Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ദാരച്ചെപ്പുണ്ടോ...മാണിക്യക്കല്ലുണ്ടോ

dasaradham

ജോൺസൺ മാസ്റ്ററെക്കുറിച്ചോർക്കുമ്പോൾ ഒരുപക്ഷേ ആദ്യം ഓർമയിലെത്തുന്നത് ഈ പാട്ടാകും. ഈണങ്ങളിലൂടെ മെലഡികളുടെ രാജാവിനൊരു ഓർമക്കൂടൊരുക്കിയാൽ അവിടെ ആദ്യം മൂളിക്കേൾക്കുന്നതും ഈ ഗാനം തന്നെയാകും. തൊടിയിൽ പൂത്തുലഞ്ഞ ഒരു മന്ദാരച്ചെടിയുടെ ഇതൾ പോലെ പാട്ടോർമകളിലെങ്ങും പൊഴിഞ്ഞു വീണും പിന്നെ പറന്നുയർന്നും ഇടയ്ക്കങ്ങനെ തൊട്ടുണർത്തിയും സാമിപ്യമറിയിക്കുന്ന ഗീതം. ഓരോ പാട്ടും ഓരോ ഓർമകളാണ്. പൂവച്ചൽ ഖാദർ എഴുതി ചിത്രയും എം ജി ശ്രീകുമാറും ചേർന്നു പാടിയ പാട്ട് നമ്മോടു പങ്കുവയ്ക്കുന്നതെന്താണ്. വാത്സല്യമാണോ, പ്രതീക്ഷയാണോ, സന്തോഷമാണോ, താരാട്ടിന്റെ സുഖമാണോ അതോ നോവാണോ? അല്ല. ഇവയെല്ലാം ചേർന്നതാണ്. 

മന്ദാരച്ചെപ്പുണ്ടോ...

മാണിക്യ കല്ലുണ്ടോ...

കയ്യില്‍ വാർമതിയേ...

പൊന്നും തേനും വയമ്പുമുണ്ടോ...

മലയാളത്തിലെത്തിയ ഏറ്റവും വ്യത്യസ്തമായ പ്രമേയത്തിന്റെ അവതരണമായിരുന്നു ദശരഥമെന്ന ചിത്രം തന്നെ. ഗർഭപാത്രം വാടകയ്ക്കെടുക്കുന്ന സ്ഥിതിവിശേഷത്തെ മലയാളിക്ക് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന കാലത്താണ് ലോഹിതദാസിന്റെ രചനാവൈഭവത്തിൽ ദശരഥമെന്ന ചിത്രം പിറവിയെടുക്കുന്നത്. മോഹന്‍ലാൽ അവതരിപ്പിക്കുന്ന രാജീവ് മേനോൻ എന്ന കഥാപാത്രം തനിക്കൊരു കുഞ്ഞിനെ കിട്ടുവാൻ ഒരു സ്ത്രീയുടെ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നു. ഒരു നൂറു പ്രതീക്ഷകളുമായി രാജീവ് ആ കുഞ്ഞിനെ കാത്തിരിക്കുകയാണ്. അവളിലെ ഓരോ മാറ്റമറിയുമ്പോൾ, തന്റെ വയറിനുള്ളിൽ പതിയിരുന്നു ആ കുഞ്ഞു കാണിക്കുന്ന വികൃതികളെ കുറിച്ച് അവൾ പറയുമ്പോൾ അയാൾ മറ്റെല്ലാം മറക്കുകയാണ്. സന്തോഷം മാത്രമുള്ള നിമിഷത്തിലാണ് ഈ പാട്ടെത്തുന്നത്. 

ചുറ്റും കാണുന്ന കാഴ്ചകളും കാതോരമെത്തുന്ന ശബ്ദങ്ങളും എല്ലാം അയാളിൽ താരാട്ടു പാട്ടിന്റെ ഈണം നിറയ്ക്കുന്നു. പകലുകളും രാവുകളും നിന്നും മാഞ്ഞും അകലുമ്പോഴും താഴ്‍വാരങ്ങളിൽ ഋതുഭേദങ്ങൾ വന്നുപോകുമ്പോഴും എല്ലാം മനസിൽ ചിന്ത ആ കുഞ്ഞു സാമിപ്യത്തെ കുറിച്ചാണ്. ഓരോ നിമിഷങ്ങളും സന്തോഷത്തിന്റെ നിറകുടങ്ങളാകുന്നു. മൗനം പോലും പാട്ടാകുന്ന അവസ്ഥ. അത്രയേറെ ആകാംഷയോടെയാണ് അയാൾ കുഞ്ഞിനെ കാത്തിരിക്കുന്നത്. പക്ഷേ....

കുഞ്ഞു പിറവിയെടുത്ത ശേഷം, അതിനെ വിട്ടുകൊടുക്കുവാൻ പക്ഷേ ആ സ്ത്രീ തയ്യാറാകുന്നില്ല. ഒടുവിൽ കുഞ്ഞിനെ അവർക്കു തന്നെ നൽകി രാജീവ് മേനോൻ മടങ്ങിപ്പോകുന്ന കാഴ്ച ആ നടനുള്ളിലെ അഭിനയത്തിന്റെ ആഴമറിയിക്കുന്ന നിമിഷങ്ങള്‍ കൂടിയാണ്. കഥാപാത്രമെന്ന ചട്ടക്കൂടിനെ പൊളിച്ചുകളഞ്ഞ് മോഹൻലാൽ എന്ന നടൻ വെള്ളിത്തിരയിൽ ജീവിക്കുകയായിരുന്നു. ചിത്രം ബാക്കിയാക്കുന്ന നോവും ചിന്തയും ഈ പാട്ടു കേൾക്കുമ്പോൾ നമ്മളിലേക്ക് ഒന്നുകൂടിയെത്തും‍...

Your Rating: