‘മിന്നൽവള കയ്യിലിട്ട പെണ്ണഴകേ’; റീലുകളിലും ജ്യൂക്ബോക്സിലും നിറഞ്ഞ് മിന്നൽവളക്കിലുക്കം

Mail This Article
റീലുകളിൽ മുഴുവൻ മഴ തിമിർത്തു പെയ്തു തുടങ്ങി. മഴത്തുള്ളിക്കിലുക്കമുള്ള മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലമായി ഹൃദ്യമായ മഴപ്പാട്ടുകൾ നിറയുകയാണ്. മലയാളികൾക്കു പണ്ടുമുതലേ മഴക്കാലം പാട്ടുകാലം കൂടിയാണ്. അതുകൊണ്ടല്ലേ മഴ കനത്തു പെയ്യുന്നതു കണ്ടിരിക്കുമ്പോൾ മേശപ്പുറത്തൊരു കട്ടൻകാപ്പിയും റേഡിയോയിൽ ജോൺസൺ മാഷിന്റെ പാട്ടും കൂട്ടുവന്നത്. പുതിയ കാലം പുതിയ പാട്ടുകളുടേതു കൂടിയുമാണ്.
കഴിഞ്ഞയാഴ്ച മലയാളിയുടെ പ്ലേലിസ്റ്റുകളിൽ നിറഞ്ഞുനിന്നതും മഴ മൂഡിലുള്ളൊരു പ്രണയഗാനമാണ്. ‘മിന്നൽവള കയ്യിലിട്ട പെണ്ണഴകേ...എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ’ എന്ന ‘നരിവേട്ട’ യിലെ ഗാനമാണ് കഴിഞ്ഞയാഴ്ച റീലുകളിലും ജ്യൂക്ബോക്സിലും കിലുങ്ങിനിന്ന മിന്നൽവളപ്പാട്ട്. ജേക്സ് ബിജോയ് ഈണം നൽകിയ ഈ പ്രണയഗാനം സിദ്ധ് ശ്രീരാമും സിതാര കൃഷ്ണകുമാറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആലപ്പുഴയുടെ കായൽനീലയും വയൽപ്പച്ചയും ഇഴചേരുന്ന പശ്ചാത്തലം പാട്ടിനു കൂടുതൽ മിഴിവേകുന്നു. ടൊവീനോയും പ്രിയംവദ കൃഷ്ണനും പാടി അഭിനയിക്കുന്ന ഈ ഗാനം അടുത്തകാലത്തു മലയാള സിനിമയ്ക്കു ലഭിച്ച ഹൃദ്യമായൊരു പ്രണയ യുഗ്മഗാനം കൂടിയാണ്.
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാതായി
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞു
പൂപോലെ നീ വിരിഞ്ഞു
ഏതു തലമുറയ്ക്കും ഉള്ളിൽതൊട്ടുകേൾക്കാവുന്ന മനോഹരമായ ഈ വരികൾ എഴുതിയത് കൈതപ്രമാണ്. സിനിമാപ്പാട്ടുകളിൽ ഇലക്ട്രിക് സംഗീതം പിടിമുറുക്കുന്ന ഇക്കാലത്തും കവിതാഭംഗിയുള്ള ഈ ഗാനം യുവതലമുറ എത്ര പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. പാട്ടിനൊപ്പം കൺകുളിർക്കുന്ന ഗ്രാമീണ ദൃശ്യഭംഗികൂടിയായപ്പോൾ പാട്ട് ഇരട്ടി മധുരതരമായി.
ഗാനം: മിന്നൽവള
ചിത്രം: നരിവേട്ട
രചന: കൈതപ്രം
സംഗീതം: ജേക്സ് ബിജോയ്
ആലാപനം: സിദ് ശ്രീറാം, സിതാര കൃഷ്ണകുമാർ
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെവ് നീ വിരിഞ്ഞൂ
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
ഈറൻ മുടി കോതിയൊരുങ്ങീ
വെണ്ണിലാ ചന്ദനം തൊട്ട്
അത്തിമറ്റച്ചോട്ടിൽ വന്നാൽ
താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ട്
പുളകം കൊണ്ട് നല്ലീളം കാറ്റ്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
രാവല്ലോ തീരത്തെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
കായൽത്തിരമാലകളാകെ
തേടി വന്ന പൂവുകളായി
പുൽക്കൂടിനരികിലായി
ചേർന്നിരിക്കാം
ചുംബനപ്പൂവുകളെന്നിൽ
ആദ്യാനുഭൂതികളായി
ആദ്യാനുഭൂതികളിൽ
ഞാൻ ഒഴുകീ
ഞാനില്ലാ നീയില്ലാ നമ്മളൊന്നായ്
ഓരോരോ രാവുകളും മോഹനമായ്
നാമൊഴുകീ സ്നേഹമായ്
പ്രിയതരമായൊഴുകീ
പ്രണയമായ്