Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളേ...പാതി മലരേ...

കടലോളം വാത്സല്യം ഉള്ളിലൊതുക്കി മകളെ കാത്തിരുന്ന അച്ഛന്‍. കാത്തിരുപ്പിനൊടുവിൽ പാതി വിരിഞ്ഞ മലരിന്റെ നൈർമല്ല്യത്തോടെ അരികിലെത്തിയ മകൾക്ക് ഒരായുസ്സു മുഴുവൻ കരുതി വച്ച സ്നേഹം പകർന്നു നൽകാൻ വെമ്പുന്ന മനസ്സിന്റെ വിങ്ങലായി പിറന്ന അവാച്യമായ സംഗിതാനുഭവം. എന്നോ നഷ്ടപ്പെട്ട സ്വപ്നങ്ങൾ അവളുടെ ചെറു ചിരിയിലൂടെ തിരികെയെത്തുന്നത് അയാളറിയുകയായിരുന്നു. കൊതുമ്പുകളിയോടമായി അലഞ്ഞ താൻ മകളെന്ന കാണാതീരത്തണഞ്ഞ നിമിഷം ആ അച്ഛന്റെ മനസ്സ് അറിയാതെ പാടിപ്പോവുകയാണ്..

മകളേ പാതി മലരേ നീ

മനസ്സിലെന്നെ അറിയുന്നോ

കനവും പോയ ദിനവും നിൻ

ചിരിയിൽ വീണ്ടും ഉണരുന്നോ

ഈ കൊതുമ്പു കളിയോടം

കാണാത്ത തീരമണയുന്നോ..

ഇന്നലെകളുടെ നൊമ്പരവും വീണ്ടെടുക്കലിന്റെ നിർവൃതിയും ഒന്നായിച്ചേർത്ത രവീന്ദ്രസംഗീതത്തിന്റെ മാസ്മരികത 'ചമ്പക്കുളം തച്ചന്‍' എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു. ബിച്ചു തിരുമലയുടെ വരികൾ ഗന്ധർവ്വനാദത്തിലൂടെ വാത്സല്ല്യമായി പെയ്തിറങ്ങിയപ്പോൾ മലയാളത്തിനു ലഭിച്ചത് എക്കാലത്തേയും മനോഹരമായ ഗാനങ്ങളിലൊന്നാണ്.

കുഞ്ഞുതാരമായ് ദൂരെ വന്നു നീ

മിന്നി നിന്നിരുന്നോമനേ

അന്നുറങ്ങാത്ത രത്രിയാൽ നിന്റെ

ഓർമ്മ തൻ നേവറിഞ്ഞു ഞാൻ

തളുകി വീണ്ടുമോരു തളിരു

പാൽനിലാവൊളി നുറുങ്ങുപോൽ എന്നെ നീ

അലസ മൃദുലമഴകേ

ആരിരാരാരി രാരിരോ

കൈക്കുഞ്ഞായിരിക്കെ തന്റെ കൺമണിയെ പിരിയേണ്ടി വന്ന അച്ഛന് ദൂരെ മിന്നുന്ന താരകമായിരുന്നു അവളെന്നും. അവളുടെ ഓർമ്മകൾ നോവു മാത്രം നൽകി ആ മനസ്സ് നീറ്റിയിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോഴും അകലെ, തന്റെ നിഴലിനെ പോലും ഭയന്ന് കഴിയുന്ന മകളെയോർത്ത് മാത്രം ജീവിക്കുകയായിരുന്നു അയാൾ. ഇരുൾ നിറഞ്ഞ വഴികളിൽ നിലാവൊളിയായി അവളുടെ ഓർമ്മകളുടെ മാത്രം കൂട്ടു തേടി അയാൾ വർഷങ്ങൾ താണ്ടി. കയ്യെത്തുന്ന ദൂരത്തിലെത്തിയട്ടും തന്റെ മനസ്സറിയാത്ത മകൾക്കായി ആ അച്ഛൻ വീണ്ടും കാത്തിരുന്നു..

ഇന്നിതാ എന്റെ കൈക്കുടന്നയിൽ

പഴയ പൂനിലാ താരകം

ഒരു പളുങ്കുപൊൻ ചിമിഴിനുള്ളിലേ

മൺചിരാതിന്റെ നാളമായ

കതിരിടുമ്പൊഴും കാറ്റിലാടാതെ

കാത്തിടും മനം കൺമണീ

ഹൃദയമിവിടെ നിറയും

ഇനിയുറങ്ങാരിരാരിരോ

ആരിരാരാരി രാരിരോ

ദൂരെ നിന്നു കണ്ടുകൊതിച്ച താരകം സ്വപ്നമെന്നോണം കൈക്കുമ്പിളിൽ വീണു കിട്ടിയ നിമിഷം അയാൾ വിതുമ്പിപ്പോകുന്നു. ഒരു ജന്മത്തിന്റെ വേദന മുഴുവൻ അവളുടെ സാമീപ്യത്തിലൂടെ അലിഞ്ഞില്ലാതാകുന്നത് അയാൾ അനുഭവിച്ചറിയുകയാണ്. കേൾക്കും തോറും സ്നേഹത്തിന്റെ അറിയാത്ത ഏതൊക്കെയോ തലങ്ങളിലേയ്ക്കാണ് ഈ ഗാനം നമ്മെ കൊണ്ടു പോകുന്നത്.

മൺചിരാതിനുള്ളിലെ നാളമെന്നപോലെ ആ അച്ഛന്റെ ജന്മസാഫല്ല്യമായി ഇനിയെന്നും അവൾ അരികിലുണ്ടാകും. കാറ്റിലടർന്നു വീഴാതെ നിറകതിരുപോലെ മകളെ മനസ്സിലേറ്റി താലോലിക്കുകയാണയാൾ..നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തിലെ പാടി മതിയാകാത്ത താരാട്ടായ്..