Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...

azhalinte

പെരുമഴയത്തു പെട്ടെന്നിറങ്ങി പോയവൾ...കണ്ണുനനഞ്ഞു നിസഹായതയോടെ ഒരു മടക്കം. പ്രണയമഴയായി പെയ്തിറങ്ങുവാൻ ഇനി ഞാൻ തിരികെ വരില്ലെന്നു പറയാതെ പറഞ്ഞു യാത്രയായവൾ. നിറമുള്ള ഓർമകളും പിന്നെ എരിവേനലിന്റെ ചൂടുള്ള വിങ്ങലുമുള്ള ഒരു അധ്യായം തന്റെ ജീവിതത്തിൽ എഴുതി ചേർത്തവൾ. ഓരോ ചിന്തയിലും കുത്തിനോവിക്കുന്ന ഓർമയായി മാറിയ പ്രണയിനി. അങ്ങനെയൊരാൾ ഒരുപാടു പേരുടെ ജീവിതത്തിലുണ്ടാകും. ഓരോ കേൾവിയിലും കണ്ണുനനയിക്കുന്ന ഈ ഗാനം നേടലിനും നഷ്ടപ്പെടലിനുമിടയിലുള്ള പ്രണയത്തിന്റെ നിസഹായതയെ കുറിച്ചാണു പാടുന്നത്.

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...

നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...

പ്രണയം നൊമ്പരമായി മാറിയ നിമിഷങ്ങളെ മറവിയിലേക്കു പറഞ്ഞു വിടാൻ ആർക്കുമാകില്ല. മനസിന്റെ ഏതെങ്കിലുമൊരിടത്ത് മനപൂർവ്വം അകറ്റി നിർത്താം എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് അവ ക്രൂരമായ നോട്ടങ്ങളുമായി തിരികെയെത്തും. അഴലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയവളുടെ പിൻനോട്ടങ്ങളെ. നിസഹായതോടെ നിറഞ്ഞ കണ്ണുകളോടെ അതുനോക്കി നിൽക്കുവാനല്ലാതെ നമുക്കു മറ്റെന്താണു സാധിക്കുക? നോവു മാത്രമുള്ള ഏകാന്തമായൊരിടത്ത് തന്നെ ഒറ്റയ്ക്കാക്കി പോയ പ്രണയിനിയെ കുറിച്ചുള്ള പാട്ടെഴുത്തു കണ്ണു നനയിച്ചുകൊണ്ടേയിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ ഇരുൾ മൂടിയടഞ്ഞു പോയ മനസുകളിലേക്കു ഈണം കൊണ്ടു അവളായി മാറുന്നു ഈ ഗാനം. 

ഒരു വിതുമ്പലയായി മാഞ്ഞു പോയവളെ കുറിച്ചു വരികളെഴുതിയത് വയലാർ ശരത് ചന്ദ്ര വർമയാണ്. നിഖിൽ മാത്യുവിന്റെ നേർത്ത സ്വരഭംഗിയെയാണു ഔസേപ്പച്ചൻ ഈ ഗാനത്തിനു ശബ്ദമാക്കിയത്. നിഖിലിന്റെ കരിയറിനു വഴിത്തിരിവായി ഗാനം. ഒരു വിങ്ങലായും പകരംവയ്ക്കാനില്ലാത്ത സ്നേഹമായും മാറുന്ന ഗീതം. കാലാതീതമായ പ്രണയത്തിൽ ഒന്നുചേരലുകളും വിടപറയിലും ഇനിയുമുണ്ടാകും.  പ്രണയത്തിന്റെ നാടകീയ നിമിഷങ്ങളെ അതിഭാവുകത്വമില്ലാത്ത വരികളിലൂടെയും ഈണങ്ങളിലൂടെയും സ്വരങ്ങളിലൂടെയും അവതരിപ്പിച്ച ഗാനവും അതുകൊണ്ടു തന്നെ ഇനിയെന്നും നമ്മോടൊപ്പമുണ്ടാകും.