Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മഴതൻ...വിരലീ പുഴയിൽ

ennu-ninte-moideen-review എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ

പുഴ കണ്ണീരണിഞ്ഞ പ്രണയ നൊമ്പരത്തിലൂടെ, മഴ കണ്ണുനീരായി പെയ്തിറങ്ങിയ ഒരു പെൺമനസിനുള്ളിലൂടെ, വാക്കാണ് സത്യമെന്ന് വിശ്വസിച്ച ഒരു ആൺ ഉശിരിന്റെ ചങ്കിനുള്ളിലൂടെ കവിത നടന്നകന്ന പാട്ടാണിത്. ദാസേട്ടന്റെ പ്രണയാർദ്രമായ, കടലോഴം ആഴമുള്ള സ്വരത്തിന്റെ ഭാവഭംഗിയറിഞ്ഞ പാട്ട്. ‌

ഈ മഴതൻ

വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ...

പ്രമേയത്തെ ഉൾക്കൊള്ളുകയും എന്നാലത് സിനിമയ്ക്കും കാലത്തിനുമപ്പുറം സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ് ചലച്ചിത്ര ഗാനങ്ങൾക്ക് അർഥമുണ്ടാകുന്നത്. നവസിനിമകളിലെ ഗാനങ്ങൾക്ക് ഈ മുഖമില്ലെന്ന വാദങ്ങൾക്കുള്ള മറുപടിയാണ് മഴയുടെ നനവുള്ള, പ്രണയത്തിന്റെ തീക്ഷ്ണതയുള്ള ഈ ഗാനം. മഴയുടെ ഏറ്റവും വശ്യമായ ഭാവം പ്രണയത്തിന്റേതാണ്. മനസുകളിൽ പ്രണയം തുടികൊട്ടുന്നതും ഒരു പെരുമഴക്കാലമായിട്ടാണ്. മഴയും പ്രണയവും കാത്തിരിപ്പും എല്ലാം ഇഴചേർന്ന ഈ ഗാനം പോയകാലത്തേയും വരുംകാലത്തേയും മനസുകൾക്കുള്ളതാണ്. തർക്കമില്ല.

റഫീഖ് അഹമ്മദാണ് എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തിലെ ഈ പാട്ടെഴുതിയത്. രമേശ് നാരായണൻറേതാണ് ഈണം. ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ....എന്നു തുടങ്ങുന്ന വരികളെഴുതിയത് പ്രകൃതി തന്നെയല്ലേ എന്ന് തോന്നിയിട്ടില്ലേ. മഴ തന്റെ വിരലുകൾ കൊണ്ട് ഇരുവഴിഞ്ഞിപ്പുഴയുടെ മാറിൽ എഴുതിയിട്ട പ്രണയഗാഥ തന്നെയല്ലേ കാഞ്ചനമാലയുടേയും മൊയ്തീന്റെയും. ആ കഥയുടെ ആഴങ്ങളിലേക്ക്, അവരുടെ മൂക-വിഷാദ പ്രണയചിന്തകളിലേക്കാണ് രമേശ് നാരായണൻ പുല്ലാങ്കുഴലിന്റെയും ഗിത്താറിന്റെയും വയലിന്റെയും തന്ത്രികളെ കൊരുത്തിട്ടത്. പുലര്‍കാലത്ത് പെയ്തിറങ്ങി തൊടികളിലെ പച്ചിലത്തുമ്പുകളോട് മൃദുലമായി സംവദിക്കുന്ന മഴ പോലെയാണ് ഈണവഴികൾ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് കാലം കടക്കുന്തോറും ആഴം കൂടുന്ന പ്രണയം പോലെ, പ്രാണനിലാകെ പ്രണയത്തിന്റെ ലഹരി പടർത്തുന്ന ഭാവമാറ്റം വരുന്നു പാട്ടിന്. അതിലേക്ക് ദാസേട്ടന്റെ സ്വരം കൂടിച്ചേർന്നതോടെ മലയാളത്തിന്റെ ഹൃദയത്തിലേക്ക് മറ്റൊരു പാട്ടുകൂടിയെത്തി.

നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ

ഹൃദയമിന്നീ മൺകരയായീ കാലമെന്തേ ചിരി തൂകി

മതവും സമൂഹവും തീർത്ത വേലിക്കെട്ടുകളെ പൊളിച്ചെറിഞ്ഞ് പ്രണയിച്ച മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറയുകയാണ് 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രം. സാമൂഹികാന്തരീക്ഷം പച്ചയായ മനുഷ്യ ജീവിതത്തിൽ തീർക്കുന്ന ഉണങ്ങാത്ത മുറിവിൽ നിന്നുകൊണ്ടാണ് ഈ ചിത്രം നമ്മോട് സംവദിക്കുന്നത്. മൊയ്തീൻ ജീവിച്ചിരുന്നപ്പോഴും, പുഴയാഴങ്ങളിലേക്ക് അയാൾ പോയിമറഞ്ഞതിനു ശേഷവും അയാൾക്കായികാത്തിരുന്ന പെൺമനസിന്റെ പ്രണയതീക്ഷ്ണതയെ കുറിച്ച് പറഞ്ഞ ചിത്രം. അതിലെ ഈ ഗാനം അവരുടെ പ്രണയത്തിന്റെ കാൽപനിക ഭാവത്തേയും വിപ്ലവ ചൂടിനേയും, ആ പ്രണയത്തോട് പ്രകൃതിക്കുള്ള ഇഷ്ടത്തേയും പങ്കുവയ്ക്കുമ്പോൾ ഈണവും വരികളും ഒന്നിനോടൊന്നു സുന്ദരമായി ഇഴചേർന്നു നില്‍ക്കുന്നു. സിനിമയുടെ പ്രമേയവും പാട്ടിലെ വരികളും ഈണങ്ങളും ജീവിതഗന്ധിയാകുകയും ചെയ്തു. പ്രണയിനികളുടെ മനസില്‍ ചേക്കേറാൻ ഈ പാട്ടിനു കഴിഞ്ഞുവെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ വിജയം. ആ പ്രണയം കണ്ടൊഴുകിയ ഇരുവഴിഞ്ഞിപ്പുഴയിലെ കുഞ്ഞോളങ്ങളെ സാക്ഷിയാക്കി സാഹിത്യവും സംഗീതവും പരസ്പരം പ്രണയിക്കുകയാണ് ഈ പാട്ടിൽ.

Ennu Ninte Moideen എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവതി

എന്നു നിന്റെ മൊയ്തീന് പാട്ടെഴുതുമ്പോൾ കാഞ്ചനമാലയെന്ന വ്യക്തിത്വമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് റഫീഖ് അഹമ്മദ് പറഞ്ഞിരുന്നു. മൊയ്തീന്റെ കണ്ണിണകൾ എന്താണ് കാഞ്ചനമാലയോട് പറയാൻ കൊതിച്ചതെന്നും, അവരുടെ പ്രണയം കണ്ട ഇരുവഴിഞ്ഞിപ്പുഴയും അവിടുത്തെ നനുത്ത മണ്ണും, അവിടേക്ക് വിരുന്നുവന്ന ഋതുഭേദങ്ങളും എന്താണ് പറയാൻ ആഗ്രഹിച്ചതെന്നുമാണ് റഫീഖ് അഹമ്മദിന്റെ വരികളിൽ തെളിയുന്നത്.

Ennu Ninte Moideen എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ നിന്ന്

ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനോടകം ജനമനസുകളെ അത് കീഴടക്കിക്കഴിഞ്ഞു. ഈണവും വരികളും ആലാപനവും പ്രതിഭയുടെ നിലാവെട്ടത്തിൽ എത്രത്തോളം അമൂല്യമാണെന്നുള്ളതിനുള്ള തെളിവ്. ഭൂമിയിലേക്ക് ദൈവമയച്ച ഗന്ധര്‍വൻ യേശുദാസും, സംഗീതത്തിന്റെ പാദം തൊട്ട് പ്രയാണം നടത്തുന്ന രമേശ് നാരായണനും അഭ്രപാളികളിൽ അർഥവത്തായ വരികൾ കുറിച്ച റഫീഖ് അഹമ്മദും ഒന്നുചേർന്ന ഈ ഗീതം കാലാതീതമാണ്. ‌കാൽചുവടിനടിയിലെ മണ്ണുപോലെ സത്യമാണ് ഈ മൂന്ന് സാന്നിധ്യങ്ങളും എന്നുള്ളതുകൊണ്ടു തന്നെ കാലത്തിന്റെ കുത്തൊഴുക്കിന് ഈ ഗീതത്തെയും മായ്ക്കാനാകില്ല.

ആർ എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീനിലെ ഏറ്റവും ഹൃദയഹാരിയായ സംഭാഷണങ്ങളിലൊന്നാണിത്...മൊയ്തീൻ പറയുന്നു,‘‘എടീ, ഈ പുഴയുടെ കരപിടിച്ച് നടന്നാൽ അറബിക്കടലാ.. അതിനി എത്ര കടവത്ത് ഏത് തോണിക്കാരൻ കുത്തിനിർത്തിയാലും ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിൽ എത്ത്വതന്നെ ചെയ്യും! ഇരുവഴിഞ്ഞി അറബിക്കടലിന്ള്ളതാണെങ്കി.. കാഞ്ചനമാല മൊയ്തീനുള്ളതാ...

ഈ ഗീതം കാലത്തിനുള്ളതും.