വിടാതെ പിന്തുടരുന്നു ഇന്നും ആ 'പുഷ്‌പമിഴിയുടെ തേരോട്ടം'; ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ടുനടക്കുമ്പോൾ...

Mail This Article
മലയാളിയുടെ പാട്ടോർമകളിൽ പഴയോരീണമായി ഈ ചെട്ടിക്കുളങ്ങര ഉൽസവപ്പാട്ടുമുണ്ട്. ഒരു തലമുറ നെഞ്ചിലേറ്റിയ ഈ ഗാനം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ റീലുകളിലും പ്ലേലിസ്റ്റുകളിലും ഹിറ്റ്‌ചാർട്ടിലേക്കു കുതിക്കുകയാണ്. അടിച്ചുപൊളി ഈണത്തിൽ റീമിക്സ് ചെയ്ത ഈ ആഘോഷഗാനം കഴിഞ്ഞദിവസം റീറിലീസ് ചെയ്ത ‘ഛോട്ടാ മുംബൈ’ എന്ന മോഹൻലാൽചിത്രത്തിലേതാണെന്നു തെറ്റിദ്ധരിക്കുന്ന ചിലരെങ്കിലുമുണ്ടാവാം പുതുതലമുറയിൽ. എന്നാൽ യുവത്വത്തിന്റെ നൃത്തവേദികളിൽ ചടുലതാളമായി നിറഞ്ഞുനിന്ന ഈ ആഘോഷഗാനം മലയാളി ആദ്യം കേട്ടത് 50 വർഷം മുൻപാണ്. 1975ൽ പുറത്തിയ ‘സിന്ധു’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എം.കെ അർജുനൻ ഈണമിട്ട് യേശുദാസ് ആലപിച്ച ഈ ഗാനം അരനൂറ്റാണ്ടിനുശേഷം ഒരു മൂന്നാംജന്മത്തിലേക്ക് കടന്നിരിക്കുകയാണ്.
2007ൽ പുറത്തിറങ്ങിയ ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിലാണ് ഈ ഗാനത്തിന്റെ റീമിക്സ് വീണ്ടും ഹിറ്റായത്. ഇപ്പോഴിതാ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയറ്ററുകളിൽ റീറിലീസ് ചെയ്യുമ്പോൾ ഈ ഗാനം കൂടുതൽ യുവത്വത്തോടെ നമ്മുടെ കാതുകളിൽ ബഡാ ഹിറ്റായി മുഴങ്ങുന്നു. പാട്ടുകളുടെ റീമിക്സ് സാധ്യതകളിലേക്കു മലയാളി ആസ്വാദകരെ കൊണ്ടുപോയ ആദ്യകാല ഗാനങ്ങളിലൊന്നുകൂടിയാണ് ഈ പാട്ട്. ഫാസ്റ്റ് നമ്പർ ഗാനമാണെങ്കിലും വരികളിലെ ഗ്രാമീണതയും നാടൻപ്രേമത്തിന്റെ മനോഹാരിതയും പാട്ടിന് അധികമധുരമാകുന്നു. ബെൽബോട്ടം പാന്റുമിട്ട് പ്രേംനസീർ പാടിയഭിനയിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രത്തിലെ ഗാനം അരനൂറ്റാണ്ടിനുശേഷം ജെൻ സി തലമുറയ്ക്കിടയിലും വൈറലാകുമ്പോൾ തലമുറകൾ കടന്നുള്ള ഒരു പാട്ടിന്റെ പ്രയാണംകൂടിയാണത്. മലയാളത്തിന്റെ നിത്യഹരിതനായകൻ പാടിയഭിനയിച്ച ഈ ഗാനത്തിനു ഛോട്ടാ മുംബൈയിൽ വീണ്ടും സൂപ്പർസ്റ്റാർ മോഹൻലാൽ ചുവടുവയ്ക്കുമ്പോൾ, പുതുതലമുറകൂടി ഒപ്പം ചുവടുവയ്ക്കുന്നു.
ഗാനം: ചെട്ടിക്കുളങ്ങര ഭരണിനാളിൽ
സിനിമ: സിന്ധു
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജുനൻ
ആലാപനം: യേശുദാസ്
ചെട്ടിക്കുളങ്ങര ഭരണിനാളിൽ
ഉത്സവം കണ്ടുനടക്കുമ്പോൾ
കുപ്പിവള കടയ്‌ക്കുള്ളിൽ ചിപ്പിവളക്കുലയ്‌ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
(ചെട്ടിക്കുളങ്ങര)
കണ്ടാൽ അവളൊരു തണ്ടുകാരി
മിണ്ടിയാൽ തല്ലുന്ന കോപക്കാരി
ഓമൽക്കുളിർ മാറിൽ സ്വർണ്ണവും
ഉള്ളത്തിൽ ഗർവ്വും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേട്ടുപാടി
അതുകേട്ടു ഞാനും മറന്നുപാടി
പ്രണയത്തിൻ മുന്തിരിത്തോപ്പുരുനാൾ കൊണ്ട്
കരമൊഴിവായ് പതിച്ചുകിട്ടി
ഓരോ ദിനവും കൊഴിഞ്ഞുവീണു
ഓരോ കനവും കരിഞ്ഞുവീണു
വീണയും നാദവും പോലെയൊന്നായവർ
വിധിയുടെ കൈകളാൽ വേർപിരിഞ്ഞു
അകലെ അകലെയാണവൾ എന്നാലാ ഹൃദയം
അരികത്തു നിന്നു തുടിക്കയല്ലേ
ഉടലുകൾ തമ്മിലകന്നുവെന്നാൽ
ഉയിരുകളെങ്ങനെ അകന്നു നിൽക്കും