Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിൽ നീയുണ്ടായിരുന്നെങ്കിൽ...

രചിക്കപ്പെട്ട നാൾതൊട്ട് അനാദികാലത്തോളം പ്രണയിക്കപ്പെടാൻ നിയോഗിക്കപ്പെട്ട ചില ഗാനങ്ങളുണ്ട്. എത്ര മുകർന്നാലും മതിവരാതെ, എത്ര കേട്ടാലും കൊതിതീരാതെ ആ ഗാനങ്ങൾ പാടിക്കൊണ്ടേയിരിക്കും. പലർക്കും അത് ജീവിതത്തിന്റെ അടയാളവാക്യമായി തീരും. അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന വരികൾക്ക് അത്തരമൊരു നിയോഗമുണ്ട്. എൺപതുകളിൽ പ്രണയിക്കാൻ പഠിച്ചവർക്കും പിന്നീടങ്ങോട്ട് പ്രേമം തുടങ്ങിയവർക്കും ഈ ഗാനം ഒഴിച്ചുകൂടാൻ വയ്യാത്തതായി. കാമുകിയുടെ കാതോരത്ത് ഈ ഗാനം എത്തിയെങ്കിലെന്ന് ആഗ്രഹിച്ചുനിന്നിട്ടുണ്ട് പലരും. പറയാതെ പ്രണയം പറയാൻ കൊതിച്ചവർ അറിയാതെ മൂളി ആ ഗാനം; അരികിൽ നീയുണ്ടായിരുന്നെങ്കിൽ...

പ്രണയികൾ സ്നേഹത്തിന്റെ സ്വാർഥതയിൽ പരസ്പരം പാടിച്ചുകൊണ്ടിരിക്കുന്ന പാട്ട്. അപ്പോഴും അവരുടെ മനസിൽ രാത്രിമഴ പെയ്തു തോർന്നിരുന്നില്ല. ജാലകവാതിലിൽ കാതരയായി വന്നിരുന്ന പക്ഷി സ്വകാര്യം പറയുന്നത് തങ്ങളോട് മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ചു അവർ. ഈ ഗാനത്തിലൂടെ അനുരാഗത്തിൽ മുക്കിയെടുക്കുകയാണ് ഒഎൻവിയുടെ വരികൾ. വാക്കുകൾ മനസിലാകാതെ പോയവർ പോലും ദേവരാജന്റെ ഈണത്തിൽ പ്രേമപരവശരായി. നട്ടുവളർത്തിയ പൂക്കളുമായി അവളുടെ മുടിച്ചാർത്തിലേക്കെത്താൻ കൊതിച്ചു ഓരോ കാമുകഹൃദയവും. ആ ഗാനത്തിൽ ഞാനെത്ര ധന്യൻ എന്ന് ഉരുവിട്ടു അവർ. യേശുദാസ് അത് പാടി നിർത്തുമ്പോഴും പാടിത്തീരാതെയിരുന്നു നമ്മുടെ ഹൃദയങ്ങൾ.

ജേസി സംവിധാനം ചെയ്ത നീയെത്ര ധന്യയിൽ ഇതു കൂടാതെ മറ്റൊരു മനോഹര ഗാനം കൂടിയുണ്ട്. ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു എന്നു തുടങ്ങുന്ന ഗാനം. അഞ്ച് പാട്ടുകൾ ചിത്രത്തിലുണ്ട്. 1987ലാണ് നീയെത്ര ധന്യ പുറത്തിറങ്ങുന്നത്. കാർത്തിക, മുരളി എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹരികാംബോജി രാഗത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.