Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റസൂലേ നിൻ കനിവാലേ...

kechery-yousafali

പാരാകെ പാടുകയായ് വന്നല്ലോ 

റബ്ബിൻ ദൂതൻ 

റസൂലേ നിൻ കനിവാലേ 

റസൂലേ നിൻ വരവാലേ...

റസൂലേ നിൻ വരവാലേ...ആത്മീയതയുടെയും സ്നേഹത്തിന്റെയും രാഗംകൊണ്ടാണ് ഈ പാട്ടൊരുക്കിയത്. ഇസ്ലാം സംസ്കാരത്തിലെ പദങ്ങളുപയോഗിച്ചു യൂസഫലി കേച്ചേരി രചിച്ച വരികളുടെ അർഥമെന്തെന്ന് പൂർണമായും നമ്മളുള്‍ക്കൊണ്ടിട്ടില്ലായിരിക്കാം. എങ്കിലും ആദ്യ കേൾവിയിൽ തന്നെ മനസുകീഴടക്കുവാനും പിന്നെ കാലാതീതമായി നമ്മുടെ പാട്ടിഷ്ടങ്ങളിൽ കൂടൊരുക്കുവാനും ഈ ഗാനത്തിനു കഴിഞ്ഞു. യേശുദാസെന്ന ഗന്ധർവ്വ ഗായകന്റെ ആലാപനഭംഗിക്കുമപ്പുറം  മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ഗീതത്തിനു. ദാസേട്ടൻ തന്നെ ഈണമിട്ട പാട്ടുതന്നെയാണിതെന്ന കൗതുകമാണത്. അദ്ദേഹം ഈണമിട്ട ഗാനങ്ങളിൽ ഏറ്റവും ശ്രദ്ദേയമായതും റസൂല നിൻ കനിവാലേ തന്നെ. 

തേൻകണം പൊഴിയുന്ന വരികളെഴുതിത്തന്ന കവിയാണ് യൂസഫലി കേച്ചേരി. ലാളിത്യം മുഖമുദ്രയാക്കിയ കവിതയെഴുത്തിന്റെ ഏറ്റവും മനോഹരമായ സമ്മാനമാണ് റസൂലേ നിൻ കനിവാലേ . പേരറിയാത്ത നൊമ്പരമാണു പ്രണയമെന്നു പാടിയ കവിയുടെ തൂലികയിൽ പിറന്ന ഏറ്റവും അർഥവത്തായ ഗീതങ്ങളിലൊന്ന‌ു തന്നെയാണിതും. എവിടെ നിന്നോ ഒഴുകിയെത്തുന്ന ഗാനം പോലെയാണ് റസൂലേ നിൻ കനിവാലേയെന്നു നമുക്കു തോന്നുന്നുവെങ്കിൽ അതിനു കാരണം യൂസഫലി-യേശുദാസ് പ്രതിഭാ സംഗമത്തിന്റെ പ്രതിബിംബമാണത്. ഖവ്വാലിയും മാപ്പിള സംഗീതവും ചേർത്ത ഫ്യൂഷനാണ് യേശുദാസ് ഈ പാട്ടിനു നൽകിയ ഈണം. അതേറെ ശ്രദ്ധേയമാകുകയും ചെയ്തു. ബോബൻ കുഞ്ചോക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന ചിത്രത്തിലേതാണീ ഗാനം. 

റസൂൽ എന്നാൽ പ്രവാചകനെന്നാണർഥം. അദ്ദേഹത്തോടുള്ള കരുണാർദ്രമായ പ്രാർഥനയാണീ ഗാനം. സങ്കടക്കടലിലാഴ്ന്നു പോയ ജന്മങ്ങൾക്കു സാന്ത്വനവും ഊർജ്ജവുമാകുവാൻ ഈ ഗീതത്തിനു കഴിയുന്നതും ഒരുപക്ഷേ ഇതുകൊണ്ടാകാം. നാളുകൾ നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമെത്തുന്ന പെരുനാൾ നാളിൽ നമ്മളേറ്റവുമധികം കേൾക്കുന്നതും ഓർക്കുന്നതും ഈ ഗാനം തന്നെയാണ്.  സുറുമയെഴുതിയ മിഴികളേ, പതിനാലാം രാവുദിച്ചത്, നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു തുടങ്ങി മൈലാഞ്ചി മൊഞ്ചുള്ള ഗാനങ്ങള്‍ ഒരുപാടെണ്ണം എഴുതിത്തന്നിട്ടുണ്ട് യൂസഫലി കേച്ചേരി. എങ്കിലും ഈ പാട്ടു തന്നെയാണു അന്നുമിന്നും നമുക്കേറെയിഷ്ടം. 

Your Rating: