Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂത്തമ്പലത്തിൽ വെച്ചോ ... നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ

appu-movie

മനസ്സിലെ പ്രണയ ഭാവത്തെ കണ്ണുകളിലൂടെ കൈമാറുകയും ആ സന്ദേശം കണ്ണിലൂടെ മനസ്സിലക്ക് ആവാഹിച്ചെടുക്കുകയും ചെയ്യുന്നതാണ് പ്രണയത്തിലെ സാധാരണത്വം. ചില പാട്ടുകളിലും ആ സാധാരണത്വം അങ്ങനെ നിറഞ്ഞു നിൽക്കും. കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ... കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ... അപ്പുവിലെ ഈ പാട്ടിലും നിറഞ്ഞുനിൽക്കുന്നത് ആ സാധാരണത്വമാണ്. സ്വപ്നങ്ങൾക്കുമേൽ സ്വപ്നങ്ങൾ പൂക്കുന്ന പ്രണയത്തിൻറെ ഓരോ വഴിപ്പച്ചയിലും കാറ്റെന്ന പോലെ വന്നുരുമ്മുകയാണ് ഓരോ വരിയും. ഒരിക്കൽ കൂടി കേട്ടിരുന്നെങ്കിൽ എന്ന് കൊതിച്ചിരുന്നതുപോലെ മനസ്സ് തുടുക്കും. നിഷ്കളങ്കപ്രണയത്തിന്റെ കുസൃതി നിറഞ്ഞ ഒരു ഗാനം.

പെണ്ണിന്റെ ഭംഗിയും പാട്ടിന്റെ ഭംഗിയും അത്രമേൽ വർണ്ണിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. അമ്പലത്തിലെ വിളക്കുപോലും അവളുടെ മുഖം കണ്ട് കൊതിച്ചിരിക്കുകയാണ്, അത്രമേൽ സുന്ദരിയാണ് അവൾ. ഒരു നാടൻപെണ്ണിന്റെ സൗന്ദര്യവും നാണവും എല്ലാം നിറഞ്ഞു നിൽക്കുന്നു ഈ പാട്ടിൽ. പശ്ചാത്തലത്തിലെ ഓരോ ഉപകരണത്തിനും മനോഹരമായ വ്യക്തിത്വം സമ്മാനിക്കുന്ന കമ്പോസിഷൻ എപ്പോഴും കേൾവിക്കാരൻറെ മനം നിറയ്ക്കും. ടി. സുന്ദരരാജന്റെ ഈണത്തിൽ പരമ്പരാഗത - ആധുനിക ഉപകരണങ്ങളുടെ കൃത്യമായ സമ്മേളനമുണ്ട്. കേട്ടിരിക്കുമ്പോൾ പാട്ടിൽ നിറഞ്ഞു നിൽക്കുന്നവളെപ്പോലൊരുവൾ മുന്നിൽ വന്നപോലെ തോന്നും. തബലയുടെ മുഴക്കമാണ് പാട്ടിന്റെ ഹൈലൈറ്റ്. എം. ജി. ശ്രീകുമാറിന്റെ ശബ്ദത്തിൽ തന്റെ കാമുകിയെ വർണ്ണിക്കുന്ന കാമുകന്റെ നിറഞ്ഞ ഭാവമുണ്ട്.

1990 ലാണ് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അപ്പു പുറത്തിറങ്ങുന്നത്. മോഹൻലാൽ, സുനിത, മുരളി എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചവയായിരുന്നു.

ആ ഗാനം

ചിത്രം: അപ്പു
സംഗീതം: ടി. സുന്ദരരാജൻ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: എം.ജി. ശ്രീകുമാർ

കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ

കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
(കൂത്തമ്പലത്തിൽ)

നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതനനം
നംതന നംതന നംതനനം

പൂമാലക്കാവിലെ പൂരവിളക്കുകൾ നിൻ
തൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു (2)
തെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടും
തെന്നലെന്റെ നെഞ്ചം തകർത്തു
(കൂത്തമ്പലത്തിൽ)

നംതന നംതന തനതനനം തനനംതന നംതന തനതനനം
നംതന നംതന തനതനനം തനനംതന നംതന തനതനനം
നംതന നംതന
നംതന നംതന

ചേലൊത്ത കൈകളാൽ ഓട്ടുകൈവട്ടകയിൽ
പായസം കൊണ്ടുവന്നപ്പോൾ
നിന്റെ കളി ചുംബനത്താൽ ഹൃദയത്തിൽ സ്മൃതി പെയ്ത (2)
പാൽമധുരം ചുണ്ടിൽ കിനിഞ്ഞു
ശൃംഗാര പാൽമധുരം ചുണ്ടിൽ കിനിഞ്ഞു
(കൂത്തമ്പലത്തിൽ) 

Your Rating: