Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ

Author Details
A J Joseph ഗിറ്റാർ ജോസഫ്

വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കഥാപാത്രം യേശുദാസിന്റെ ശബ്ദത്തിൽ അറബന മുട്ടി പാടുന്നു:

‘കാരുണ്യ കതിർവീശി

റംസാൻപിറ തെളിയുമ്പോൾ

കരളുകളിൽ കനിവിന്റെ

കുളിരൂറിടുന്നിതാ...

അങ്ങനെ മലയാള സിനിമാഗാന ചരിത്രത്തിലെ ഏറ്റവും മികച്ച റമസാൻ ഗാനം പിറന്നു. ചിത്രം: ‘ഈ കൈകളിൽ(1986). സിനിമ അത്ര വിജയമായില്ലെങ്കിലും പാട്ട് ഹിറ്റായി. പ്രത്യേകിച്ചു മലബാറിൽ. ഇന്നും റമസാൻ പ്രമേയമായ സിനിമാ ഗാനങ്ങളിൽ ആദ്യം നാവിൻ തുമ്പിൽ വരുന്നത് ഇതാണ്. ഈ തികഞ്ഞ ഭക്തിഗാനത്തിന്റെ സംഗീതം ഒരു മാപ്പിള പശ്ചാത്തലവും ഇല്ലാത്തയാളാണു സൃഷ്ടിച്ചതെന്നു വിശ്വസിക്കാൻ കഴിയുമോ? അതിനു മുൻപോ പിൻപോ ഒരു മാപ്പിളഗാനം ഇയാൾ സംഗീതം ചെയ്തിട്ടില്ല. ഒറ്റ പാട്ടിലൂടെ മാപ്പിള ഭക്തിഗാന ചരിത്രത്തിൽ കയ്യൊപ്പിട്ട പ്രതിഭയാണു കോട്ടയം സ്വദേശിയായ എ.ജെ. ജോസഫ്.

മറ്റൊരു പേരിലാണ് ഇദ്ദേഹം പ്രശസ്തനായത് – ഗിറ്റാർ ജോസഫ്. അതേ, ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ക്രിസ്മസ് കാരൽ ഗാനത്തിന്റെ സ്രഷ്ടാവ്. വിൽപ്പനയിൽ റെക്കോർഡിട്ട തരംഗിണിയുടെ ‘സ്നേഹപ്രതീകം എന്ന കസെറ്റിന്റെ ശിൽപ്പി.

ചിത്രയ്ക്ക് ആദ്യസംസ്ഥാന അവാർഡ് (1985) ലഭിച്ച ‘ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....(എന്റെ കാണാക്കുയിൽ) എന്ന അനശ്വര സംഗീതം ജോസഫിന്റേതായിരുന്നു എന്ന് ഓർമിക്കുന്നവർ ഇന്നു ചുരുക്കം.

Yahoodiyayile...

തുടർന്നുവന്ന ‘കുഞ്ഞാറ്റക്കിളികളിലെ നാലു പാട്ടും ശ്രദ്ധേയമായി. ഇതിലെ ‘ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽമണ്ഡപം... ഇന്നും യൂട്യൂബിൽ ഒട്ടേറെപ്പേർ ആസ്വദിക്കുന്നു. ഇങ്ങനെ കത്തിനിന്ന കാലത്താണ് കെ. മധു സംവിധാനം ചെയ്ത ‘ഈ കൈകളിൽ എന്ന ചിത്രത്തിന്റെ സംഗീത ചുമതല ജോസഫിനെ ഏൽപ്പിക്കുന്നത്. എന്റെ കാണാക്കുയിലിന്റെ നിർമാതാവായ പ്രേംപ്രകാശ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിർമാതാവ്. കാരുണ്യ കതിർവീശി...യുടെ പിറവിയെപ്പറ്റി ജോസഫ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

‘മാപ്പിള ശൈലിയിലുള്ള ഗാനങ്ങൾ മുൻപ് ചെയ്തിട്ടില്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ, ഞാൻ തന്നെ ചെയ്യണമെന്നു നിർമാതാവിനും സംവിധായകനും നിർബന്ധമായിരുന്നു. അന്നുവരെ ഞാൻ മാപ്പിള ഗാനങ്ങൾ കേൾക്കുകയല്ലാതെ പഠിച്ചിരുന്നില്ല. കുറേ പാട്ടുകൾ കേട്ട് അവയുടെ ശൈലി സൂക്ഷ്മമായി മനസ്സിലാക്കി. അങ്ങനെയാണ് ഈ സംഗീതം ചെയ്തത്. പാട്ട് പുറത്തിറങ്ങിയശേഷം ഒട്ടേറെപ്പേർ അനുമോദനവുമായെത്തി.

തൊട്ടതെല്ലാം പൊന്നാക്കിയ ജോസഫ് ഏതാനും സിനിമകളേ ചെയ്തുള്ളൂ. സിനിമാലോകത്തു പിടിച്ചുനിൽക്കാൻ വേണ്ട മെയ്​വഴക്കം അഭ്യസിക്കാൻ അദ്ദേഹം തയാറായില്ല. ചെന്നൈയിൽ ‘കടൽകാക്ക എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം കോട്ടയത്തേക്കു മടങ്ങി. അതു മലയാള സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസ്സുള്ള ജോലിയാണു ഭക്തിഗാനങ്ങൾക്കു സംഗീതം പകരുന്നത്. അദ്ദേഹം പറയുന്നു.

പിൽക്കാലത്ത് ഭക്തിഗാനങ്ങൾക്കു സംഗീതം ചെയ്തും സംഗീതം പഠിപ്പിച്ചും അദ്ദേഹം മുന്നോട്ടു പോയി. ഇപ്പോൾ രോഗബാധിതനായി കോട്ടയത്തെ വീട്ടിൽ വിശ്രമത്തിൽ. ‘വളരെ കഴിവുള്ള മ്യൂസിക് ഡയറക്ടർ ആണ് ജോസഫ്. ദൗർഭാഗ്യംകൊണ്ടു മാത്രമാണ് അദ്ദേഹം ഉയരങ്ങളിൽ എത്താതിരുന്നത്. ഞങ്ങൾ ഒന്നിച്ചു ചെയ്തതെല്ലാം ഹിറ്റായിരുന്നു. വളരെ സമർഥനായിരുന്നതുകൊണ്ട് എല്ലാത്തരം സംഗീതവും ചെയ്യാൻ അദ്ദേഹത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അതുകൊണ്ടുതന്നെയാണ് മാപ്പിളശൈലിയിലുള്ള ഈ പാട്ടും അദ്ദേഹത്തെ വിശ്വസിച്ച് ഏല്പിച്ചത്. ഇന്നും മലയാള സിനിമകളിലെ ഏറ്റവും നല്ല റമസാൻ ഗാനം ഇതു തന്നെയാണ്. നിർമാതാവ് പ്രേം പ്രകാശ് ‘മനോരമയോടു പറഞ്ഞു.

Karunya kathir veeshi...

അന്യമതസ്ഥർ എഴുതി ഹിറ്റാക്കിയ എത്രയോ ഭക്തിഗാനങ്ങൾ മലയാളത്തിലുണ്ട്.

കാലിത്തൊഴുത്തിൽ പിറന്നവനേ...(യൂസഫലി കേച്ചേരി), സത്യനായകാ മുക്തി ദായകാ... (ശീകുമാരൻ തമ്പി), രക്ഷകാ എന്റെ പാപഭാരമെല്ലാം... (പി.കെ. ഗോപി)... അങ്ങനെ ഒട്ടേറെ ഉദാഹരണങ്ങൾ. ആ നിരയിൽ ചേർക്കാവുന്ന ഗാനമാണ് ‘കാരുണ്യ കതിർവീശി.... കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി.... (ചിത്രം: നീലക്കടമ്പ്) എന്നെഴുതിയ കെ. ജയകുമാറിന്റെ അതേ തൂലികയിലാണ് ‘കാരുണ്യ കതിർവീശി... എന്ന കരളിൽ കനിവൂറുന്ന ഗാനവും പിറന്നത്. ചരണത്തിലെ

‘ജീവിതത്തെരുവീഥികളിൽ

ദുഃഖവുമായ് നാമലയുമ്പോൾ

നബിവചനപ്പൂന്തേൻ മഴയിൽ

നെഞ്ചകപ്പൂ നിറയേണം

കദനത്തിൻ കരിമുകിലോ

ഒരു കാറ്റിൽ ചിതറേണം...

എന്ന വരികളിൽ ഭക്തി കവിതയാവുന്നു. റമസാൻ കാലത്തെ ആത്മീയവെളിച്ചമാവുന്നു ഈ ഗാനം. ഒരു കൗതുകം കൂടിയൂണ്ട്. ഗിറ്റാർ ജോസഫ് സംഗീതം നൽകിയ എല്ലാ സിനിമാഗാനങ്ങളുടെയും രചന നിർവഹിച്ചതു കെ. ജയകുമാറാണ്.