പൈങ്കിളീ മലർ തേൻകിളീ
വന്നു നീ വന്നു നിന്നു നീയെൻറെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെൻറെ
ജന്മ സാഫല്യമേ
(ആയിരം)
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
എൻറെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ
(ആയിരം)
English Summary: Aayiram kannumay song of the day KS Chithra special