Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോ വിരൽ മീട്ടി മനസിൻ മൺവീണയിൽ...

MANJU-PRANAYAVARNGAL

കോളജ് മുറ്റത്തെ ഒരു കോണിൽ ഒറ്റയ്ക്കങ്ങനെ മൗനം പൂണ്ടു നിന്നിരുന്ന ആ പഴയ മരത്തെ ഓർമയില്ലേ... മഞ്ഞുപൊഴിയും കാലത്ത് നിറയെ ഇലകൾ പൊഴിച്ച, മഴ പെയ്യും നേരം മറ്റൊരു മഴ പൊഴിച്ച ആ മരം. ഒരുപാട് കഥകൾക്ക്, ഒരുപാട് പ്രണയങ്ങൾക്ക് സാക്ഷിയായ, പൊതിച്ചോറുണ്ണാൻ തണലൊരുക്കിയ ആ മരം. എന്നെങ്കിലുമൊരിക്കൽ സ്വന്തമാക്കുമെന്നുറപ്പിച്ചവളെ‌യോർത്തിരുന്ന നിമിഷങ്ങൾക്ക് സാക്ഷിയായ മുത്തശ്ശി മരം. അതിനോടൊപ്പം ചെലവിട്ട പകലുകളും സായന്തനങ്ങളും മനസിലും പൊടിപിടിച്ചെവിടെയോ അടിഞ്ഞു പോയ പഴയ ഓട്ടോഗ്രാഫുകളിലും ഉറങ്ങിക്കിടക്കുന്നില്ലേ; മനസിനോടുമാത്രം ചിലതു പറഞ്ഞു കൊണ്ട്. 

അങ്ങനെയുള്ള ഒരുപാടൊരുപാട് ഓർമകൾക്കിടയിൽ ആരോ പതിയെ പതിയെ പാടുന്നുണ്ടീ ഈണം. ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെടുന്നുവെന്ന് നാം പറയുന്ന ഒരുപാട് വർണങ്ങളുള്ള കലാലയ ജീവിതത്തെ ഓർമപ്പെടുത്തുന്ന പ്രണയാർദ്രമായ പാട്ട്...

ആരോ വിരൽ മീട്ടി മനസിന്‍ മൺ വീണയിൽ...അജ്ഞാതമായ ഏതൊക്കെയോ വികാരങ്ങൾ മനസിനുള്ളിൽ ഇടയ്ക്കങ്ങനെ കൂടണയുമ്പോൾ ചുണ്ട് അറിയാതെ മൂളുന്ന ഈണങ്ങൾക്കിടയിൽ എന്നുമുണ്ട് ഈ പാട്ട്. 

ചലച്ചിത്രത്തിന്റെ കഥക്കൂടിനുള്ളിലേക്കൊതുക്കി നിർത്തി പാട്ടെഴുതുന്ന വെല്ലുവിളിയെ കവിതയുടെ അസാമാന്യത കൊണ്ട് നേരിട്ട പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി. പുല്ലാങ്കുഴലും ഗിത്താറും ഒപ്പം പാടിയില്ലെങ്കില്‍ അതൊരു കവിത. അല്ലെങ്കിൽ അതൊരു സിനിമപ്പാട്ട്. പ്രണയത്തെക്കുറിച്ച് എഴുതി മതിവരും മുൻപേ അങ്ങിറങ്ങിപ്പോയ പാട്ടെഴുത്തുകാരന്റെ നഷ്ടം എത്രമാത്രം ആഴമുള്ളതാണെന്ന് ഓർമപ്പെടുത്തുന്ന പാട്ടാണിത്; സന്ധ്യയുടെ മൗനം പോലെ തേജസാർന്നത്.

ചില്ലുടഞ്ഞുപോയൊരു ആർദ്ര ഹൃദയത്തിന്റെ മിടിപ്പുകളെഴുതിയ പാട്ടിന് ഈണമിട്ടത് വിദ്യാസാഗറാണ്. മൃദുവായ ചിറകൊച്ചയോടെ ഇരുളിൽ പറന്നുവന്ന് ഒരു തൂവൽ പൊഴിച്ചിട്ടു മടങ്ങിപ്പോയ പക്ഷിയെപ്പോലെയാണീ പാട്ട്. എത്രകേട്ടാലും മതിവരാത്തത്. ഓരോ കേൾവിയിലും ഒരു കണ്ണീർ മുകിലായി മനസിനെ നൊമ്പരപ്പെടുത്തുന്നത്.

ആ ഗാനം 

ചിത്രം      : പ്രണയവർണങ്ങൾ

ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

സംഗീതം  :വിദ്യാസാഗർ

ആലാപനം: യേശുദാസ്

ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍

 

ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം

 

തളരും തനുവോടെ ഇടറും മനമോടെ

 

വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ 

 

(ആരോ വിരൽ മീട്ടി)

 

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി

 

വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി

 

നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി 

 

ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ 

 

(ആരോ വിരൽ മീട്ടി)

 

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍

 

കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ

 

നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം

 

മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ 

 

(ആരോ വിരൽ മീട്ടി)