Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകാറ്റ് വഴിയേ ഒരു പാട്ടുകപ്പൽ

Author Details
Madonna - Rebel Heart

ഭൂമി കറങ്ങുന്നതു സംഗീതത്തിന്റെ അച്ചുതണ്ടിലാണെന്നു വിശ്വസിക്കുന്നൊരു അമേരിക്കൻ ഗായിക കഴിഞ്ഞമാസം ഒരു ലോകപര്യടനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങി വൻകരകളെ വലംവച്ചുകൊണ്ടൊരു പെൺകാറ്റിന്റെ പാട്ടുസഞ്ചാരം. കരയും കടലേഴും ചുറ്റിവരാൻ പാട്ടിനോളം പോന്നൊരു പായ്‌ക്കപ്പലില്ലെന്ന് അറിയാമായിരുന്നിരിക്കണം ഈ ഗായികയ്‌ക്ക്. ഈണങ്ങളുടെ കൈപിടിച്ചു പോയ അത്തരം പല യാത്രകളുടെ ഓർമക്കുറിപ്പുകളുണ്ട് ഈ ഗായികയ്‌ക്ക് സ്വന്തം ജീവചരിത്രത്തിൽ എഴുതിച്ചേർക്കാൻ. ഓരോ യാത്രയിലും അവരെ വരവേറ്റു ഓരോ ദിക്കിലെയും സ്വരദ്വീപുകൾ... ആദ്യമായി കാതോർത്ത പലരും ആ പെൺസംഗീതത്തിലേക്ക് അനുരാഗസ്‌നാനം ചെയ്യപ്പെട്ടു. ഓരോ പാട്ടിനൊടുവിലും ഒരു മൗനം വിലപിക്കുംപോലെ ഓരോ യാത്രയ്‌ക്കൊടുവിലും ആരാധകർ പ്രിയഗായികയുടെ മടങ്ങിവരവിനു കണ്ണുംനട്ട് കാത്തിരിപ്പു തുടർന്നു. പിൽക്കാലം ഈ യാത്രാനുഭവങ്ങൾക്കൊപ്പമായിരിക്കും ലോകം ഈ ഗായികയുടെ പേര് ചേർത്തുവായിക്കുക:

മഡോണ...

അമ്പത്തിയേഴാം വയസ്സിൽ തന്റെ പതിനൊന്നാമത്തെ ലോകസംഗീതപര്യടനത്തിനാണ് മഡോണ കഴിഞ്ഞമാസം തുടക്കമിട്ടിരിക്കുന്നത്. പതിമൂന്നാമത് സ്‌റ്റുഡിയോ ആൽബമായ ‘റിബൽ ഹാർട്ടി’ന്റെ ഈണങ്ങളുമായിട്ടാണ് ഇത്തവണ ഗായികയുടെ ലോകസഞ്ചാരം. 2015 മാർച്ച് 6നു പുറത്തിറങ്ങിയ റിബൽ ഹാർട്ട് ഇതിനകം തന്നെ ആരാധകർ അവരുടെ ഹൃദയത്തിലേറ്റുകയും ഹിറ്റ് ചാർട്ടുകളുടെ നിരയിൽ ഇടംനൽകുകയും ചെയ്‌തുകഴിഞ്ഞു.

പല മഡോണകളുടെ ഒരേ സ്വരം: റിബൽ ഹാർട്ട്

ഒരേ ഉടലിന്റെ അഴകതിരുകൾക്കുള്ളിൽ രണ്ടു സ്വരഹൃദയങ്ങൾ വീർപ്പുമുട്ടുന്നൊരു ഗായികയെ കേൾക്കാം, റിബൽ ഹാർട്ടിൽ. ആൽബത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ പ്രണയവും പ്രതികാരവും ഇഴചേരുന്ന പാട്ടുകളുടെ ശേഖരം. ഹൃദയത്തിന്റെ ഒരുപാതിയിൽ പ്രണയത്തിന്റെ പനിനീർപ്പൂ വാസനിക്കുമ്പോഴും മറുപാതിയിൽ മരണത്തിന്റെ കനൽ ചുവക്കുന്ന വരികൾ. പാതി പ്രണയിയും മറുപാതി പ്രതികാരിയുമാകുന്നൊരു പെൺഹൃദയത്തിന്റെ സംഗീതമിടിപ്പുകളിലൂടെയാണ് റിബൽ ഹാർട്ട് ആരാധകരെ കൊണ്ടുപോകുക.

ചില പാട്ടുകൾ ഉന്മാദശ്രുതി തിരയുന്നു. മറ്റുചിലതിൽ രൗദ്രഭാവം. ശൃംഗാരവും കരുണവും നവരസങ്ങളായി നിഴൽത്തംബുരു മീട്ടുന്ന പോലെ ഒരു അനുഭവം. ഓരോപാട്ടും പാടുന്നത് ഓരോ മഡോണ. ചില പാട്ടുകളിൽ അവൾ ഉന്മാദിനിയെപ്പോലെ; കാതോർക്കുന്നവരെ വിരൽതൊട്ടുണർത്തുന്നു. മറ്റു ചിലതിൽ അവളുടെ സ്വരമുദ്രകളിൽ രൗദ്രഭാവം. ചിലപ്പോൾ മൗനം പോലും മാദകം.

Madonna - Rebel Heart

മഡോണയുടെ ആത്മഗാനങ്ങളുടെ ശേഖരമെന്നു വിളിക്കാം റിബൽ ഹാർട്ടിനെ. ഈണങ്ങളിൽ പോലുമുണ്ട് ഈറൻ പെൺനിശ്വാസങ്ങൾ. ഗായികയുടെ പ്രണയവും ജീവിതവും തിരക്കാഴ്‌ചകളും കാണാപ്പുറങ്ങളും വരികൾക്കു പശ്‌ചാത്തലമൊരുക്കുന്നു. പരീക്ഷണമായിരുന്നു മഡോണയ്‌ക്ക് ഓരോ സംഗീതവേദിയും. പാട്ടീണം കേട്ടു കയ്യടിച്ചവർക്കൊപ്പം മഡോണയെ നോക്കി നെറ്റിചുളിച്ചവരും പലരുണ്ടായിരുന്നു. ലൈക് എ പ്രെയർ, ലൈക് എ വെർജിൻ തുടങ്ങിയ ആദ്യകാല ആൽബങ്ങളിലൂടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ആൺകോയ്‌മയുടെ ആഘോഷങ്ങളെയും ചോദ്യം ചെയ്‌തും വെല്ലുവിളിച്ചും ഒരു പെൺസ്വരം മുഴങ്ങിയപ്പോൾ മുതൽതന്നെ മഡോണയെ ചോദ്യമുനകളിൽ കോർത്തു നോവിച്ചുകൊണ്ടേയിരുന്നു ചിലർ. അവർക്കുള്ള മറുപടികൂടിയാണ് റിബൽ ഹാർട്ട്.

പാട്ടിന്റെ പിൻവഴിയിലൊരു അമ്മയില്ലാക്കുട്ടി

റിബൽ ഹാർട്ടിന്റെ വേരുകൾ ചെന്നുതൊടുക മഡോണയുടെ കുട്ടിക്കാലത്തിലേക്കാണ്. സിൽവിയോ അന്റോണി സിക്കോയിന്റെയും മഡോണ ലൂയിസ് ഫോർട്ടിന്റെയും മൂന്നാമത്തെ മകളായി 1958ൽ മിഷിഗണിലെ ബെയ് സിറ്റിയിലായിരുന്നു മഡോണയുടെ ജനനം. മഡോണയെ രാവുറക്കാൻ കഥകൾ പറഞ്ഞും അവൾക്കു വേണ്ടി കുഞ്ഞുടുപ്പുകൾ തുന്നിയും എന്നും അരികിലുണ്ടായിരുന്ന അമ്മയുടെ കാതിൽ മറ്റാരും കേൾക്കാതെ അവൾ മൂളിക്കൊടുത്ത ഏറ്റവും പ്രിയമുള്ള സ്വകാര്യങ്ങളായിരുന്നു മഡോണയുടെ ആദ്യഗാനങ്ങൾ. അമ്മക്കാതിൽ ഉമ്മകൾ പോലെ കൊഞ്ചിവീണ ആ കുഞ്ഞു കുഞ്ഞു പല്ലവികളിൽ നിന്നായിരുന്നു പാടിത്തുടക്കം. പക്ഷേ, ആ അമ്മക്കാതുകൾ അധികകാലം ഉണ്ടായിരുന്നില്ല മഡോണയെ വാരിപ്പുണർന്നു കേൾക്കുവാൻ.

ഉണരാത്ത ഒരുറക്കത്തിനൊടുവിൽ തൊട്ടുവിളിച്ചുണർത്താതെ എല്ലാവരും ചേർന്ന് അമ്മയെ പള്ളിമേടയിലെ സെമിത്തേരിയിലേക്കു കൊണ്ടുപോകുന്ന കണ്ണുനീരോർമ മാഞ്ഞുകാണില്ല മഡോണയുടെ മനസ്സിലിപ്പോഴും. അമ്മ പോയതോടെ കുഞ്ഞുമഡോണ മിണ്ടാതെയായി. അമ്മയ്‌ക്കു പകരം അച്‌ഛൻ മറ്റൊരാളെ ആ സ്‌ഥാനത്തേക്കു കൊണ്ടുവരാൻ ശ്രമിച്ചപ്പോഴൊക്കെ മഡോണ അലറിക്കരഞ്ഞുകൊണ്ടേയിരുന്നു. അമ്മ അവശേഷിപ്പിച്ച ശൂന്യതയ്‌ക്കു പകരമാകാൻ മറ്റാരെയും അവൾ അനുവദിച്ചില്ല. അമ്മയെ നഷ്‌ടപ്പെട്ടതോടെ മഡോണയ്‌ക്ക് അവളെത്തന്നെ നഷ്‌ടപ്പെടുകയായിരുന്നു. അതിൽപ്പിന്നെ അവൾ മുടിചീകിയൊതുക്കാതെയായി, നല്ല ഉടുപ്പുകളുടെ ചന്തമണിയാതെയായി. പെൺകൗമാരത്തിന്റെ പതിവുനാണം പോലും വെടിഞ്ഞ് ആരെയും കൂസാതെ ഒരു ജീവിതം. അതിനിടയിൽ അച്‌ഛൻ വേറെ വിവാഹം കഴിക്കുകകൂടി ചെയ്‌തതോടെ മഡോണ പഠനം പോലും പാതിവഴിയിൽ അവസാനിപ്പിച്ച് ജീവിതത്തിൽനിന്ന് ഒളിച്ചോടി.

ഇരുപതാം വയസ്സിൽ ന്യൂയോർക്കിലേക്കു പുറപ്പെട്ടുപോകുമ്പോൾ പോക്കറ്റിലുണ്ടായിരുന്ന വെറും 35 ഡോളർ മാത്രമായിരുന്നു മഡോണയുടെ ഏകസമ്പാദ്യം. ന്യൂയോർക്കിൽ അറിയപ്പെടുന്ന പല നർത്തകരുടെയും പിന്നണി സംഘത്തിൽ ചേർന്നുകൊണ്ടായിരുന്നു മഡോണയുടെ പിന്നീടുള്ള ജീവിതത്തുടക്കം. 1979ൽ ആണ് മഡോണ ചങ്ങാതിമാർക്കൊപ്പം ചേർന്ന് ആദ്യ റോക്ക് ബാൻഡ് ആയ ബ്രേക്ക്‌ഫാസ്‌റ്റ് ക്ലബ് ഉണ്ടാക്കുന്നത്. മഡോണയുടെ ആദ്യകാലം സിംഗിളുകളായ ‘എവരിബഡിയും, ബേണിങ് അപ്പും’ അമേരിക്കയിലെ നിശാനൃത്തശാലകളിൽ ലഹരിയായി നുരപതഞ്ഞു. എൺപതുകളുടെ ഒടുവിൽ ഫാഷൻ ലോകത്തിന്റെ പെൺപര്യായമായി മഡോണ മാറിക്കഴിഞ്ഞിരുന്നു.

Madonna - 'Rebel Heart'

രതിയുടെ ആഘോഷരാപ്പാടിയായും പ്രണയത്തിന്റെ പരിഭവപ്പെൺമൊഴിയായും വിധിവിലക്കുകളുടെ നിഷേധസ്വരമായും മഡോണയുടെ സംഗീതം മാറ്റൊലിക്കൊണ്ടു. ആദ്യത്തെ ആൽബത്തിനു മഡോണ എന്നു പേരിടുമ്പോൾത്തന്നെ പോപ് സംഗീതത്തിന് പുതിയ സ്വരവിലാസം സ്വയം പതിച്ചുനൽകുകയായിരുന്നു മഡോണ. തുടർന്ന് ലൈക്ക് എ വിർജിൻ, ട്രൂ ബ്ലൂ, ലൈക്ക് എപ്രെയർ, മ്യൂസിക്ക്, അമേരിക്കൻ ലൈഫ്, ഹാർഡ് കാൻഡി, എംഡിഎൻഎ... അങ്ങനെ ആരാധകരുടെ സിരകളിൽ മഡോണസംഗീതത്തിന്റെ ലഹരിചഷകങ്ങൾ നിറഞ്ഞുതുളുമ്പിക്കൊണ്ടേയിരുന്നു. റിബൽ ഹാർട്ടിന്റെ വശ്യസംഗീതവുമായി ലോകം ചുറ്റുന്ന മഡോണയെ കാത്ത് ഇന്നും ആരവങ്ങളോടെ കാത്തിരിക്കുന്നു കടലുകൾക്കപ്പുറം പ്രിയ സംഗീതസ്‌നേഹികൾ... മഡോണയുടെ ചുണ്ടുകളിലേക്കുറ്റു നോക്കി ആരാധകരും ആ വരികൾ ഹൃദയത്തിൽ ഏറ്റുപാടുന്നുണ്ടാവാം:

I just wanna have fun tonight

Put me under the flashing light

Ohhhhh, let me blow up this house tonight

We go hard or we go home

Bitch bitch, I'm Madonna...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.