‘നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്...’; കോരിത്തരിപ്പിക്കുന്നുണ്ടോ ഈ പ്രേമഗീതം?

aattuthottilil-songnew
SHARE

‘നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്..

നീളേ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്,

മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ,

ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ...’

വെറുതെ വായിച്ചു നോക്കിയാൽ അതിമനോഹരമായ ഒരു പ്രണയ കവിത, എന്നാൽ അതിന് ഈണം കൊടുത്തപ്പോഴോ, എക്കാലത്തും എല്ലാവരും ഏറ്റു പാടുന്ന, എല്ലാ ഗാനമേളയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമായ പാട്ട്. 

ഏത് കാലഘട്ടത്തിലേയും യുവതലമുറയ്ക്ക് ആസ്വാദ്യകരമാവുന്ന രീതിയിൽ ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത, ഒരു അടിപൊളി ഫാസ്റ്റ് നമ്പർ എന്ന തരത്തിൽ കാലഘട്ടത്തെ അതിജീവിക്കുന്ന വളരെ ചുരുക്കം ഗാനങ്ങളെ മലയാളത്തിലുള്ളു. അക്കൂട്ടത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനമാണ് 1997ൽ പുറത്തിറങ്ങിയ ‘പൂനിലാമഴ’ എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്ന് പാടിയ ‘ആട്ടുതൊട്ടിലിൽ...’ എന്ന ഗാനം.

സഞ്ജയ് മിത്ര, ശ്രദ്ധ നിഗം ​എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പൂനിലാമഴ’. പാട്ടുകൾക്ക് ഏറെ പ്രധാന്യം കൊടുത്ത് പുറത്തിറങ്ങിയ ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. സിനിമയെക്കാൾ ഏറെ ആഘോഷിക്കപ്പെട്ടത് ഈ പാട്ട് തന്നെ.

ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ..... 

അത്രമേൽ മനോഹരമായി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ പ്രണയകവിതയെ ഒരു തരംഗമാക്കി മാറ്റിയ ഈണം നൽകിയത് ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരായ ലക്ഷ്മികാന്ത് പ്യാരേലാൽ സഖ്യമായിരുന്നു. അതിന്റെ ഉള്ളറിഞ്ഞു ശ്രീകുമാറും ചിത്രയും ചേർന്നു പാടിയപ്പോൾ മലയാളത്തിനു കിട്ടിയത് മറ്റൊരു അനശ്വരഗാനം.

ഒരുപാട് ഹിറ്റ് ഗാനങ്ങൾ ഇന്ത്യൻ സിനിമക്ക് നൽകിയ ലക്ഷ്മികാന്ത് പ്യാരേലാൽ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ തന്നെ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇന്നും ജനഹൃദയങ്ങൾ ഏറ്റു പാടുന്ന ഈ എവർഗ്രീൻ സൂപ്പർ ഹിറ്റ്‌. മലയാളത്തിലെ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന പാട്ടുകളിൽ ഒന്നായി ആട്ടുതൊട്ടിലിൽ എന്നും നിലനിൽക്കും.

ചിത്രം: പൂനിലാമഴ

 

രചന: ഗിരീഷ് പുത്തഞ്ചേരി

 

സംഗീതം: ലക്ഷ്മികാന്ത് പ്യാരേലാൽ

 

ആലാപനം: എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര

 

ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)

 

നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്

നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്

മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ

ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ

മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം  ചേരവെ

കുറുകി വാ കുളിർ വെൺ പ്രാക്കളേ

ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)

 

കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ

മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ

വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ

താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ

അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ

ആടുമീ പദതാളങ്ങളായ്

പാടുമീ സ്വരജാലങ്ങളിൽ ഓ..(ആട്ടുതൊട്ടിലിൽ..)

English Summary: aattuthottilil ninne kidathi urakki melle song of the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS