Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ, വേടൻ കുരുക്കും കടങ്കഥയിക്കഥ

പാട്ടിലൂടെ കൊച്ചു കൊച്ചു കഥകൾ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഗാന രചയിതാവാണ് ബിച്ചു തിരുമല. സിനിമയുടെ സാഹചര്യം ആവശ്യപ്പെടുന്ന പാട്ടുകളിൽ ആ സിനിമയുടെ കഥകൾ തന്നെയാണ് അദ്ദേഹം കുറിച്ചിട്ടത്. അതിന് ഒരു അന്യാപദേശ കഥകളുടെ ഛായയുണ്ടാകുമായിരുന്നു. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ലല്ലല്ലം ചൊല്ലുന്ന ചെല്ലക്കിളികളെ... എന്ന ഗാനം ഇതിന് മികച്ച ഉദാഹരണമാണ്. ഒരു പറ്റം ഗുണ്ടകളുടെ ആധിപത്യത്തിൽ കഴിയുന്ന ഒരു പ്രദേശത്തിന്റെ കഥയാണ് വിയറ്റ്നാം കോളനി പറഞ്ഞത്. നാട്ടുകാർക്ക് ഒന്നിച്ചു നിന്നു അതിൽ നിന്നൊരു മോചനം സാധ്യമാണെന്നാണ് നായകൻ കഥ പറയുന്ന മട്ടിലുള്ള ഈ പാട്ടിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. കിളികളുടെ ഒന്നിച്ചുള്ള പ്രയത്നത്തിൽ വേടന്റെ വല പൊട്ടിച്ച് പറന്നുയരുന്നതാണ് പാട്ടിൽ പറയുന്ന കഥ.

വളരെ കുറച്ചു പാട്ടുകളിലൂടെ മലയാളിയുടെ മനസിൽ ഏറെ സ്ഥലം സ്വന്തമാക്കിയ സംഗീതസംവിധായകൻ എസ്.ബാലകൃഷ്ണനാണ് വിയറ്റ്നാം കോളനിയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസാണ് ലല്ലംല്ലം ചൊല്ലുന്ന ഗാനം ആലപിച്ചത്. മോഹൻലാൽ, കനക എന്നിവരും ഒരു പറ്റം കുട്ടികളുമായിരുന്നു ഗാനരംഗത്തിൽ എത്തിയത്. എം.ജി.ശ്രീകുമാർ, മിൻമിനി, സുജാത, കല്ല്യാണി മോനോൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു ഗായകർ.

1994ൽ ഹിറ്റ്കൂട്ടുകെട്ടായ സിദ്ധിഖ്—ലാലിന്റെ സംവിധാനത്തിലാണ് വിയറ്റ്നാം കോളനി പുറത്ത് വന്നത്. മോഹൻലാൽ, കനക, നെടുമുടിവേണു, കവിയൂർ പൊന്നമ്മ, കെ.പി.എ.സി.ലളിത, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ധിഖ്—ലാൽ മോഹൻലാലിനെ നായകനാക്കി എടുത്ത ആദ്യ ചിത്രമായ വിയറ്റനാം കോളനി ആ വർഷത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു. പാട്ടുകളെല്ലാം ജനഹൃദയങ്ങൾ നിത്യഹരിതമായി ഇന്നും മൂളിനടക്കുന്നു.

ഗാനം

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ

വേടൻ കുരുക്കും കടങ്കഥയിക്കഥ

ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ

ഇല്ലില്ല സുല്ലെങ്കിലില്ലില്ല സമ്മാനം

നീലക്കുരുവികളും ചോലപ്പറവകളും

മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വലവിരിച്ചു

ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു

പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു

കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി

തച്ചും ചിറകിട്ടടിച്ചമാ പാവങ്ങളാവലയ്ക്കുള്ളിൽ കുഴഞ്ഞുപോയി

(നീലക്കുരുവികളും)

വേടൻ വരുന്നേ കാടൻ വരുന്നേ

കൂടൊരു മാടനുണ്ടേ

കൂട്ടരും കൂടെയുണ്ടേ

കാടും കുടുക്കി മേടും കുലുക്കി

ചാടിത്തിമിർക്കണുണ്ടേ

ആയുധം കയ്യിലുണ്ടേ

കല്ലേലെല്ലാം രാകുന്നേ

കത്തിക്കു വാൾത്തല ഏറ്റുന്നേ

ചുള്ളിയും കൊള്ളിയും കൂട്ടുന്നേ

കത്തിക്കു തീയെല്ലാം പൂട്ടുന്നേ

വെള്ളം തിളയ്ക്കുമ്പോ ഉള്ളം പിടയ്ക്കുമ്പോ

പൈങ്കിളിപ്പാവങ്ങളെന്തു ചെയ്യും

ആരൊണ്ടുരത്തരം കണ്ടെടുക്കാൻ

(ലല്ലലം ചൊല്ലുന്ന)

മാനത്തു നിന്നും മാടത്തയൊന്നാ

നേരത്തു വന്നിറങ്ങി

താഴെപ്പറന്നിറങ്ങി

ആ വലയ്ക്കുള്ളിൽ ജീവൻകൊതിക്കും

പാവങ്ങളോടു ചൊല്ലി

ഒന്നിച്ചു നിന്നുകൂടേ

വേറെ വേറെ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ

ഒന്ന് രണ്ട് മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്

കണ്ണും മിഴിച്ചങ്ങ് കാടന്മാർ നിന്നപ്പോൾ

ആ വല വീണു തലയ്ക്കു മീതെ

കാടത്തം സ്വന്തം വലയ്ക്കകത്തായി.

(നീലക്കുരുവികളും)