Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ...

kallayi-katavathu

കല്ലായി കടവത്തെ പെയ്ത നിലാവിലൂടെ ഊർന്ന് വീണിട്ടുണ്ട് ഒരുപാടീണങ്ങൾ. പാതിരാക്കാറ്റ് കുസൃതി കാണിച്ചെത്തുന്ന ജനലഴികൾക്കിടയിലൂടെ...പാതിവിടർന്ന മുല്ലമൊട്ടിനെ തേടിയെത്തുന്ന നിശാശലഭത്തിന്റെ വർണപ്പൊട്ടുവിതറിയ ചിറകിനുള്ളിലൂടെ...കാതുകളെ ചുംബിച്ചുകൊണ്ടേയിരിക്കുന്ന ഒരായിരം പാട്ടുകൾ. കല്ലായി കടവത്തിരുന്നെഴുതുവാൻ ഈണമിടാൻ അവിടെ ചുംബിച്ചു വിടരുന്ന പ്രണയം കാണുവാൻ അറിയാത്ത തീരത്തണയാൻ കൊതിക്കുന്ന ഓളങ്ങളെ കണ്ടിരിക്കുവാൻ നമ്മുടെ ചലച്ചിത്രങ്ങൾക്കും സാഹിത്യ ലോകത്തിനും ഒരുപാടൊരുപാടിഷ്ടമാണ്. ആ ഇഷ്ടങ്ങളാണ് കഥകളായും പാട്ടുകളായും പുനർജനിച്ചുകൊണ്ടേയിരിക്കുന്നത്.

അതിരുകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ആത്മാവറിയിച്ച ചലച്ചിത്രം, പെരുമഴക്കാലത്തിലുമുണ്ട് കല്ലായി കടവത്തെ കാറ്റിനെ കുറിച്ച് ചോദിച്ചു തുടങ്ങുന്ന ഒരു പാട്ട്. കല്ലായി കടവത്ത് വിരി‍ഞ്ഞ ചലച്ചിത്ര ഗാനം, സുറുമയും വാസന തൈലവും പട്ടുറുമാലും കരിവളയും സമ്മാനമായി കൊടുക്കുന്ന മണിമാരനെ കുറിച്ച് പാടുന്ന പുന്നാര പാട്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി, എം ജയചന്ദ്രൻ സംഗീതം നൽകിയ ഗാനം. ഭാവഗായകന്റെ സ്വരത്തിൽ, ചിലങ്കമണി പോലുള്ള സുജാതയുടെ നാദത്തിൽ കേട്ട ഗാനം. നിലാവ് പോലും കൊതിച്ചു പോകും ഈ വരികളില്‍ പ്രണയം കേട്ടാൽ. കൈതപ്രത്തിന്റെ എഴുത്തും ജയചന്ദ്രന്റെ ഈണവും പിന്നെ പി ജയചന്ദ്രനും സുജാതയും ചേർന്ന് ആലപിക്കുക കൂടിയാകുമ്പോൾ മനസു കീഴടങ്ങിപോകും. പി ജയചന്ദ്രന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണിതെന്ന് പറയാന്‍ കഴിയും. സുജാതയുടെയും.. 

കൈതപ്രം എഴുതിത്തുടങ്ങിയിരിക്കുന്നത് കല്ലായി കടവത്തെ കാറ്റിനോട് അവന്‍ അവളെ കാണാനെത്തുന്നില്ലേയിന്ന് ചോദിച്ചുകൊണ്ടാണ്. ഇല്ലന്നവൾ‌ പറയുമ്പോൾ മധുമാസ രാവിലെ വെൺചന്ദ്രനായി അരികത്ത് എത്തിയിട്ടും കണ്ടില്ലേയെന്ന് മറുചോദ്യം. പാതിരമയക്കം മറന്നിരിക്കുന്നവൾക്ക്  കരളിന്റെ മണിയറ തുറന്നുവച്ചിരിക്കയാണ് അവൻ.  അവന്റെ സമ്മാനങ്ങൾക്കപ്പുറം, അവനാഗ്രഹിക്കും പോലെ അവന്റെ നെഞ്ചിലെ ചൂടാണ് അവൾ കൊതിക്കുന്നത്. കടവത്ത് തോണിയിറങ്ങി അവളുടെ കരിവള കൈപിടിച്ച് അവൻ നടക്കുമ്പോൾ ലാവിന് പോലും കൊതി തോന്നിപോകുമത്രേ...നിഷ്കളങ്കമായ പ്രണയചിന്തകൾക്കപ്പുറം യാത്ര തുടങ്ങുകയാണവർ. പ്രണയവും പ്രണയചിന്തകളും മാറിപ്പോയെന്ന് പറയുമ്പോഴും ഈ വരികൾ മനസിലങ്ങ് കുടുങ്ങിക്കിടക്കയാണ്. നൊമ്പരത്തിന്റ കാത്തിരിപ്പിന്റെ സങ്കല്‍പത്തിന്റെ ആഴങ്ങളുള്ള വരികളും ആലാപനവും നമ്മെ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

ഗാനം

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ

മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല

ഖൽബിലെ മൈന ഇന്നും ഉറങ്ങീല

മധുമാസ രാവിൽ വെൺചന്ദ്രനായ് ഞാൻ

അരികത്തു നിന്നിട്ടും കണ്ടില്ലേ?

(കല്ലായി കടവത്തെ)

പട്ടുതൂവാലയും വാസന തൈലവും

അവൾക്ക് നൽകുവാനായി കരൂതീ ഞാൻ

പട്ടുറുമാല് വേണ്ട

അത്തറിൻ മണം വേണ്ട

നെഞ്ചിലെ ചൂട് മാത്രം മതിയിവൾക്ക്

കടവത്ത് തോണിയിറങ്ങാം 

കരിവള കൈപിടിക്കാം

അതുകണ്ട് ലാവ് പോലും കൊതിച്ചോട്ടെ

(കല്ലായി കടവത്തെ)

സങ്കല്‍പ ജാലകം പാതിതുറന്നിനി 

പാതിരാമയക്കം മറന്നിരിക്കാം

തലചായ്ക്കുവാനായി നിനക്കെന്നുമെന്റെ 

കരളിന്റെ മണിയറ തുറന്നുതരാം

ഇനിയെന്തു വേണം എനിക്കെന്തു വേണമെൻ

ജീവന്റെ ജീവൻ കൂടെയില്ലേ?

(കല്ലായി കടവത്തെ)

Your Rating: