Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകിലിൻ മകളേ...

mukilin-makale

മഴനിഴലുകളുള്ളൊരു കുന്നിൻമുകളിൽ പതിഞ്ഞിറങ്ങിയ മുകിൽ പോലൊരു പിറവി. ഇടവപ്പാതിമഴ മണ്ണിലുപേക്ഷിച്ചു മടങ്ങിയ മഴത്തുള്ളിയുടേതു പോലെയായിരുന്നു അവളുടെയും കരച്ചിൽ; ജന്മവും. അനാഥത്വത്തിന്റെ നെരിപ്പോടിനും രക്തബന്ധത്തിനപ്പുറം സ്നേഹം നൽകിയ കുറേ മനുഷ്യർക്കുമിടയിൽ‌ ഒരു അപ്പൂപ്പൻതാടി പോലെ പറന്നുനടന്ന പെൺകുഞ്ഞ്. അവളുടെയും അവളുടെ അമ്മയുടെയും ജന്മം നൽകാതെ അവൾക്കച്ഛനായി മാറിയ അയാളുടെയും കൈവിട്ടുപോയ മനസ്സുമായി ജീവിക്കുന്ന കുറേ മനുഷ്യരുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ‘മകൾക്ക്’. 

 മുകിലിന്‍ മകളേ

പൊഴിയും കനവേ

വിണ്ണിൽനിന്നും മണ്ണിൽ വീണ

ജന്മ നൊമ്പരമേ

'ആകാശത്തെ താരകങ്ങളായിരുന്നു ആ പെൺകുഞ്ഞിനു കൂട്ട്. അവളുടെ കുഞ്ഞുകുഞ്ഞു സങ്കടങ്ങളിൽ നിലാവുപോലും തേങ്ങിപ്പോയി. അവളുടെ കവിളിലൊരു ഉമ്മ നൽകാൻ കാറ്റുപോലും കുന്നിറങ്ങി വന്നു. അമ്മിഞ്ഞപ്പാലുമായി തേടി വന്നു മുകിലമ്മ...' ആരുമില്ലാത്ത കുഞ്ഞിനെ പ്രകൃതി എങ്ങനെയാണു നെഞ്ചോടു ചേർക്കുന്നതെന്നു പറയുന്നത് കൈതപ്രമാണ്. പ്രകൃതിയുടെ, കടലിന്റെ, നിലാവിന്റെ താരാട്ടീണം നൽകിയത് രമേശ് നാരായണനും സ്വരഭേദങ്ങളിൽ കടലാഴം നിറച്ചു പാടിയതു മഞ്ജരിയുമാണ്. മുകിലിന്റെ മകൾക്ക് ഇതിലും നല്ലൊരീണം ഉണ്ടാകാനില്ല. 

ജനി-മൃതി-കർമബന്ധങ്ങളിലെവിടെയോ വന്നൊരു ചെറിയ പിഴവിന്റെ ബാക്കിപത്രമായി ഈ ഭൂമിയിൽ പിറന്നു വീഴുന്നുണ്ട് എത്രയോ ജന്മങ്ങൾ. മനുഷ്യരുടെ നോട്ടങ്ങളിൽ അവർ അനാഥരാണെങ്കിലും എല്ലാത്തിനും സാക്ഷിയായ പ്രകൃതിക്ക് അവർ അങ്ങനെയല്ല. അമ്മ പകരുന്ന ജീവശ്വാസം പോലെ കലർപ്പില്ലാത്ത സ്നേഹമൂട്ടുവാൻ പ്രകൃതിയുണ്ടാകും. അങ്ങനെ പറയുന്നു ഈ പാട്ട്.  അതുകൊണ്ടുതന്നെ ഭൂമിയിൽ അനാഥരായി ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണീ ഗാനം. നൊമ്പരങ്ങളുടെ ജന്മങ്ങൾക്കുള്ള താരാട്ട്... ഈ ഈണം കാതോടു ചേരുമ്പോൾ, അതു ഹൃദയത്തിലേക്കൊഴുകുമ്പോൾ ഒരു നോവ് പടർന്നു കയറുന്നുണ്ട്.

Your Rating: