Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്റ്റുഡിയോ അടച്ചോളൂ, പക്ഷേ ഈ പാട്ടു നിർത്താൻ ആവില്ല’

malare song

20 വർഷം മുമ്പ്. വിദ്യാസാഗർ വളരെ ചെറുപ്പം. തന്റെ പുതിയ ചിത്രത്തിലെ ഏതാനും ഗാനങ്ങൾ പാടാൻ എസ്.പി. ബാലസുബ്രഹ്മണ്യം വന്നതിന്റെ സന്തോഷം. റിക്കോഡിങ് തുടരുകയാണ്. അടുത്ത പാട്ടിന്റെ കാര്യം പറയാൻ ചെന്നപ്പോൾ റിക്കോഡിങ് സ്റ്റുഡിയോയിലെ ക്ലോക്ക് ചൂണ്ടിക്കാട്ടി വിദ്യാസാഗറിനോട് എസ്പി പറഞ്ഞു –" രാത്രി എട്ടു മണിയായി. എട്ടു മണി കഴിഞ്ഞാൽ ഞാൻ പാടാറില്ല എന്നറിഞ്ഞു കൂടേ? ". ഓരോ ദിവസവും പരമാവധി പാട്ടു പാടി പണം സമ്പാദിക്കണമെന്ന മട്ടുകാരനല്ല എസ് പി. അദ്ദേഹം രാത്രി എട്ടിനുശേഷം റിക്കോഡിങ് നടത്താറില്ല എന്നു സംഗീതലോകത്ത് എല്ലാവർക്കും അറിയാം.

‘സർ ഇതു കൂടിയേ ഉള്ളൂ. നമുക്കു തീർക്കാമായിരുന്നു’.

‘സാധ്യമല്ല’ –എസ് പി കട്ടായം പറഞ്ഞു.

എസ്പി യുടെ ശീലങ്ങൾ അറിയാവുന്ന ഓർക്കസ്ട്രയിലെ തലമുതിർന്ന അംഗങ്ങൾ വിദ്യാസാഗറിനെ നോക്കി ഊറിച്ചിരിച്ചു.. അവരൊക്കെ പായ്ക്ക് ചെയ്തുകഴിഞ്ഞു.

എസ്പി മടങ്ങാനുള്ള ഒരുക്കത്തിലാണ്. ‘സാർ പാടേണ്ട. പക്ഷേ, ഇതൊന്നു കേട്ട് അഭിപ്രായം പറയാമോ? നമ്മുടെ പാട്ടിൽ എസ്. ജാനകി പാടിയ ഭാഗമാണ്. സാറിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ നിർദേശിച്ചാൽ രാവിലെ ആകുമ്പോഴേക്കും ഞാനത് ശരിയാക്കിവയ്ക്കാം. രാവിലെ നമുക്ക് ഒരു ടേക്കിൽ ഓകെ ആക്കാം.’ വിദ്യാസാഗർ പറഞ്ഞു.

S.P.Balasubramanyam and Vidyasagar എസ്.പി. ബാലസുബ്രഹ്മണ്യം, വിദ്യാസാഗർ

ഇറങ്ങാൻ തുടങ്ങുകയായിരുന്നു. എന്നാലും ഒരു ചെറുപ്പക്കാരനെ ഒരുപാടു നിരാശനാക്കേണ്ടല്ലോ എന്നു കരുതി ജാനകിയുടെ പാട്ട് കേൾക്കാൻ എസ്പി തയാറായി. ജാനകിയുടെ ആലാപനം കേട്ടു തീർന്ന ഉടനെ എസ്പി പറഞ്ഞു. ‘സ്റ്റുഡിയോ ഓൺ ചെയ്യൂ. ഞാൻ ഈ പാട്ട് ഇപ്പോൾത്തന്നെ പാടാൻ പോവുകയാണ്.’

പിന്നണിവാദകരാണ് കൂടുതൽ ഞെട്ടിയത്. കാരണം രാത്രി എട്ടിനുശേഷം എസ്പി പാടുന്ന ആദ്യ സംഭവം.

അദ്ദേഹം പാടി. ആദ്യ ടേക്കിൽത്തന്നെ ഓകെ. വിദ്യാസാഗറിന്റെ മനം നിറഞ്ഞു.

സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുനിന്ന വിദ്യാസാഗറിനെ അടുത്തു വിളിച്ച് എസ്പി പറഞ്ഞു.

‘എനിക്ക് ഒന്നു കൂടി പാടണം’.

‘വേണ്ട, ഇത് ഓകെയാണു സാർ’. ‘അല്ല, എനിക്ക് ഒന്നു കൂടി പാടണം. വാടക വേണമെങ്കിൽ ഞാൻ മുടക്കിക്കൊള്ളാം’.

എസ്പി വീണ്ടും പാടി. തൃപ്തിയായില്ല. വീണ്ടും വീണ്ടും പാടി. ഓരോ ടേക്ക് കഴിഞ്ഞപ്പോഴും വിദ്യാസാഗർ വിചാരിച്ചു. ഇതു പരമാവധിയാണ്. പക്ഷേ, എസ്പി നിർത്തിയില്ല. വീണ്ടും വീണ്ടും... പുതിയ പുതിയ ഭാവങ്ങൾ ചേർത്ത് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പാടിക്കൊണ്ടിരുന്നു. അർധരാത്രി ആകാറായപ്പോൾ വിദ്യാസാഗർ എസ്പിയുടെ അടുത്തുചെന്നു.

‘എന്താ സാർ ഇത്. മതി സാർ. ഒകെയാണു സാർ....’

‘നീ വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തോളൂ, സ്റ്റുഡിയോ അടച്ചോളൂ... പക്ഷേ, എനിക്ക് ഈ പാട്ട് നിർത്താൻ കഴിയുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തു പോലും എത്താൻ പറ്റുന്നില്ല’ എസ്പി യുടെ കണ്ണു നിറഞ്ഞിരുന്നു. വിദ്യാസാഗറും കരഞ്ഞുപോയി.

കർണാ (1995) എന്ന ചിത്രത്തിലെ ‘മലരേ മൗനമാ...’ എന്ന ഗാനമാണ് ഇത്. ഇന്ത്യ കണ്ട ഏറ്റവും നല്ല ഡ്യൂയറ്റുകളിൽ ഒന്നായി പരിഗണിക്കുന്ന ഗാനം. അർജുനും രഞ്ജിതയും ചേർന്ന് അഭിനയിച്ച പ്രണയരംഗം. വൈരമുത്തുവിന്റെ ഹൃദയഹാരിയായ രചന.

മലരേ മൗനമാ...

പാട്ടു തീരുമ്പോൾ ആരുടെയും കണ്ണുനിറഞ്ഞുപോകുന്ന അനുഭൂതി. പാട്ടുകാരനും ശ്രോതാവുമൊക്കെ ഒരുവേള ഗാനം മാത്രമായി മാറിപ്പോവുന്ന ഇന്ദ്രിയാതീതമായ അനുഭവം. സ്ത്രീ പുരുഷ ശബ്ദങ്ങൾ ഇത്ര മാത്രം ഇഴുകിച്ചേരുന്നതും പരസ്പര പൂരകമാവുന്നതും വിരളം.

എസ്പി ബാല സുബ്രഹ്മണ്യവും എസ്. ജാനകിയും എപ്പോഴൊക്കെ സ്റ്റേജിൽ ഒരുമിച്ചു വന്നാലും പാടാൻ മറക്കാത്ത ഗാനം. ഒരിക്കൽ തിരുവനന്തപുരത്തെ വേദിയിൽ ഈ ഗാനം എസ്പിയും ജാനകിയും പാടിത്തീർന്നപ്പോൾ ഒരു ചെറുപ്പക്കാരൻ സ്റ്റേജിൽ കയറി ഇരുവരുടെയും കാൽച്ചുവട്ടിൽ വീണു പൊട്ടിക്കരഞ്ഞത് ഓർക്കുന്നു.

വിദ്യാസാഗർ തന്റെ മാസ്റ്റർപീസ് എന്നേ ചെയ്തിരിക്കുന്നു !